പരിണാമ സിദ്ധാന്തം ഒഴിവാക്കിയത് പ്രതിഷേധാർഹം, കേരളത്തിന്‍റെ നിലപാടുമായി മുന്നോട്ടു പോകും -മന്ത്രി ശിവൻകുട്ടി
text_fieldsകോഴിക്കോട്: എൻ.സി.ഇ.ആർ.ടി 9, 10 ക്ലാസ്സുകളിൽ പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതേസമയം, കേരളത്തിന് കൃത്യമായ പുരോഗമനപരമായ നിലപാട് ഉണ്ടെന്നും ആ നിലപാടുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
പരിണാമത്തെപ്പറ്റിയും പരിണാമസിദ്ധാന്തത്തെപ്പറ്റിയും മനസിലാക്കാൻ കഴിയാത്ത കുട്ടികൾക്ക് ഫലത്തിൽ ഭൂമിയിൽ ജീവനുണ്ടായതിനെപ്പറ്റിയോ, ജീവപരിണാമത്തെപ്പറ്റിയോ ശാസ്ത്രീയമായ വിശദീകരണത്തിന് കഴിയാതെ വരും. ഭൂമിയിലെ ജീവന്റെ പരിണാമം മനസിലാക്കാതെ പോകുന്ന ഹൈസ്‌കൂൾ കുട്ടിക്ക് പുതിയ ജീവിവർഗം എങ്ങനെ ആവിർഭവിക്കുന്നതെന്ന് ശാസ്ത്രീയമായി വിശദീകരിക്കാനോ മനസ്സിലാക്കാനോ കഴിയാതെ വരുന്നത് അവരുടെ ശാസ്ത്രചിന്തയെ പിന്നോട്ടടിക്കുന്നതിന് കാരണമാകും.
ഡി.എൻ.എ ഘടനയിൽ കൂടുതൽ പഠനം നടക്കുന്നതും മോളിക്യുലാർ ബയോളജിയിൽ കൂടുതൽ കണ്ടുപിടുത്തം നടക്കുന്നതുമായ ഈ കാലത്ത് ഒരുപാട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജീവോൽപത്തിയെപ്പറ്റിയും ജീവപരിണാമത്തെപ്പറ്റിയും പ്രചരിക്കുന്നതിനും കുട്ടികളിൽ അന്ധവിശ്വാസം വളരാനും ശാസ്ത്രബോധം വളരുന്നതിന് തടസമാകാനും ഈ പാഠഭാഗങ്ങൾ ഒഴിവാക്കുന്നതിലൂടെ കാരണമാകും.
ഏറെ പ്രാധാന്യമുള്ള മൂന്ന് പാഠഭാഗങ്ങളാണ് ഒമ്പതാം ക്ലാസിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ഇക്കാര്യത്തിൽ കേരളത്തിന് കൃത്യമായ പുരോഗമനപരമായ നിലപാട് ഉണ്ട്. ആ നിലപാടുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും -മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.