ചോദ്യമാതൃക അവഗണിച്ചും വി.എച്ച്.എസ്.ഇ ചോദ്യം പകർത്തിയും ഇംഗ്ലീഷ് പരീക്ഷ
text_fieldsതിരുവനന്തപുരം: പതിവ് ചോദ്യമാതൃകകൾ അവഗണിച്ചും വി.എച്ച്.എസ്.ഇ ചോദ്യബാങ്കിൽനിന്നുള്ള ചോദ്യങ്ങൾ പകർത്തിവെച്ചും രണ്ടാം വർഷ ഹയർ സെക്കൻഡറി ഇംഗ്ലീഷ് പരീക്ഷ. മോഡൽ പരീക്ഷയിൽ ഉൾപ്പെടെ വന്ന ചോദ്യമാതൃകയെ തകിടം മറിച്ച ചോദ്യപേപ്പർ ശരാശരിക്ക് മുകളിലുള്ള വിദ്യാർഥികൾക്ക് പോലും കടുപ്പമായെന്ന് അധ്യാപകർ പറയുന്നു.
80 മാർക്കിന് ഉത്തരമെഴുതാനുള്ള ചോദ്യപേപ്പറിൽ 38 മാർക്കിനുള്ള 13 ചോദ്യങ്ങൾ വി.എച്ച്.എസ്.ഇ ചോദ്യങ്ങൾ പകർത്തിവെച്ചതാണ്. ലെറ്റർ, ക്യാരക്ടർ സ്കെച്ച്, റെസ്യൂമെ വിത്ത് ജോബ് ആപ്ലിക്കേഷൻ, ബ്ലർബ്, പ്രൊഫൈൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് എഴുതാൻ ചോദ്യം വരാറുണ്ട്. മോഡൽ പരീക്ഷയിലും ഇത്തരം ഒന്നിലധികം ചോദ്യങ്ങൾ വന്നിരുന്നു.
ഈ ഭാഗങ്ങൾ അവഗണിച്ചായിരുന്നു ഇംഗ്ലീഷ് പരീക്ഷ ചോദ്യപേപ്പർ. ലോകകപ്പിൽ അർജൻറീന-പോർച്ചുഗൽ മത്സരത്തിന്റെ അനൗൺസറായി സങ്കൽപ്പിച്ച് സ്ക്രിപ്റ്റ് തയാറാക്കാനും ബി.ബി.സി റിപ്പോർട്ടറായി കോടതി വിചാരണയുടെ തത്സമയ റിപ്പോർട്ടിങ്ങിനുമുള്ള ചോദ്യങ്ങളാണ് ഇത്തവണ ഇടംപിടിച്ചത്. വിദ്യാർഥികളെ വെള്ളം കുടിപ്പിക്കുന്നതായിരുന്നു ചോദ്യങ്ങളെന്ന് അധ്യാപകർ പറയുന്നു.
യൂനിറ്റ് അടിസ്ഥാനത്തിലുള്ള മാർക്ക് വിഹിതം തെറ്റിക്കുന്ന രീതിയിലായിരുന്നു ചോദ്യങ്ങൾ. കുത്തഴിഞ്ഞ പരീക്ഷസമ്പ്രദായമാണ് ഹയർ സെക്കൻഡറിയിലേതെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൽ ജലീൽ വിദ്യാഭ്യാസ മന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.