യു.ജി.സി കരട് റെഗുലേഷൻ; കേരളത്തിന്റെ നിലപാടറിയിച്ചുള്ള റിപ്പോർട്ട് നൽകി
text_fieldsതിരുവനന്തപുരം: സംസ്ഥാന സർവകലാശാലകൾക്ക് മേൽ ഗവർണർമാരെ ഉപയോഗിച്ച് പിടിമുറുക്കാൻ ലക്ഷ്യമിട്ടുള്ള യു.ജി.സി കരട് റെഗുലേഷനിലുള്ള നിലപാടും വിയോജിപ്പുകളുമടങ്ങിയ റിപ്പോർട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും യു.ജി.സി ചെയർമാനുമാണ് റിപ്പോർട്ട് നൽകിയത്.
സർവകലാശാലകളുടെ സ്വയംഭരണത്തിനുള്ള സംരക്ഷണവും അക്കാദമിക, ഭരണപരമായ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതും അനിവാര്യമാണെന്ന് കേരളം ആവശ്യപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ഘടന ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കേന്ദ്രഭരണത്തിന്റെ അധികാരം വ്യാപകമാക്കുന്നത് ആശങ്കജനകമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാറുകളുടെ പങ്ക് നിലനിർത്തുന്നതിന് ആവശ്യമായ സംരക്ഷണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. കരട് ചട്ടങ്ങൾക്ക് രൂപം നൽകുംമുമ്പ് വിവിധ മേഖലകളിൽ നിന്നുള്ള ഭാഗധാരികളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകൾക്ക് മുൻഗണന നൽകണം. അധ്യാപക, അനധ്യാപക ജീവനക്കാരുടെയും വിദ്യാർഥികളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും സർവിസ് നിബന്ധനകളും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി അധ്യക്ഷയായ സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിെൻറ നേതൃത്വത്തിലാണ് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംവാദത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, കെ.സി.എച്ച്.ആർ ചെയർമാൻ ഡോ.കെ.എൻ. ഗണേഷ്, ആസൂത്രണ ബോർഡ് അംഗം പ്രഫ. ജിജു പി. അലക്സ്, കരട് ചട്ടങ്ങൾ പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച പ്രഫ. പ്രഭാത് പട്നായിക്, കമ്മിറ്റി അംഗം ഡോ. വാണി കേസരി എന്നിവർ സംവാദത്തിൽ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.