പരീക്ഷകളുടെ ചോദ്യങ്ങൾ യുട്യൂബ് ചാനലിലൂടെ ചോർന്നതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്
text_fieldsതിരുവനന്തപുരം: പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷക്ക് മുമ്പ് യുട്യൂബ് ചാനൽ വഴി ചോർന്നതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പരാതി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ടേം പരീക്ഷകളാണെങ്കിലും ചോദ്യങ്ങൾ ചോർന്നെന്ന പരാതി ഗൗരവമായാണ് കാണുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, പരീക്ഷ വീണ്ടും നടത്തില്ല. ചോദ്യപേപ്പർ തയാറാക്കുന്നത് അധ്യാപകരാണ്. വിതരണം ചെയ്യുന്നത് സ്കൂളിലെ പ്രധാനാധ്യാപകരും അധ്യാപകരുമാണ്. ഇവരറിയാതെ ചോദ്യപേപ്പർ പുറത്തുപോകില്ല. പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണിത്. ചോദ്യം പുറത്തുവിട്ട യുട്യൂബ് ചാനലുകാർക്കും സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾക്കും താൽക്കാലിക ലാഭം കിട്ടുമായിരിക്കും. അതൊരു മിടുക്കായാണ് അവർ അവതരിപ്പിക്കുന്നത്. അവർക്ക് ലഭിക്കുന്നത് കുപ്രസിദ്ധിയാണ്. ഉത്തരവാദികൾക്കെതിരെ വകുപ്പുതല നടപടി ഉൾപ്പെടെ ആലോചിക്കുന്നതിന് തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ എസ്.എസ്.കെ വഴി ഡയറ്റുകൾ ചോദ്യപേപ്പർ തയാറാക്കുന്ന രീതിയിൽ മാറ്റം വേണമോ എന്നും പരിശോധിക്കും.
അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ സെൻറർ ബന്ധത്തിൽ കർശന നടപടി സ്വീകരിക്കും. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിരീക്ഷിക്കാൻ വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശം നൽകും. ഇപ്പോഴത്തെ അന്വേഷണം സ്വകാര്യ ട്യൂഷൻ സെൻറർ ബന്ധമുള്ള അധ്യാപകരിലേക്കും വ്യാപിപ്പിക്കും.
കണ്ടുപിടിച്ചാൽ വകുപ്പിൽ വെച്ചുപൊറുപ്പിക്കില്ല. പൊതുവിദ്യാഭ്യാസ മേഖലയെ ആശ്രയിക്കുന്ന വിദ്യാർഥികളോടും രക്ഷിതാക്കളോടും കടുത്ത വഞ്ചനയാണ് ഇവർ കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.