പ്ലസ് വൺ: ഏഴ് ജില്ലകളിൽ 30 ശതമാനം സീറ്റ് വർധന
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഏഴ് ജില്ലകളിൽ 30 ശതമാനവും മൂന്നു ജില്ലകളിൽ 20 ശതമാനവും സീറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചു. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ മുഖ്യഘട്ടം മുതൽതന്നെ ആനുപാതിക സീറ്റ് വർധനയും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ചാകും അലോട്ട്മെന്റ് പ്രക്രിയ. ഇതിനുള്ള സർക്കാർ ഉത്തരവുകൾ വൈകാതെ പുറത്തിറങ്ങും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലാണ് 30 ശതമാനം സീറ്റ് വർധന. ഈ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധന അനുവദിക്കും.
ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി സീറ്റ് വർധന (മൊത്തം 30 ശതമാനം) അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ 20 ശതമാനം സീറ്റ് വർധന അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി വിജയിച്ച കുട്ടികളെക്കാൾ കൂടുതൽ പ്ലസ് വൺ സീറ്റുണ്ടെന്ന വിലയിരുത്തലിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റ് വർധനയുണ്ടാകില്ല.
കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും ഉൾപ്പെടെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകും. സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും ആദ്യഘട്ടംതന്നെ നടപ്പാക്കുന്നത് മെറിറ്റുള്ള വിദ്യാർഥികൾക്ക് ഇഷ്ട സ്കൂളുകളും വിഷയ കോമ്പിനേഷനും ഉറപ്പുവരുത്താൻ വഴിയൊരുക്കും. കഴിഞ്ഞ വർഷം മുഖ്യഘട്ടത്തിൽ രണ്ട് അലോട്ട്മെന്റുകൾ മാത്രമാണുണ്ടായിരുന്നത്. ഇത്തവണ ഇതു മൂന്നാക്കുന്നതും പ്രവേശനത്തിലെ മെറിറ്റ് ഉറപ്പുവരുത്താൻ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.