കോവിഡ് 19: ജി.സി.സി രാജ്യങ്ങളിലെ തൊഴിൽ വിപണിയിലുണ്ടാക്കുക വലിയ മാറ്റങ്ങൾ
text_fields2014 അവസാനത്തിൽ എണ്ണ വിലയിലുണ്ടായ ഇടിവ് ജി.സി.സി രാജ്യങ്ങളുടെ സമ്പദ്ഘടനക്ക് വലിയ ആഘാതമാണ് എൽപിച്ചത്.ഇത് തൊഴിൽ വിപണിയിൽ വൻ അഴിച്ചു പണിക്ക് തുടക്കം കുറിച്ചതും നാം കണ്ടതാണ്. കോവിഡ് 19 അതിലും വലിയ ആഘാതമായിരിക്കും ജി.സി.സി യിലെ തൊഴിൽ മേഖലയിൽ സൃഷ്ടിക്കാൻ പോവുന്നത് എന്നാണ് നിരീക്ഷകർ കരുതുന്നത്. എണ്ണ വില ഇടിയുക മാത്രമല്ല, അടുത്ത 15 മാസങ്ങൾ വരെ ആഗോളതലത്തിൽ എണ്ണയുടെ ആവശ്യം ഉയരാൻ സാധ്യത ഇല്ല എന്നുമാണ് ഒപെക് വിലയിരുത്തൽ. ഇത് അക്ഷരാർഥത്തിൽ ഗൾഫ് മേഖലയിലെ തൊഴിൽ വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. 2016 ൽ ഉത്പാദനം കുറച്ചുകൊണ്ട് മെച്ചപ്പെട്ട വില നിലനിർത്തിയെങ്കിലും ഇനി അങ്ങോട്ട് അതും സാധ്യമല്ല എന്നാണ് ഒപെക് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഏറെക്കുറെ എണ്ണ വില നിരന്തരമായി താഴോട്ട് പോവുന്ന പ്രവണതയാണ് ഉണ്ടാവുന്നത്. ആഗോള മാർക്കറ്റ് ഗവേഷണ സ്ഥാപനമായ ഫോറസ്റ്റർ പ്രകാരം, ഇടക്കാലത്ത് ഭാവി കൃത്യമായി വിലയിരുത്താതെ വൻ തോതിൽ എണ്ണയുടെ ഉത്പാദനം സൗദിയും റഷ്യയും വർധിപ്പിച്ചതാണ് ഇത്തരത്തിൽ വിപണി താഴോട്ട് പോവാൻ കാരണം. ഉത്പാദനം ക്രമാധീതമായി വർധിക്കുകയും സംഭരണ ശേഷി ഇല്ലാതാക്കുകയും, കോവിഡ് കാരണം ലോകമെമ്പാടും ലോക് ഡൌൺ ചെയ്യപ്പെട്ടതോടെ വിപണി തകർന്നടിയുകയായിരിന്നു എന്നാണ് ഫോർസ്റ്റർ സൂചിപ്പിക്കുന്നത്.
കഴിഞ്ഞു പോയ മാന്ദ്യ കാലം നിരവധി മേഖലിയിൽ സ്വദേശിവത്കരണത്തിന് വഴി തെളിയിച്ചത് നാം കണ്ടതാണ്. അതിനപ്പുറം വിദേശി തൊഴിലാളികൾക്കും, അവരുടെ ആശ്രിതർക്ക് ലെവി ഈടാക്കി തുടങ്ങി. 2018 തുടക്കം മുതൽ വാറ്റ് അടക്കമുള്ള നൂതന നികുതി സംവിധാനങ്ങളും നടപ്പിലാക്കിയതോടെ ചെറുകിട മേഖല തകർന്നടിഞ്ഞു. ഇത് വലിയ തോതിൽ വിദേശികളുടെ തൊഴിൽ നഷ്ടപ്പെടുത്തി. പിന്നീട് സൗദി അടക്കം പല ജി സി സി രാജ്യങ്ങളും ചെറുകിട മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഒട്ടനവധി പദ്ധതികൾ കൊണ്ട് വന്നെങ്കിലും അതൊന്നും ആ മേഖലയെ പൂർവ സ്ഥിതിയിലേക് നയിക്കാൻ പ്രാപ്തമായിരുന്നില്ല. എന്നുള്ളതാണ് വാസ്തവം. സൗദി തൊഴിൽ മന്ത്രാലയം 2019 ൽ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഏഴ് ലക്ഷം വിദേശികളാണ് രാജ്യം വിട്ടത്. അതിൽ സിംഹ ഭാഗവും ഏഷ്യൻ രാജ്യങ്ങളിലെ തൊഴിലാളികളായിരുന്നു.
