ജെ.എഫ്.കെ. ഫയൽസ് കെന്നഡി വധത്തിന്റെ ചുരുളഴിക്കുമോ?

ജെ.എഫ്.കെ. ഫയൽസ് കെന്നഡി വധത്തിന്റെ ചുരുളഴിക്കുമോ?

മുൻ യു.എസ് പ്രസിഡന്‍റ് ജോൺ എഫ്. കെന്നഡിയുടെ വധം അത് സംഭവിച്ച് ആറു പതിറ്റാണ്ടിനുശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ്. വധവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രഹസ്യ രേഖകൾ ട്രംപ് ഭരണകൂടം പരസ്യമാക്കിയതിനു പിന്നാലെയാണിത്.

ട്രംപി​ന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ജെ.എഫ്.കെ ഫയലുകൾ പരസ്യപ്പെടുത്തുമെന്നത്. എന്താണ് ഇതിലൂടെ ട്രംപ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും പഴയ രേഖകളുടെ വെളിപ്പെടുത്തൽ ഒരു കാര്യം ബലപ്പെടുത്തുന്നു. കെന്നഡി വധത്തിനു പിന്നിലെ സി.ഐ.എയുടെ പങ്ക്!  തുടക്കം തൊട്ടേയുള്ള അഭ്യൂഹങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ, സോവിയറ്റ് യൂണിയ​ന്‍റെ ചാരസംഘടനായ കെ.ജി.ബി ആണ് അതി​ന്‍റെ പിന്നിലെന്ന എതിർവാദം കൊണ്ട് അതിന് മറയിടുകയായിരുന്നു. പക്ഷെ, കെ.ജി.ബിയുടെ പങ്ക് ദുർബലപ്പെടുത്തുന്നതും സി.ഐ.എയുടെ പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്നതുമാണ് പുറത്തുവന്ന രേഖകൾ.


1963 നവംബർ 22ന് ടെക്സസിലെ ഡള്ളാസിൽ ആണ് ജെ.എഫ്‌.കെ എന്നറിയപ്പെടുന്ന ജോൺ എഫ്.​കെന്നഡി വെടിയേറ്റു മരിച്ചത്. തുറന്ന കാറിൽ ഭാര്യ ജാക്വിലിനൊപ്പം ഒരു പര്യടനം നടത്തവെ ആയിരുന്നു അത്. ജെ.എഫ്‌.കെയുടെ വാഹനവ്യൂഹം സഞ്ചരിച്ച റോഡിനരികിലെ ടെക്സസ് സ്കൂൾ ബുക്ക് ഡിപ്പോസിറ്ററിയുടെ ആറാം നിലയിലെ ജനലിലൂടെ മൂന്നു വെടിയുണ്ടകൾ പാഞ്ഞുവന്നു. രണ്ടാമത്തെയും മൂന്നാമത്തെയും വെടിയുണ്ട ജെ.എഫ്.കെയുടെ ജീവനെടുത്തു. വെടിവെപ്പുണ്ടായ സ്ഥലത്തുനിന്ന് ലീ ഹാർവി ഓസ്വാൾഡ് എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

തന്റെ മുൻഗാമിയുടെ കൊലപാതകം അന്വേഷിക്കാൻ പ്രസിഡന്റ് ലിൻഡൺ ബി ജോൺസൺ നിയോഗിച്ച വാറൻ കമീഷൻ 1964ൽ അതിന്റെ കണ്ടെത്തലുകൾ സമർപിച്ചു. കൊലപാതകി ലീ ഹാർവി ഓസ്വാൾഡ് മാത്രമാണ് അതി​ന്‍റെ ഉത്തരവാദിയെന്നും മറ്റ് ഗൂഢാലോചന നടന്നിട്ടില്ലെന്നും അത് നിഗമനത്തിലെത്തി.

