ഇസ്‍ലാമാബാദ്: പാകിസ്താൻ നാഷനൽ അസംബ്ലിയിൽ ഇംറാൻ ഖാനെതിരായ അവിശ്വാസം പാസായതിന് പിന്നാലെ പ്രതികരണവുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ചെയർമാൻ ബിലാവൽ ഭൂട്ടോ. പഴയ പാകിസ്താനിലേക്ക് എല്ലാവർക്കും വീണ്ടും സ്വാഗതം എന്നായിരുന്നു ബിലാവലിന്റെ പ്രതികരണം. രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന തീയതിയാണ് ഇന്നെന്നും ബിലാവൽ പറഞ്ഞു.
ആഴ്‌ചകൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് ശേഷം ഇംറാൻ ഖാന്റെ ഭരണകക്ഷിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) സർക്കാർ ശനിയാഴ്ച അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. അർദ്ധരാത്രിക്ക് ശേഷം സഭ വീണ്ടും ചേർന്നതിന് ശേഷമാണ് അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടന്നത്. 342 അംഗ സഭയിൽ 174 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. തൽഫലമായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം ഭൂരിപക്ഷത്തിൽ പാസായി. ഇംറാൻ ഖാനെതിരെ പ്രമേയം പാസാക്കിയതിന് ശേഷം പാകിസ്താൻ പാർലമെന്റംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ബിലാവൽ ഭൂട്ടോ സർദാരി.
"ഇന്ന് ഞങ്ങൾ നിങ്ങളെ പുരാന പാകിസ്താനിലേക്ക് സ്വാഗതം ചെയ്യുന്നു. പാകിസ്താൻ യുവാക്കൾക്ക് ഒരു സന്ദേശമുണ്ട്. അവർ ഒരിക്കലും അവരുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കരുത്. ഒന്നും അസാധ്യമല്ല. ജനാധിപത്യമാണ് ഏറ്റവും മികച്ച പ്രതികാരം" -ബിലാവൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.