അമേരിക്കയിലെ ഇന്ത്യൻ വംശജയായ ആദ്യ സെക്കൻഡ് ലേഡി; ആരാണ് ഉഷ വാൻസ് ?

യു.എസ് തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് മുമ്പ് ഫ്ലോറിഡയിലെ പാം ബീച്ച് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ട്രംപ് ആദ്യമായി നന്ദി രേഖപ്പെടുത്തിയത് ​വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസിനുമായിരുന്നു. ട്രംപിന്റെ പ്രതികരണത്തെ കൈയടികളോട് കൂടിയാണ് ജനങ്ങൾ വരവേറ്റത്.

യു.എസിന്റെ പ്രസിഡന്റായി ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോൾ ഇപ്പോൾ കണ്ണുകളെല്ലാം ഉഷ വാൻസ് എന്ന ഇന്ത്യൻ വംശജയിലാണ്. യാലെ യൂനിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ ഉഷ യു.എസ് ചരിത്രത്തിലെ ഇന്ത്യൻ വംശജയായ ആദ്യ​ സെക്കൻഡ് ലേഡി എന്നി പദവി നേടികൊണ്ടാണ് ചരിത്രം കുറിക്കുന്നത്.

ഇന്ത്യയിൽ ഉഷയുടെ വേരുകളുള്ളത് ആന്ധ്രപ്ര​ദേശിലാണ്. ഇന്ത്യൻ സംസ്കാരവുമായി ബന്ധം പുലർത്തുന്ന അവർക്ക് അമേരിക്കൻ രാഷ്ട്രീയത്തെ കൃത്യമായ നിലപാടുണ്ട്. കടുത്ത മതവിശ്വാസി കൂടിയാണ് ഉഷ വാൻസ്.

കുടിയേറ്റക്കാരായ രക്ഷിതാക്കളുടെ മകളായി 1986ൽ സാൻ ഡിയാഗോയിലാണ് ഉഷ വാൻസ് ജനിച്ചത്. അപ്പർ മിഡിൽ ക്ലാസ് ഫാമിലിയിലായിരുന്നു ജനനം. സാൻഫ്രാൻസിസ്കോയിലെ കോർപ്പറേറ്റ് കമ്പനിയിലും അവർ ജോലി ചെയ്തിരുന്നു. ചരിത്രത്തിലും അവർ ബിരുദം നേടിയിട്ടുണ്ട്. തത്വശാസ്ത്രത്തിൽ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

സുപ്രീംകോടതി ജഡ്ജിമാരുടെ ക്ലർക്കായി പ്രവർത്തിച്ച അവർ നിയമവുമായി ബന്ധപ്പെട്ട ഒരു മാസികയിലും ജോലി നോക്കിയിരുന്നു. യാലെ യൂനിവേഴ്സിറ്റിയിലെ പഠനത്തിനിടെയാണ് ഉഷ ഭർത്താവായ ജെ.ഡി വാൻസിനെ കണ്ടുമുട്ടുന്നത്. 2014ലാണ് ഇരുവരും വിവാഹിതരായത്.

ഭർത്താവിന്റെ രാഷ്ട്രീയരംഗത്തെ ഉയർച്ചയിൽ ഉഷ വാൻസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യാലി യൂനിവേഴ്സിറ്റിയിലെ തന്റെ വഴികാട്ടി എന്നാണ് ഉഷയെ ജെ.ഡി വാൻസ് വിളിച്ചിരുന്നത്. താൻ ഒരിക്കലും ചോദിക്കാത്ത ചോദ്യങ്ങൾ പോലും അവർ തനിക്ക് വേണ്ടി ചോദിച്ചിരുന്നുവെന്നും വാൻസ് പറഞ്ഞിരുന്നു. അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും ഉഷയാണ് തന്നെ പഠിപ്പിച്ചതെന്നും ജെ.ഡി വാൻസ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Who Is Usha Chilukuri Vance, Set to Become First Indian-Origin Second Lady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.