എന്താണ് നടന്നതെന്ന് വിവരിക്കാൻ പക്ഷെ ഓസ്വാൾഡ് ഒരിക്കലും വിചാരണക്കെത്തിയില്ല. ജെ.എഫ്‌.കെ വധത്തിന് രണ്ടു ദിവസത്തിനു ശേഷം നവംബർ 24ന് ഡള്ളാസ് പൊലീസ് ആസ്ഥാനത്തിന്റെ ബേസ്‌മെന്‍റിൽ വെച്ച് ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമ ഓസ്വാളിനെ വെടിവച്ചു കൊന്നു. ഈ കൊലപാതകം റൂബിയുടെ ‘ദേശസ്‌നേഹ പ്രവൃത്തി’യായി വാറൻ കമീഷൻ നിരീക്ഷിച്ചു.

പക്ഷേ പൊതുജനങ്ങൾ തൃപ്തരായില്ല. എല്ലാത്തിനുമുപരി ഓസ്വാൾഡ് ഒരിക്കലും കൊലപാതക കുറ്റം സമ്മതിച്ചില്ല. ‘ഞാൻ ആരെയും വെടിവച്ചിട്ടില്ല... ഞാൻ ഒരു വെറും പാറ്റ്സി (പിടി വീണ ആൾ) മാത്രം’ എന്ന് പൊലീസ് പിടിച്ചുകൊണ്ടുപോകുമ്പോൾ ഒരു കൂട്ടം മാധ്യമപ്രവർത്തകരോട് അയാൾ വിളിച്ചു പറഞ്ഞിരുന്നു.


ഓസ്വാൾ റഷ്യൻ ചാരസംഘടനയായ കെ.ജി.ബിക്കു വേണ്ടി പ്രവർത്തിക്കുന്നയാളാണെന്ന് അന്ന് ചിലർ ആരോപണമുയർത്തി. എന്നാൽ, പുതുതായി പുറത്തുവിട്ട ഫയലുകളിൽ ഇത് നിഷേധിക്കുന്ന രേഖയുണ്ട്. 1991 നവംബറിലെ സെന്റ് പീറ്റേഴ്‌സ്ബർഗ് സ്റ്റേഷനിൽ നിന്നുള്ള ഒരു മെമ്മോയാണത്. ഓസ്വാൾഡിനെക്കുറിച്ചുള്ള അഞ്ച് വലിയ വാള്യങ്ങളുള്ള ഫയലുകൾ കെ.ജി.ബി ഉദ്യോഗസ്ഥൻ പരിശോധിച്ചതായും ‘ഓസ്വാൾഡ് ഒരിക്കലും കെ.ജി.ബി നിയന്ത്രിക്കുന്ന ഒരു ഏജന്റല്ലെന്ന്’ ഉറപ്പാക്കിയെന്നും മെമ്മോയിൽ പറയുന്നു.

അതേസമയം, പുതിയ ഫയലുകളിലെ പ്രധാന വെളിപ്പെടുത്തലുകളിൽ ഒന്ന് മുൻ പ്രസിഡന്‍റി​ന്‍റെ മരണത്തിന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഉത്തരവാദിയാണെന്ന് ത​ന്‍റെ സുഹൃത്തിനോട് പറഞ്ഞ സി.ഐ.എ ഓപ്പറേറ്റിവ് ഗാരി അണ്ടർഹില്ലിനെക്കുറിച്ചാണ്. കെന്നഡിയുടെ മരണത്തിന് പിറ്റേന്ന് ഗാരി അണ്ടർഹിൽ വാഷിങ്ടണിൽ നിന്ന് തിടുക്കത്തിൽ കടന്നുകളഞ്ഞു. വൈകുന്നേരം ന്യൂജേഴ്‌സിയിലെ സുഹൃത്തുക്കളുടെ വീട്ടിലെത്തി. അണ്ടർഹിൽ തന്റെ ജീവനെക്കുറിച്ച് ഭയപ്പെട്ടിരുന്നു. ഒരുപക്ഷേ രാജ്യം വിടേണ്ടി വന്നേക്കാമെന്നും സി.ഐ.എയിലെ ഒരു ചെറിയ സംഘമാണ് കൊലപാതകത്തിന് ഉത്തരവാദിയെന്നും അദ്ദേഹം സമ്മതിച്ചുവെന്ന് പുറത്തുവിട്ട രേഖകൾ കാണിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇതിനുശേഷം ആറ് മാസത്തിനുള്ളിൽ അണ്ടർഹില്ലിനെ വാഷിങ്ടണിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നും അതിൽ പറയുന്നു.

