പ്രസിഡന്‍റ് പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഇനിയുള്ളത് ഈ ആറ് സംസ്ഥാനങ്ങൾ, ബൈഡന് വേണ്ടത് ആറ് വോട്ട്

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇനി വോട്ടെണ്ണൽ പൂർത്തിയാകാനുള്ളത് നിർണായകമായ ആറ് സംസ്ഥാനങ്ങളിൽ. വോട്ടെണ്ണൽ പൂർത്തിയായി ഫലമറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. 264 ഇലക്ടറൽ വോട്ടുകൾ നേടിക്കഴിഞ്ഞ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ പ്രസിഡന്‍റ് പദവിയിലേക്കുള്ള അകലം വെറും ആറ് വോട്ടുകളായി കുറച്ചു കഴിഞ്ഞു. അതേസമയം, നിലവിലെ പ്രസിഡന്‍റും റിപബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്‍റെ സാധ്യതകൾ ഏറക്കുറെ അവസാനിച്ചിരിക്കുകയാണ്.

വിസ്കോൺസെൻ, മിഷിഗൺ സംസ്ഥാനങ്ങളിൽ വിജയിച്ചതോടെയാണ് ബൈഡൻ ലീഡ് നില 264 ആയി ഉയർത്തിയത്. പ്രസിഡന്‍റ് പദവിക്ക് 270 വോട്ടുകളാണ് ആവശ്യം. അതേസമയം, 213 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് ട്രംപിനുള്ളത്. 270 എന്ന മാജിക് സംഖ്യയിലെത്താനുള്ള ട്രംപിന്‍റെ സാധ്യത നന്നേ കുറവാണ്.

ഫലം വരാനുള്ളത് ഈ ആറ് സംസ്ഥാനങ്ങൾ

അലാസ്ക, അരിസോണ, ജോർജിയ, നെവാഡ, നോർത് കരോലിന, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിലാണ് ഇനി വോട്ടെണ്ണാനുള്ളത്. ഇവയിലെല്ലാം കൂടി 71 വോട്ടുകളാണ് ഉള്ളത്.

അലാസ്കയിൽ ട്രംപിനാണ് മേധാവിത്വമെങ്കിലും ഇവിടെ മൂന്ന് വോട്ടുകൾ മാത്രമാണുള്ളത്. നെവാഡയിൽ ആറ് ഇലക്ടറൽ വോട്ടുകളുണ്ട്. ഇവിടെ ബൈഡനാണ് മുന്നിൽ. 11 വോട്ടുള്ള അരിസോണയിലും ബൈഡനാണ് മുന്നിൽ.

ജോർജിയ, നോർത് കരോലിന, പെൻസിൽവാനിയ എന്നിവയാണ് ഏറ്റവും നിർണായകമായ സംസ്ഥാനങ്ങൾ. മൂന്നിടത്തുമായി 51 വോട്ടുകളുണ്ട്. 16 വോട്ടുള്ള ജോർജിയയിൽ ട്രംപാണ് മുന്നിൽ. 15 വോട്ടുള്ള നോർത് കരോലിനയിലും 20 വോട്ടുള്ള പെൻസിൽവാനിയയിലും നിലവിൽ ട്രംപിനാണ് മേധാവിത്വം. എന്നാൽ, വിജയത്തിലേക്ക് ബൈഡന് വെറും ആറ് വോട്ടുകൾ കൂടി മതിയെന്നത് ട്രംപിന്‍റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്. ട്രംപിനാകട്ടെ 57 വോട്ടുകൾ കൂടി വേണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.