'ചിന്തിക്കാനാവാത്ത പ്രത്യാഘാതമുണ്ടാവും'; ഇസ്രായേലിന്റെ ലബനാൻ ആക്രമണത്തിൽ പ്രതികരിച്ച് ലോകം

ലെബനാനിൽ പൂർണ്ണ രീതിയിലുള്ള യുദ്ധം തുടങ്ങാനുള്ള ഇസ്രായേൽ നീക്കത്തിൽ മുന്നറിയിപ്പുമായി ലോകനേതാക്കൾ. ഗസ്സ യുദ്ധത്തിനിടയിലുള്ള ഇസ്രായേലിന്റെ ലെബനാൻ ആക്രമണം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഇസ്രായേൽ തുടങ്ങിയ ആക്രമണം ചൊവ്വാഴ്ചയും തുടരുകയാണ്. ഇതിനിടയിലാണ് മുന്നറിയിപ്പുമായി വിവിധ രാഷ്ട്രനേതാക്കൾ രംഗത്തെത്തിയത്.

ലബനാൻ ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം. ഇസ്രായേൽ ആക്രമണത്തിൽ 558 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. ഇതിൽ 50 പേർ കുട്ടികളാണ്. 94 പേർ സ്ത്രീകളാണ്. 1835 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം അയവില്ലാതെ തുടരുന്നതിനിടയിലാണ് വിവിധ ലോകനേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയത്.

വിവിധ നേതാക്കളുടെ പ്രതികരണം

യുണൈറ്റഡ് നേഷൻസ്

ലബനാനിൽ ഉടലെടുത്ത സംഘർഷ സാഹചര്യം കടുത്ത ആശങ്കയുണ്ടാക്കുന്നതാണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. വലിയ രീതിയിൽ സാധാരണ പൗരൻമാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ആശങ്കയുണ്ടെന്നും ഗുട്ടറസ് വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക്കും പറഞ്ഞു.

ഇറാൻ

'പശ്ചിമേഷ്യയിൽ അസ്ഥിരതയുണ്ടാവാൻ കാരണക്കാരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമാധാനത്തിൽ മുന്നോട്ട് പോകണം. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. എല്ലാ സംഘർഷങ്ങളും സൃഷ്ടിക്കുന്നത് ഇസ്രായേലാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ അന്താരാഷ്ട്ര സമൂഹം മൗനം പുലർത്തുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ പറഞ്ഞു.

ജോർദാൻ

ഇസ്രായേലിന്റെ ആക്രമണം തടയാൻ എത്രയും പെട്ടെന്ന് യു.എൻ സുരക്ഷാസമിതി ഇടപെടണമെന്ന് ജോർദാൻ ആവശ്യപ്പെട്ടു.

ഈജിപ്ത്

ലബനാന് പിന്തുണയറിയിക്കുകയാണ് ഈജിപ്ത് വിദേശകാര്യമന്ത്രാലയവും അറിയിച്ചു. ഭീഷണികൾ മേഖലയെ ആകെ യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ഈജിപ്ത് പ്രകടിപ്പിച്ചിട്ടുണ്ട്.

യു.എസ്

രണ്ട് രാജ്യങ്ങളുമായി നിരന്തരം സമ്പർക്കത്തിലാണെന്നും സംഘർഷം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

ജി7

ആക്രമണവും തിരിച്ചടിയും മിഡിൽ ഈസ്റ്റ് മുഴുവൻ സംഘർഷത്തിന്റേതായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജി7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.കെ, യു.എസ് തുടങ്ങിയവർ പറഞ്ഞു.

യു.കെ

ഇസ്രായേലിനും ലബനാനും ഇടയിൽ ഉടലെടുത്ത സംഘർഷം കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഇരു രാജ്യങ്ങളും വെടിനിർത്തലിന് തയാറാവണമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.

ഫ്രാൻസ്

ഇസ്രായേലിന്റെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് മേഖല​യെ കൂടുതൽ വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ടെന്ന് ഫ്രാൻസ് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റ് പറഞ്ഞു. ഇതിന് ഉടൻ അറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - World reacts to Israel’s strikes on Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.