യു.എസ് നാഷണൽ ആർക്കൈവ്സ് ആൻഡ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷൻ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത 63000​ത്തോളം പേജുകൾ വരുന്ന 2,200 ഫയൽ ശേഖരം സമഗ്രമായി വിശകലനം ചെയ്യാൻ മാസങ്ങളെടുത്തേക്കാം. പ്രാഥമിക വായനകൾ കൊലപാതകത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും ഈ രേഖകൾ വെളിപ്പെടുത്തുന്നത് ശീതയുദ്ധത്തി​ന്‍റെ മൂർധന്യകാലത്ത് സി.ഐ.എ നടത്തിയ ആന്തരിക പ്രവർത്തനങ്ങളെക്കൂടിയാണ്.

അങ്ങനെയെങ്കിൽ എന്തിനായിരിക്കണം സ്വന്തം രാജ്യത്തി​ന്‍റെ പ്രസിഡന്‍റിനെ സിഐ.എ വകവരുത്തിയത്? അതിനുള്ള ഉത്തരം തേടുമ്പോൾ പലതും കടന്നുവരും.

ഭരണകാലയളവിൽ കെന്നഡിയുടെ മേൽ നിരവധി കുറ്റങ്ങൾ ആരോപിക്കപ്പെട്ടിരുന്നു. ലോകത്തെ ആണവായുധ മുക്തമാക്കുന്നതിന് പരിശ്രമിച്ചു, സി.ഐ.എയുടെ ഭീകര പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതിന് ശ്രമിച്ചു, വിയറ്റ്നാം യുദ്ധത്തിൽ നിന്ന് പിൻമാറുന്നതിന് തീരുമാനമെടുത്തു...തുടങ്ങിയവയായിരുന്നു അവ. ഇതിൽ കെന്നഡിയും സി.ഐ.എയും തമ്മിൽ പരസ്പര ഉരസലിന്റെയും അവിശ്വാസത്തിന്റെയും റിപ്പോർട്ടുകളാണ് പുതുതായി പരസ്യപ്പെടുത്തിയ രേഖകൾ തുറന്നുവെക്കുന്നത്.


അത് വ്യക്തമാക്കുന്ന ഒരു സംഭവമാണ് ബേ ഓഫ് പിഗ്സ് അധിനിവേശം. 1959ൽ ക്യൂബയിൽ അധികാരമേറ്റ ഫിദൽ കാസ്ട്രോയെ എതിർത്തിരുന്ന വിമതരായ ഒരുപറ്റം ക്യൂബക്കാർ 1961 ഏപ്രിലിൽ ക്യൂബയിൽ നടത്തിയ ഒരു കടൽ ആക്രമണമായിരുന്നു ‘ബേ ഓഫ് പിഗ്സ്’ അധിനിവേശം. ഈ അട്ടിമറി നീക്കത്തിന് ധനസഹായം നൽകിയതും നിർദേശിച്ചതും അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ ആയിരുന്നു. ഇതിനായി ക്യൂബൻ വിമതർക്ക് സി.ഐ.എയെ തൊഴിൽ പരിശീലനം നൽകുകയും ആയുധങ്ങൾ കൈമാറുകയും ചെയ്തു.


