പരീക്ഷ മാറ്റിവെക്കൽ: വിദ്യാർഥികൾക്കിത് ദുരിതകാലം
text_fieldsകാസർകോട്: തെരഞ്ഞെടുപ്പ് കാരണം പറഞ്ഞ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിയതിലൂടെ വിദ്യാർഥികൾ നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം. മാർച്ചിൽ നേരാംവണ്ണം പൂർത്തിയാവേണ്ട പരീക്ഷകളാണ് കോവിഡ് മഹാമാരിയുടെ മൂർധന്യവേളയിൽ എത്തിെപ്പട്ടത്.
ഏപ്രിൽ എട്ടിനാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. എസ്.എസ്.എൽ.സി പരീക്ഷ ഏപ്രിൽ 29നും പ്ലസ് ടു- വി.എച്ച്.എസ്.ഇ പരീക്ഷകൾ ഏപ്രിൽ 30നുമാണ് അവസാനിക്കുക. അപ്രതീക്ഷിതമാണെങ്കിലും കോവിഡിെൻറ രണ്ടാം തരംഗം രൂക്ഷമായ വേളയാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ചില ജില്ലകളിൽ 17 ശതമാനം വരെ എത്തി. സമ്പൂർണ ലോക്ഡൗണില്ലെങ്കിലും സമാന രീതിയിലുള്ള നിയന്ത്രണം, പ്രാദേശികമായി അടച്ചുപൂട്ടലുണ്ടാവുമെന്ന് സർക്കാർ സൂചനയും നൽകി.
സാഹചര്യം അതീവ ദുഷ്കരമായതോടെ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റി. ഈ സമയത്ത് ഏറ്റവും കൂടുതൽ പിരിമുറുക്കം നേരിടുന്നവരായി സംസ്ഥാനത്തെ പൊതുവിദ്യാലയത്തിലെ വിദ്യാർഥികൾ മാറി. വിദ്യാർഥികളെ സ്കൂളിൽ സുരക്ഷിതമായി എത്തിക്കുന്ന കാര്യത്തിൽ രക്ഷിതാക്കളുടെ ആശങ്ക ഇരട്ടിച്ചു. പരീക്ഷാർഥികളിലും കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം കൂടി. ഇവർക്കായി പ്രത്യേക റൂം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും രോഗം തിരിച്ചറിയാത്തവരും പരീക്ഷക്ക് എത്തുന്നുവെന്നാണ് അധ്യാപകരുടെ ആശങ്ക.
ബസിൽ നിന്നു യാത്ര ചെയ്യുന്നത് വിലക്കിയതു ഉൾെപ്പടെയുള്ള കാരണങ്ങളാൽ വിദ്യാർഥികൾ വൈകി പരീക്ഷാഹാളിലെത്തുന്നു. മാർച്ച് 17നാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ തുടങ്ങേണ്ടിയിരുന്നത്. മോഡൽ പരീക്ഷ വരെ പൂർത്തിയാക്കി പൊതുപരീക്ഷ തുടങ്ങാൻ ആറുദിവസം മാത്രമുള്ളപ്പോഴാണ് മാറ്റിയത്. പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ സംഘടനകളാണ് സർക്കാറിനെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് പരിശീലനവും സ്കൂളുകൾ നേരത്തേ ഏറ്റെടുക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് സർക്കാർ അനുമതിയും നേടിയെടുത്തു. ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത് സർക്കാറാണെന്ന് ആരോപിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തുവന്നു. പരീക്ഷയെഴുതുന്ന കുട്ടികളുടേയും അധ്യാപകരുടേയും സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്തം സർക്കാറിനാണെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.