കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉന്നതതല തീരുമാനം. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി. അബ്ദു റഹ്മാൻ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
കലാമണ്ഡലത്തോട് ചേർന്നുള്ള വഖഫ് ബോർഡിന്റെ അഞ്ച് ഏക്കർ സ്ഥലം വിട്ടു നൽകാനാണ് തത്വത്തിൽ ധാരണയായത്. ഇതിനു പകരമായി വഖഫ് ബോർഡ് ഓർഫനേജിനോട് ചേർന്നു കിടക്കുന്ന അഞ്ച് ഏക്കർ സ്വകാര്യ ഭൂമി വാങ്ങി നൽകും. വഖഫ് ബോർഡിന്റെ അനുമതിയോടെ നടപടികൾ പൂർത്തിയാക്കാനാണ് ധാരണ.
കലാ മണ്ഡലത്തെ സാംസ്ക്കാരിക സർവകലാശാലയാക്കുമെന്ന് കഴിഞ്ഞ ദിവസം നയപ്രഖ്യാപനത്തിലൂടെ സർക്കാർ വ്യക്തമാക്കിയിരുന്നു. വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, മുഹമ്മദ് ഹനീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
അക്കാദമിക് വിദ്യാഭ്യാസം കലാമണ്ഡലത്തിൽ സ്വപ്നമായിരുന്ന കാലത്ത് അതിനായി വിദ്യാർഥികൾക്കൊപ്പം എസ്.എഫ്.ഐ ഭാരവാഹി എന്ന നിലയിൽ സമരം നയിച്ചിരുന്നു. ഇന്ന് സർവകലാശാലയായി ഉയരുകയാണ്. അതിനുള്ള ഭൗതിക സാഹചര്യങ്ങളാണ് മന്ത്രിമാരെ ഒന്നിച്ചിരുത്തി ഒരുക്കുന്നത്. കലാമണ്ഡലത്തിന്റെ ജനപ്രതിനിധിയെന്ന നിലയിൽ ഏറെ ആഹ്ലാദകരമാണെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.