പ്ലസ് വൺ: 10 ശതമാനം സീറ്റ് മാറ്റിവെക്കൽ; അരലക്ഷം പേരുടെ പ്രവേശന സാധ്യതയെ ബാധിക്കും
text_fieldsതിരുവനന്തപുരം: മുന്നാക്ക സമുദായ സ്കൂളുകളിലെയും സമുദായ ഇതര സ്കൂളുകളിലെയും 10 ശതമാനം സീറ്റുകൾ മാറ്റിവെച്ച് പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് നടത്തുന്നത് അരലക്ഷത്തിലധികം കുട്ടികളുടെ പ്രവേശന സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ഈ വിഭാഗത്തിലുള്ള 307 എയ്ഡഡ് സ്കൂളുകളിലെ 6715 സീറ്റുകളിലേക്കുള്ള അലോട്ട്മെന്റാണ് ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകാനായി മാറ്റിവെക്കാൻ തീരുമാനിച്ചത്.
ഇത്രയും സീറ്റുകൾ ഓപൺ മെറിറ്റിൽ ലയിപ്പിച്ചാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇതുവഴി ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ പ്രവേശന സാധ്യതയും തെളിഞ്ഞിരുന്നു. 6715 സീറ്റുകൾ മാറ്റിവെച്ച് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതോടെ ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെട്ട ഒട്ടേറെ പേർ പുറത്താവുകയോ അലോട്ട്മെന്റിൽ മാറ്റം വരുകയോ ചെയ്യും.
മാറ്റിവെച്ച സീറ്റുകളിൽ ട്രയൽ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് സീറ്റ് പ്രതീക്ഷ പുലർത്തുന്നവർ പുതിയ സാഹചര്യത്തിൽ ആദ്യ അലോട്ട്മെന്റിൽ പുറത്താവുകയോ താഴെയുള്ള ഓപ്ഷനുകളിലേക്ക് മാറുകയോ ചെയ്യും. ഇതിന്റെ ഫലമായി ഇവർക്കു പകരം അലോട്ട്മെന്റ് ലഭിക്കുന്ന സീറ്റുകളിൽ ട്രയൽ ഘട്ടത്തിൽ സീറ്റ് ഉറപ്പിച്ചിരുന്ന കുട്ടികളും പുറത്താകും. 6715 സീറ്റുകളാണ് മാറ്റിവെക്കുന്നതെങ്കിലും ഇത് അരലക്ഷത്തിലധികം കുട്ടികളുടെ അലോട്ട്മെന്റ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് ഹയർസെക്കൻഡറി പ്രവേശന വിഭാഗത്തിന്റെ വിലയിരുത്തൽ.
വർധിപ്പിച്ച സീറ്റുകളിലേക്കും അധിക ബാച്ചുകളിലേക്കും ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേക്കും ആദ്യഘട്ടത്തിൽതന്നെ അലോട്ട്മെന്റ് നടത്തുമെന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രഖ്യാപനവും സീറ്റുകൾ മാറ്റിവെക്കാനുള്ള തീരുമാനത്തോടെ പാളി. കോടതി വിധിക്കനുസൃതമായി അടുത്തഘട്ടത്തിൽ മാറ്റിവെച്ച സീറ്റുകൾ അലോട്ട്മെന്റിൽ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഈ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് വൈകിയാൽ മെറിറ്റിൽ മുന്നിലുള്ള വിദ്യാർഥികൾക്ക് മെച്ചപ്പെട്ട സ്കൂളും കോഴ്സ് കോമ്പിനേഷനും ലഭിക്കുന്നതിനും തടസ്സമാകും.
മുന്നാക്ക സമുദായ മാനേജ്മെന്റ് സ്കൂളുകളിൽ 10 ശതമാനം സമുദായ ക്വോട്ട സീറ്റ് അനുവദിച്ച സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കുകയും ഈ സീറ്റ് ഓപൺ മെറിറ്റിൽ ലയിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
കോടതി വിധിക്കനുസൃതമായി സീറ്റുകൾ ലയിപ്പിച്ചാണ് ട്രയൽ അലോട്ട്മെന്റ് നടത്തിയത്. ഇതിനു ശേഷമാണ് വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാർ തീരുമാനമെടുത്തത്.
സമുദായ ഇതര സ്വതന്ത്ര മാനേജ്മെന്റുകൾക്ക് ലഭിച്ചിരുന്ന 30 ശതമാനം മാനേജ്മെന്റ് ക്വോട്ട സീറ്റിൽനിന്ന് 10 ശതമാനം തിരിച്ചെടുത്ത് സർക്കാർ ഓപൺ മെറിറ്റിൽ ലയിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മാനേജ്മെന്റുകൾ സമർപ്പിച്ച ഹരജിയാണ് മുന്നാക്ക സമുദായ മാനേജ്മെന്റുകൾക്ക് കൂടി തിരിച്ചടിയായത്. വിധിക്കെതിരെ എൻ.എസ്.എസ് അപ്പീൽ സമർപ്പിച്ചതിന് പിന്നാലെയാണ് സർക്കാറും അപ്പീലിന് പോകാൻ തീരുമാനിച്ചത്. കേസ് തിങ്കളാഴ്ച ഹൈകോടതിയുടെ പരിഗണനക്ക് വരുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.