എന്നാൽ, സി.ഐ.എയുടെ ഈ നീക്കത്തിനെതിരെ കെന്നഡി രംഗത്തുവന്നു. ഇതിനെതിരെ കെന്നഡിക്ക് പ്രധാന ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകുകയുണ്ടായി. സി.ഐ.എ വളരെ ശക്തമാണെന്നും ഓസ്ട്രിയ, ചിലി തുടങ്ങിയ സ്ഥലങ്ങളിൽ എംബസികളുടെ പകുതിയിലധികം രാഷ്ട്രീയ ഉദ്യോഗസ്ഥരും സി.ഐ.എയുടെ നിയന്ത്രണത്തിലാണെന്നുമായിരുന്നു അത്. എന്നാൽ, എല്ലാ രഹസ്യ പ്രവർത്തനങ്ങളുടെയും നിയന്ത്രണം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് നൽകാനും സി.ഐ.എയെ തകർക്കാനും കെന്നഡി നിർദേശിച്ചു. ഈ നിർദേശം വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ പ്രത്യേക അസിസ്റ്റന്റ് ആർതർ ഷ്ലെസിംഗർ ജൂനിയറിന്റെ മെമ്മോ പുതുതായി പുറത്തുവന്ന രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്. യു.എസ് എംബസികളിലെ 47ശതമാനം രാഷ്ട്രീയ ഉദ്യോഗസ്ഥരെയും സി.ഐ.എ നിയന്ത്രിക്കുന്നുണ്ടെന്ന ഷ്ലെസിംഗറിന്റെ പ്രസ്താവനയും അതിലുൾപ്പെടുന്നു.

ഷ്ലെസിംഗറിന്റെ 15 പേജുള്ള മെമ്മോ, കെന്നഡിയും സി.ഐ.എയും തമ്മിലുള്ള അവിശ്വാസത്തിന്റെ തെളിവായും ഡള്ളാസിൽ കെന്നഡി കൊല്ലപ്പെടുന്നതിനു മുമ്പ് സി.ഐ.എ അദ്ദേഹത്തിന്റെ സുരക്ഷക്ക് ഉയർന്ന പരിഗണന നൽകാത്തതിന്റെ കാരണമായും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.


ആണവ നിരായുധീകരണത്തിന് ആക്കം കൂട്ടുന്നുവെന്നതായിരുന്നു അക്കാലത്ത് കെന്നഡിക്കെതിരെ ഉയർന്ന മറ്റൊരു ആരോപണം. കെന്നഡി ആണവ പരീക്ഷണത്തെ എതിർത്തിരുന്നതായി നിരവധി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 1956 മുതൽ ആണവായുധ പരീക്ഷണ നിരോധനത്തെ അദ്ദേഹം പിന്തുണച്ചു. 1960 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു.

തെരഞ്ഞെടുക്കപ്പെട്ടാൽ വായുതല പരീക്ഷണം പുനഃരാരംഭിക്കില്ലെന്നും ഭൂഗർഭ പരീക്ഷണം പുനഃരാരംഭിക്കുന്നതിന് മുമ്പ് പരീക്ഷണ നിരോധന ഉടമ്പടിക്കായുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളും തുടരുമെന്നും വാഗ്ദാനം ചെയ്തു. ഇതിനെ ആണവ നിരായുധീകരണത്തിലേക്കുള്ള ആദ്യപടിയായി അദ്ദേഹം വിഭാവനം ചെയ്തു. ഇതും കൊലപാതകത്തിനുള്ള സാധ്യതയായി ചിലൽ ഉന്നയിക്കുകയുണ്ടായി. എന്നാൽ, പുതിയ രേഖകളിൽ ഇതു സംബന്ധിച്ച മെമ്മോകൾ ഉൾ​പ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.


അദ്ദേഹത്തിനെതിരായ മറ്റൊരു ആരോപണം, ശീതയുദ്ധം അവസാനിപ്പിക്കാൻ ശ്രമിച്ചു എന്നതാണ്. 1962 ഒക്ടോബറിലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം പ്രസിഡന്റ് കെന്നഡിയും സോവിയറ്റ് നേതാവ് ക്രൂഷ്ചേവും ആണവയുദ്ധത്തിന്റെ അപകടകരമാം വിധം അടുത്തെത്തിയെന്ന് തിരിച്ചറിഞ്ഞു. ഇരു നേതാക്കളും തങ്ങളുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കുറക്കാൻ ശ്രമിച്ചു.

