വിമാനം തകർന്ന വീണതിന്റെ ദൃശ്യം

40 പേരുടെ ജീവനെടുത്ത അസർബൈജാൻ വിമാന ദുരന്തത്തിന് പിന്നിലെ കാരണമെന്ത്..?

അസ്താന: അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് വടക്കൻ കോക്കസസിലെ റഷ്യൻ നഗരമായ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്ന 62 യാത്രക്കാരും അഞ്ച് ജീവനക്കാരും അടങ്ങുന്ന എംബ്രയർ 190 വിമാനം അക്‌തൗവിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ അടിയന്തര ലാൻഡിങ് നടത്താൻ നിർബന്ധിതമായതിനെ തുടർന്ന് തകർന്നു വീണു. കസഖ്സ്താനിലെ അക്‌തൗ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്.

മരണസംഖ്യ 40 ആയി ഉയർന്നതായി റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പക്ഷി ഇടിച്ചതിനെ തുടർന്നാണ് പൈലറ്റുമാർ അടിയന്തര ലാൻഡിങ് നടത്താൻ തീരുമാനിച്ചതെന്നാണ് പ്രാഥമിക വിവരം. ഗ്രോസ്‌നിയിൽ കനത്ത മൂടൽമഞ്ഞ് കാരണം അപകടത്തിന് മുമ്പ് തന്നെ ബദൽ വിമാനത്താവളത്തിൽ ഇറങ്ങാൻ അഭ്യർഥിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അസർബൈജാൻ എയർലൈൻസിന്റെ വിമാനം റഷ്യ അബദ്ധത്തിൽ വെടിവെച്ചതാണന്നും റിപ്പോർട്ടുണ്ട്. യാത്രക്കാരിൽ അസർബൈജാൻ, റഷ്യ, കസഖ്സ്താൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനത്തിന്റെ ഗതി മാറിയതെന്നാണ് തനിക്ക് ലഭിച്ച റിപ്പോർട്ടെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞു. എന്നാൽ അപകടത്തിന്റെ കാരണം അജ്ഞാതമാണെന്നും പൂർണമായി അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിമാനം കടൽത്തീരത്ത് പതിക്കുന്നതിനും തീപിടിക്കുന്നതിനും മുമ്പ് അതിവേഗം താഴേക്ക് ഇറങ്ങുന്നതും കട്ടിയുള്ള കറുത്ത പുക ഉയരുന്നതും വിഡിയോയിൽ കാണുന്നു. യഥാർഥ കാരണം അന്വേഷിക്കാൻ ഒരു സർക്കാർ കമീഷൻ രൂപീകരിച്ചിട്ടുണ്ടെന്നും അതിലെ അംഗങ്ങൾ സൈറ്റിലേക്ക് എത്താനും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും കസഖ്സ്താനിലെ അധികാരികൾ പറഞ്ഞു.

Tags:    
News Summary - What is the reason behind the Azerbaijan plane crash that killed 40 people..?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.