ജില്ല വികസന സമിതി യോഗം;വയനാട് ജില്ലയില്‍ കൂടുതല്‍ ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിക്കണം
text_fieldsകൽപറ്റ: ജില്ലയില്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ഹ്യൂമാനിറ്റീസിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കാന്‍ ജില്ല കലക്ടര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
ജില്ലയില്‍ 361 പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് 2022-23 വര്‍ഷത്തെ ഏകജാലക സംവിധാനം വഴി പ്ലസ് വണിന് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. മുന്‍ വര്‍ഷങ്ങളിലേതുപോലെ പ്രത്യേക അഡ്മിഷന്‍ നല്‍കുന്നതിനായി വിദ്യാർഥികളുടെ ലിസ്റ്റ് ഉള്‍പ്പെടെ പട്ടികവര്‍ഗ വകുപ്പ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും ഈ സ്ഥിതി ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഗോത്രവർഗ വിദ്യാർഥികളുടെ തുടര്‍ പഠനം മുടങ്ങാതിരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളൊരുക്കി കൂടുതല്‍ ഹ്യൂമാനിറ്റീസ് ബാച്ചുകള്‍ ജില്ലയില്‍ അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ജില്ല വികസന സമിതി യോഗം തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം ജില്ലയിലെ മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ രണ്ട് പുതിയ ഹ്യൂമാനിറ്റീസ് ബാച്ചുകളും കോട്ടത്തറ, തരിയോട് സ്‌കൂളുകളില്‍ ഓരോ ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് താല്‍ക്കാലിക ബാച്ചുകളും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
എങ്കിലും ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗ വിദ്യാർഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കാനുളള സീറ്റുകള്‍ ലഭ്യമായിരുന്നില്ല. താരതമ്യേന അക്കാദമിക് പിന്നാക്കാവസ്ഥയുളള ഗോത്ര വിദ്യാർഥികളില്‍ കൂടുതല്‍ പേരും പ്രവേശനം ആഗ്രഹിക്കുന്നത് സയന്‍സ് ഇതര വിഷയങ്ങളിലായതിനാല്‍ പട്ടിക വര്‍ഗ ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ തന്നെ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാണ് ആവശ്യം.
കൊഴിഞ്ഞ്‌പോക്ക് അടക്കമുളള പ്രശ്‌നങ്ങള്‍ക്കും ഒരു പരിധിവരെ ഇത് സഹായകരമാകുമെന്ന് യോഗം വിലയിരുത്തി.
തൂക്കുവേലിക്കാവശ്യം 23.78 കോടി
ജില്ലയില്‍ വന്യമൃഗ ശല്യം വർധിച്ച് വരുന്ന സാഹചര്യത്തില്‍ ഓരോ ഡിവിഷന് കീഴിലും തൂക്കുവേലി സ്ഥാപിക്കുന്നതിന് ആവശ്യമായ തുക സംബന്ധിച്ച വിവരങ്ങള്‍ വനം വകുപ്പ് ജില്ല വികസന സമിതി യോഗത്തില്‍ സമര്‍പ്പിച്ചു. വൈല്‍ഡ് ലൈഫ് ഡിവിഷന് 6.04 കോടിയും നോര്‍ത്ത്, സൗത്ത് ഡിവിഷനുകള്‍ക്ക് യഥാക്രമം 2.74 കോടിയും 15 കോടിയും തൂക്കുവേലി നിർമാണത്തിന് ആവശ്യമാണെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.
പുത്തുമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 'ഹര്‍ഷം' പദ്ധതിയിലൂടെ നിർമിച്ച വീടുകളുടെ ചോര്‍ച്ച പരിഹരിക്കണമെന്ന ടി. സിദ്ധീഖ് എം.എല്‍.എയുടെ ആവശ്യത്തില്‍ വീടുകള്‍ നിർമിച്ച് നല്‍കിയ എന്‍.ജി.ഒകളുമായി നവംബര്‍ നാലിന് യോഗം ചേര്‍ന്ന് പരിഹാരം കാണുമെന്ന് കലക്ടര്‍ എ.ഗീത അറിയിച്ചു.
കണിയാമ്പറ്റ പ്രദേശത്ത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വിവരം നല്‍കിയ വ്യക്തിയുടെ വിവരങ്ങള്‍ എക്‌സൈസ് വകുപ്പില്‍ നിന്നും ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സ്വീകരിച്ച നടപടി അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ല വികസന സമിതി യോഗം കര്‍ശന നിർദേശം നല്‍കി. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ല ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വഹണ പുരോഗതിയും തുക വിനിയോഗവും ജില്ല വികസന സമിതി വിലയിരുത്തി.
എം.എല്‍.എമാരായ ഒ.ആര്‍. കേളു, ടി. സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കലക്ടര്‍ എ. ഗീത, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.