വാക്സിനേഷൻ വേഗത്തിലാക്കാൻ സ്കൂൾ മേധാവികൾക്ക് നിർദേശം
text_fieldsകോട്ടയം: കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന്റെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിനേഷൻ സൗകര്യമൊരുക്കുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. 15 മുതൽ 18 വയസ്സുവരെയുള്ളവരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് ഓൺലൈനായി ചേർന്ന ജില്ലതല ടാസ്ക് ഫോഴ്സ് യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു കലക്ടർ.
രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഏറെ സഹായകമാകുന്നതിനാലാണ് അവധി ദിവസങ്ങളായ ശനിയും ഞായറും ജില്ലയിലെ എല്ലാ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിനേഷന് സൗകര്യമൊരുക്കിയത്.
ജനുവരി 10നകം കുട്ടികളുടെ വാക്സിനേഷൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. സ്കൂളുകളിലെ 15 വയസ്സിനു മുകളിലുള്ള എല്ലാ വിദ്യാർഥികളും കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തെന്ന് ഉറപ്പാക്കാനും രജിസ്ട്രേഷന് സൗകര്യമൊരുക്കാനും നടപടി സ്വീകരിക്കുന്നതിന് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളിലെയടക്കം പ്രിൻസിപ്പൽമാർക്കും സ്കൂൾ മേധാവികൾക്കും യോഗം നിർദേശം നൽകി.
വ്യാഴാഴ്ച രജിസ്ട്രേഷൻ പൂർത്തീകരിക്കുംവിധം നടപടി സ്വീകരിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടറെയും ജില്ല വിദ്യാഭ്യാസ ഓഫിസർമാരെയും ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടറെയും മറ്റു വിദ്യാഭ്യാസ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. 15 വയസ്സിന് മുകളിലുള്ള വാക്സിൻ സ്വീകരിക്കാത്ത വിദ്യാർഥികളുടെ വിവരം ഹാജർ ബുക്കിൽ രേഖപ്പെടുത്തി സംക്ഷിപ്ത റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽമാർക്കും സ്കൂൾ മേധാവികൾക്കും നിർദേശം നൽകി. എല്ലാ സ്കൂളുകളിലെയും സ്കൂൾതല നോഡൽ ഓഫിസർമാരുടെ വിവരം ജില്ല മെഡിക്കൽ ഓഫിസർക്ക് അടിയന്തരമായി നൽകണം. വിദ്യാർഥികളെ സ്കൂളിനു സമീപം വാക്സിൻ ലഭ്യമാകുന്ന പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും എത്തിച്ച് വാക്സിൻ ലഭ്യമാക്കുന്നതിന് സ്കൂൾ മുൻകൈയെടുത്താൽ ഇതിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കും.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. സി.ജെ. സിതാര, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന എ.ഒ. സിബി, വി.എച്ച്.എസ്.ഇ. അസി. ഡയറക്ടർ എ.ഡി. ലിജി ജോസഫ്, സഹോദയ പ്രസിഡന്റ് ബെന്നി ജോർജ്, ഐ.സി.എസ്.ഇ സ്കൂൾ പ്രതിനിധി ഫാ. ജയിംസ് മുല്ലശ്ശേരി, ജില്ല മാസ് മീഡിയ ഓഫിസർ ജെ. ഡോമി, ജില്ല വിദ്യാഭ്യാസ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.