50 ശതമാനം കരാർ അധ്യാപക നിയമനത്തിന് യു.ജി.സി നിർദേശം
text_fieldsന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ അധ്യാപക നിയമനം, പ്രമോഷൻ എന്നിവയിൽ മാറ്റം നിർദേശിച്ച് സർവകലാശാല ധനസഹായ കമീഷൻ. പകുതി അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാമെന്ന സുപ്രധാന നിർദേശം കരടുരേഖയിൽ യു.ജി.സി മുന്നോട്ടുവെച്ചു. കേന്ദ്ര സർക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി 2020) ഭാഗമായാണ് കരട് മാർഗരേഖ. മൊത്തം അധ്യാപകരിൽ 50 ശതമാനം പേരെ കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്കോ വിസിറ്റിങ് പ്രഫസർമാരായോ നിയമിക്കാമെന്ന് യു.ജി.സി വിശദീകരിച്ചു.
തിയറിയുടെയും പ്രാക്ടിക്കലിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനു വേണ്ടിയാണ് ഇത്തരം നിയമനം. പ്രധാനപ്പെട്ട ജേണലുകളിലും മറ്റും വരുന്ന അധ്യാപകരുടെ പ്രബന്ധങ്ങൾ, വിദ്യാർഥികൾ നൽകുന്ന അവലോകനം തുടങ്ങിയവ പരിഗണിച്ച് അധ്യാപകർക്ക് വേഗത്തിലുള്ള പ്രമോഷൻ നൽകൽ, സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനം തുടങ്ങിയവ സംബന്ധിച്ചും നിർദേശത്തിൽ വ്യക്തമാക്കുന്നു.
യു.ജി.സി, എ.ഐ.സി.ടി.ഇ (അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ) എന്നിവ ഇല്ലാതാക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപം കൊള്ളുന്ന വിധമാണ് പുതിയ വിദ്യാഭ്യാസ നയം. ഉന്നത വിദ്യാഭ്യാസ ധനസഹായ കൗൺസിലായിരിക്കും അടിസ്ഥാന വികസനത്തിനും മറ്റുമുള്ള ഫണ്ട് സ്ഥാപനങ്ങൾക്ക് അനുവദിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലെ ഭൂമി കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. വിവിധ സ്ഥാപനങ്ങൾക്ക് കീഴിൽ ഏക്കർ കണക്കിന് ഭൂമി വെറുതെ കിടക്കുന്നുണ്ടെന്നും ഇത്തരം സ്ഥലങ്ങളിൽ ഗവേഷണ സ്ഥാപനം, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ളവ തുടങ്ങണമെന്നും മാർഗ നിർദേശത്തിൽ വിശദീകരിക്കുന്നു. നിർദേശത്തിനെതിരെ ഡൽഹി സർവകലാശാല അടക്കമുള്ള സ്ഥാപനങ്ങളിലെ അധ്യാപകർ രംഗത്തുവന്നു. ഇത് കരാർവത്കരണ സംസ്കാരത്തിലേക്ക് നയിക്കുമെന്ന് ഡൽഹി സർവകലാശാലയിലെ പ്രഫസറായ രാജേഷ് ഝാ പറഞ്ഞു. ഏതൊരു സ്ഥാപനത്തിന്റെയും പുരോഗതിക്ക് കാരണമായിട്ടുള്ളത് അവിടത്തെ സ്ഥിരം അധ്യാപകരാണെന്ന് ഡി.യു ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. ഭാഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.