ഒരിക്കൽ വൈറ്റ് ഹൗസ് യോഗത്തിൽ ‘ഏറ്റവും ശക്തമായ രണ്ട് രാജ്യങ്ങൾ പരസ്പരം എതിർവശത്തായി, ഓരോരുത്തരും ബട്ടണിൽ വിരൽ വെച്ചിരിക്കുന്നു’വെന്ന് പറഞ്ഞുകൊണ്ട് ജെ.എഫ്‌.കെ ഈ ആശങ്ക പങ്കുവെച്ചു. ലോകത്തിന്റെ എതിർവശങ്ങളിലിരിക്കുന്ന രണ്ട് പുരുഷന്മാർ നാഗരികത അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത് ഭ്രാന്താണെന്നും പറഞ്ഞതായി ക്രൂഷ്ചേവിനെ ഉദ്ധരിച്ച് പിന്നീട് പുറത്തുവന്നു. നിരവധി സ്വകാര്യ കത്തുകളിലൂടെ ക്രൂഷ്ചേവും കെന്നഡിയും ആണവ പരീക്ഷണം നിരോധിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണം വീണ്ടും തുടർന്നു.

1963 ജൂൺ 10ന് അമേരിക്കൻ സർവകലാശാലയിൽ നടന്ന തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, കെന്നഡി റഷ്യക്കാരുമായി ഒരു പുതിയ റൗണ്ട് ഉന്നതതല ആയുധ ചർച്ചകൾ പ്രഖ്യാപിക്കുകയുണ്ടായി. ശീതയുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ധൈര്യപൂർവം ആഹ്വാനം ചെയ്തു. സോവിയറ്റ് സർക്കാർ അ​േദഹത്തിന്റെ മുഴുവൻ പ്രസംഗത്തിന്റെയും വിവർത്തനം പ്രക്ഷേപണം ചെയ്യുകയും നിയന്ത്രിത സോവിയറ്റ് പത്രങ്ങളിൽ അത് പുനഃപ്രസിദ്ധീകരിക്കാൻ അനുവദിക്കുകയും ചെയ്തു. പുറത്തുവന്ന രേഖകൾ ഇതു സംബന്ധിച്ച പരാമർ​ശങ്ങൾ ഉ​ണ്ടോ എന്ന് ഇനിയുള്ള ദിവസങ്ങളിൽ അറിയാനാവും.

ഓരോ ‘കൊലപാതക രേഖയും’ പ്രാബല്യത്തിൽ വന്ന് 25 വർഷത്തിനുള്ളിൽ പൂർണമായും പരസ്യമായി വെളിപ്പെടുത്താമെന്ന് യു.എസിലെ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ വെളിപ്പെടുത്തലിലെ പൊതുതാൽപര്യത്തേക്കാൾ കൂടുതൽ ദോഷം സംഭവിക്കുന്ന സാഹചര്യങ്ങളിൽ, സൈന്യത്തിനോ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കോ നിയമപാലകർക്കോ വിദേശ ബന്ധങ്ങളുടെ നടത്തിപ്പിനോ ‘തിരിച്ചറിയാവുന്ന ദോഷം’ ഉണ്ടാക്കുമെന്ന് അവർ വിശ്വസിക്കുന്ന രേഖകളുടെ പ്രസിദ്ധീകരണം തടയാൻ യു.എസ് പ്രസിഡന്‍റിന് അധികാരമുണ്ട്. അങ്ങനെ ചെയ്യാതെ ഇപ്പോൾ ട്രംപ് ഇവ പുറത്തുവിട്ടതി​ന്‍റെ പിന്നിലെ കാരണങ്ങൾ പലതുമാവാം. ഒരുപക്ഷെ, അവയൊക്കെ എത്രയോ കാലങ്ങൾ കഴിഞ്ഞായിരിക്കും പുറത്തുവരുക.

Tags:    
News Summary - Will the JKF Files Unravel the Kennedy Assassination?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.