ടൂറിസം മേഖലയില്‍ വനിതകള്‍ക്ക് കോഴ്സുകള്‍ ആരംഭിക്കും- മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) വനിതകള്‍ക്കായി സ്കോളര്‍ഷിപ്പോടുകൂടിയ ടൂറിസം-ഹോസ്പിറ്റാലിറ്റി കോഴ്സുകളും സൗജന്യ പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
മള്‍ട്ടി സ്കില്‍ഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടിവ് ഡിപ്ലോമ കോഴ്സുകളാണ് വനിതകള്‍ക്കായി കിറ്റ്സ് നടത്തുന്നത്. ആറു കോഴ്സുകളിലൂടെയും 13 പരിശീലന പരിപാടികളിലൂടെയും 600 ലധികം വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഫ്രണ്ട് ഓഫിസ് മാനേജ്മെന്റ്, ഹൗസ് കീപ്പിങ്, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് തുടങ്ങിയ വിഭാഗങ്ങളില്‍ തൊഴില്‍ ലഭിക്കുന്ന കോഴ്സിന് 30,000 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗത്തിലുള്ള വനിതകള്‍ക്ക് ഫീസ് ഇളവുണ്ടാകും. മറ്റ് വിഭാഗത്തിലുള്ളവര്‍ക്ക് 50 ശതമാനം സ്കോളര്‍ഷിപ്പും ലഭിക്കും. മെറിറ്റടിസ്ഥാനത്തിലാകും അഡ്മിഷന് നടത്തുക. പ്ലസ്ടു പാസായിരിക്കണം. ആറുമാസ കാലാവധി പൂര്‍ത്തിയാക്കി കോഴ്സ് വിജയികളാകുന്നവര്‍ക്ക് കിറ്റ്സ് നൂറ് ശതമാനം പ്ലേസ്മെന്റ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കിറ്റ്സിലെ മുന്‍ അധ്യാപികയും സിവില്‍ സര്‍വിസ് ജേതാവുമായ വി.എം. ആര്യയെ മന്ത്രി ആദരിച്ചു. ചടങ്ങില്‍ കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ. ബി. രാജേന്ദ്രന്, കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് എം.ആര് എന്നിവര്‍ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.