ഗൾഫ് രാജ്യങ്ങളിലെ വിദേശികളായ തൊഴിലാളികളും ആശ്രിതരും ഒരു പുതിയ വരുമാന സ്രോതസ്സായി മാറി കഴിഞ്ഞിരിക്കുന്നു. മാന്ദ്യം ജി സി സി രാജ്യങ്ങളെ വ്യത്സ്തമായി ചിന്തിപ്പിച്ചു എന്ന് മാത്രമല്ല, പതിവിന് വിപരീതമായി അത് സമർത്ഥമായി നടപ്പിലാക്കി എന്നുള്ളതാണ് കഴിഞ്ഞ നാല് വർഷണങ്ങളുടെ സവിശേഷത. ഗൾഫ് റിസർച്ച് സെൻറർ(GRC) 2020 ജനുവരിയിൽ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഗൾഫ് രാജ്യങ്ങൾ അതിൻെറ തൊഴിൽ വിപണിയിൽ വീണ്ടും വലിയ മാറ്റത്തിന് തയാറാകും എന്നായിരുന്നു. അതിന് പ്രധാന കാരണങ്ങളായി റിപ്പോർട്ട് പരാമർക്കുന്നതും വർധിച്ചു വരുന്ന വിദേശികളും സ്വദേശികളും തമ്മിലുള്ള അനുപാദ വർധനവാണ്. അതോടപ്പം സൗദി ഒമാൻ എന്നി രാജ്യങ്ങളിൽ ഉന്നത പഠനം കഴിഞ് രാജ്യത്ത് മടങ്ങിയിട്ടുള്ള യുവാക്കളുടെ എണ്ണം കൂടുന്നു എന്നുള്ളതുമാണ്. കണക്കുകൾ പ്രകാരം സൗദിയിൽ 17 ലക്ഷവും ഒമാനിൽ 9 ലക്ഷം യുവാക്കളാണ് രാജ്യത്ത് തൊഴിൽ തേടുന്നത്. കോവിഡ് ബാധ മൂലം സൃഷ്ടിച്ചിട്ടുള്ള സാമ്പത്തിക ഞെരുക്കം ഈ പ്രക്രിയക്ക് ആക്കം കൂട്ടും എന്നാണ് ബേത് ഡോട്ട് കോം (bayt.com ) സൂചിപ്പിക്കുന്നത്.
കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. എഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഇതിനാല്‍ വരാനിരിക്കുന്നതിലെ ഏറ്റവും മോശം അവസ്ഥ കണക്കാക്കിയാണ് രാജ്യം പദ്ധതികള്‍ തയ്യാറാക്കുന്നത്. സ്വദേശികളുടെ ജോലി സംരക്ഷണം പാലിച്ചു കൊണ്ടു തന്നെ ഉറച്ച തീരുമാനങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് വൈകിപ്പിക്കുക. യാത്രാ ചെലവുകളും പുതിയ പ്രൊജക്ടുകളും താല്‍ക്കാലികമായി വെട്ടിക്കുറക്കുകയും നിലവില്‍ വിവിധ വകുപ്പുകള്‍ക്കായി നീക്കി വെച്ച തുകകളില്‍ വലിയൊരു പങ്ക് ആരോഗ്യ മേഖലയിലേക്ക് വകമാറ്റേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നാണ് ധനകാര്യ മന്ത്രി അറിയിച്ചത്.
നിലവിലെ സാഹചര്യം മറികടക്കാന്‍ സൗദി അടക്കം മറ്റു ജി സി സി രാജ്യങ്ങൾ കരുതല്‍ ധനം ഉപയോഗപ്പെടുത്തും എന്നാണ് നിരീക്ഷകർ കരുതുന്നത്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ വലിയ വരുമാന ഇടിവാണ് ലോകത്തെ എല്ലായിടത്തേയും പോലെ ജി സി സിയിലും ഉണ്ടായിട്ടുള്ളത്. അടുത്ത ആറ് മാസങ്ങളിലും ഈ പ്രതിസന്ധി ശക്തമായുണ്ടാകുമെന്നാണ് സൗദി സര്‍ക്കാറിന്റെ കണക്ക് കൂട്ടല്‍. ഇത് മുന്‍കൂട്ടി കണ്ടുള്ള നീക്കം ഗുണം ചെയ്യുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. നിലവില്‍ തന്നെ രാജ്യത്തെ വിവിധ പദ്ധതികള്‍ സ്തംഭനാവസ്ഥയിലാണ്.
അതിലുപരി കോവിഡ് ബാധിച്ചവരെ ചികിത്സക്കും വൈറസ് ബാധയെ നിയത്രിക്കുന്നതിനായും വലിയ തുകയാണ് ചെലവായിക്കൊണ്ടിരിക്കുന്നത്. ജി സി സി യിൽ കോവിഡ് ബാധിച്ചവരിൽ അമ്പത് ശതമാനത്തിലും കൂടുതൽ വിദേശികളാണ് എന്നാണ് കണക്ക്. ഇതിനകം വിദേശി തൊഴിലാളികളെ പിരിച്ച് വിടാനും, ശമ്പള രഹിത അവധിക്ക് വിടാനും സൗദി ഒമാൻ എന്നീ രാജ്യങ്ങൾ വ്യവസായ സ്ഥാപങ്ങൾക് അനുവാദം നൽകി കഴിഞ്ഞു.
ഇതേ രീതിയായിരിക്കും മറ്റു ജി സി സി രാജ്യങ്ങളും നടപ്പിലാക്കുക. ഇത് സ്വദേശിവൽക്കരണ പ്രക്രിയക് ആക്കം കൂട്ടുകയും, ലെവിയും മറ്റു നികുതികളിൽനിന്നും രക്ഷപ്പെടാൻ വ്യവസായ സ്ഥാവനങ്ങൾ വിദേശികളെ പിരിച്ച് വിട്ട് സ്വദേശികളെ അവലംബിക്കുന്ന പ്രക്രിയ വർധിക്കും. അതിലുപരി കോവിഡിന് ശേഷം സ്വദേശികളിൽ തന്നെ ഒരു പുതിയ തൊഴിൽ സംസ്കാരം വളർന്ന് വരും എന്നാണ് കരുതപ്പെടുന്നത്. ഇത് കൂടുതൽ വിദേശികൾക്കു തൊഴിൽ നഷ്ടത്തിന് വഴിയൊരുക്കും എന്നതിൽ യാതൊരു സംശയവും ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.