മലയോരത്ത് അധ്യയനം 'ഔട്ട് ഓഫ് സിലബസാ'കില്ല
text_fieldsകണ്ണൂർ: മലയോരത്തെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വസിക്കാം. ഇരിട്ടി കാലാങ്കി ഏകാധ്യാപക വിദ്യാലയം നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കാനും ആറളം ഫാം എച്ച്.എസ്.എസിൽ അധ്യാപക നിയമനത്തിനും നടപടിയായേക്കും.
കാലാങ്കി ഏകാധ്യാപക വിദ്യാലയം നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ ജില്ല ആസൂത്രണ സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. സ്കൂൾ പൂട്ടിയാൽ വിദ്യാർഥികൾക്ക് ഒമ്പതു കിലോമീറ്റർ അകലെയുള്ള സ്കൂളാണ് ഏക ആശ്രയമെന്നും എം.എൽ.എ യോഗത്തിൽ അറിയിച്ചു. ഇതേത്തുടർന്ന് സ്കൂൾ തിങ്കളാഴ്ച ഡി.ഡി.ഇ സന്ദർശിക്കാനും യോഗത്തിൽ തീരുമാനമായി.
ഇരുപത് വര്‍ഷത്തിലേറെയായി ഇരിട്ടി കാലാങ്കിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എം.ജി.എല്‍.സി വിദ്യാലയമാണ് അടച്ചുപൂട്ടാനുള്ള തീരുമാനം. തുടർന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ജനകീയ കൂട്ടായ്മ കണ്ണൂര്‍ ഡി.ഡി.ഇ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സ്കൂൾ പൂട്ടിയാൽ കുട്ടികൾക്ക് ഒമ്പതു കിലോമീറ്റർ അകലെയുള്ള സ്കൂളില്‍ പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കാലാങ്കിയില്‍ ഗവ. എല്‍.പി സ്കൂള്‍ അനുവദിക്കുക എന്നുള്ളത് 40 വര്‍ഷത്തോളമായി നാട്ടിലെ ജനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എം.ജി.എല്‍.സി വിദ്യാലയം അടച്ചുപൂട്ടുന്ന അവസ്ഥയിലേക്കുള്ള തീരുമാനം വന്നത്. ഇതിലാണ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് നടപടിയായത്.
ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലിന്റെ നിയമനം നടത്തുന്നതുവരെയുള്ള ചാർജ് സ്കൂൾ പ്രധാനാധ്യാപകന് നൽകിയതായി ഹയർ സെക്കൻഡറി മേഖല ഉപഡയറക്ടർ അറിയിച്ചു.
സ്കൂളിൽ ആവശ്യമായ അധ്യാപക തസ്തിക അനുവദിക്കാനും പ്രിൻസിപ്പൽ നിയമനം ഉടൻ നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ നിരവധി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കക്കാണ് പരിഹാരമാകുന്നത്.
മാസങ്ങളോളം പ്രിൻസിപ്പൽ ഇല്ലാതെയായിരുന്നു സ്കൂളിന്റെ പ്രവർത്തനം. ഏതാനും മാസങ്ങൾ മാത്രം ഉണ്ടായിരുന്ന പ്രിൻസിപ്പൽ വിരമിച്ചശേഷം കസേര ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ ഒമ്പത് അധ്യാപക തസ്തികകൾ വേണ്ടിടത്ത് ഒരു അധ്യാപകനെപ്പോലും നിയമിച്ചിരുന്നുമില്ല. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ് ആറളം ഫാം. ഇവിടെയുള്ള സ്കൂളിനാണ് ശോച്യാവസ്ഥ.
ഈ വർഷത്തെ ഹയർ സെക്കൻഡറി ഫലം വന്നപ്പോൾ സ്കൂളിൽ വിജയം 36.79 ശതമാനം മാത്രമായിരുന്നു. 106 കുട്ടികളിൽ 100 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 39 പേർ മാത്രമാണ് വിജയിച്ചത്.
അധികൃതരുടെ അനാസ്ഥയാണ് ഇവിടെ വിജയശതമാനം ഇത്രമാത്രം കുറയാൻ ഇടയാക്കുന്നതെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു.
ബാലാവകാശ കമീഷൻ ചെയർമാൻ സ്ഥലത്തെത്തുകയും പ്രശ്നങ്ങൾ പഠിച്ച് എത്രയും പെട്ടെന്ന് നിയമനങ്ങൾ നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്കൂളിൽ ആവശ്യമായ അധ്യാപക നിയമനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ തുടർനടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.