കുട്ടികൾക്കായി ചുമടെടുത്തും കഞ്ഞിവെച്ചും 'ഏകാധ്യാപകൻ'
text_fieldsതൊടുപുഴ: തൊഴിലിൽ മാത്രമല്ല, ജീവിതംകൊണ്ടും 'ഏകാധ്യാപകനാ'ണ് മുരളി മാഷ്. കുട്ടികളോടൊത്ത് കാടുകയറിയും അവർക്കായി ചുമടെടുത്തും കഞ്ഞിവെച്ച് വിളമ്പിയും ഗുരുനാഥെൻറ സങ്കൽപം മാറ്റിയെഴുതിയ ഏക അധ്യാപകൻ. ഇടുക്കി കുറത്തിക്കുടി ആദിവാസി കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ പി.കെ. മുരളീധരെൻറ ജീവിതം അതുകൊണ്ടാണ് ഹ്രസ്വ ചലച്ചിത്രമായി പരിണമിക്കുന്നത്.
മാങ്കുളം സ്വദേശിയായ മുരളീധരൻ 2000ത്തിൽ ഏകാധ്യാപകനായി ആദ്യമെത്തിയത് ഗോത്രവർഗ മേഖലയായ ഇടമലക്കുടിയിലാണ്. സ്കൂളും പാഠപുസ്തകവും അവിടുത്തെ കുട്ടികളുടെ സങ്കൽപത്തിൽപോലും ഇല്ലാത്തകാലം. നേരം പുലർന്നാൽ കാടുകയറുന്ന കുട്ടികൾക്കൊപ്പം അദ്ദേഹവും കൂടി.
ഞണ്ടുപിടിക്കാനും തേനെടുക്കാനും കളിക്കാനും കൂടെവരുന്ന മാഷിനെ കുട്ടികൾ വേഗം ഇഷ്ടപ്പെട്ടു. അങ്ങനെ 58 കുട്ടികളുമായി ക്ലാസ് തുടങ്ങി. ചെറിയൊരു ചാവടിയായിരുന്നു സ്കൂൾ. രാത്രിയായാൽ തണുപ്പകറ്റാൻ ഉൗരുവാസികൾ അതിനുള്ളിൽ നെരിപ്പോട് കൂട്ടും. രാവിലെ മുരളീധരെൻറ ആദ്യ ജോലി അവിടെ കുമിഞ്ഞുകൂടിയ ചാരം വാരിമാറ്റുകയാണ്. ചാക്ക് വിരിച്ച് നിലത്തിരിക്കുന്ന കുട്ടികൾക്ക് മുന്നിൽ വിതറിയിട്ട പൊടിമണലിൽ മാഷ് അക്ഷരങ്ങളെഴുതും.
മൂന്നാറിലെ മാവേലി സ്റ്റോറിലെത്തി ഉച്ചക്കഞ്ഞിക്ക് സാധനങ്ങൾ വാങ്ങി ദുർഘട കാട്ടുപാതകളിലൂടെ മുരളീധരൻ ഒറ്റക്ക് ചുമന്നെത്തിക്കും. അത് പാകം ചെയ്ത് വിളമ്പുന്നതും അദ്ദേഹംതന്നെ. കുട്ടികൾക്ക് രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും തെൻറ തുച്ഛ ശമ്പളത്തിൽനിന്ന് അദ്ദേഹം തുക മാറ്റിവെച്ചു. കാട്ടിൽ വായനശാല ഒരുക്കി.
ഉൗരുവാസികൾക്ക് റേഷൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും ലഭ്യമാക്കി. ഒഴിവുസമയങ്ങളിൽ പ്രായമായവരെ എഴുത്തും വായനയും പഠിപ്പിച്ചു. അറിവിലൂടെ ആദിവാസിയെ ചിന്തിക്കാനും സ്വപ്നം കാണാനും പ്രാപ്തനാക്കിയ അധ്യാപകനെ പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിച്ചു. ഇടമലക്കുടിയിൽ 20 വർഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ വർഷമാണ് കുറത്തിക്കുടിയിലെത്തിയത്. കോവിഡ് വന്നതിനാൽ ഇതുവരെ ഇവിടുത്തെ കുട്ടികളെ ഒരുമിച്ച് കാണാനായിട്ടില്ലെന്ന് മാഷ് പറയുന്നു.
ഗോത്രമേഖലയിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ മുരളീധരെൻറ ജീവിതത്തിലൂടെ വരച്ചുകാട്ടുന്ന 'ഒരേ പകൽ' എന്ന ഹ്രസ്വചിത്രം ഉടൻ പുറത്തിറങ്ങും. മുരളീധരനും കുറത്തിക്കുടിയിലെ കുട്ടികളും വേഷമിടുന്ന ചിത്രം വന്യജീവി ഫോേട്ടാഗ്രാഫർ ബിജു കാരക്കോണവും സംവിധായകൻ സൂരജ് ശ്രീധറും ചേർന്നാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.