'ജൈവ ഇഷ്ടിക'യിൽ നിർമിച്ച ആദ്യ കെട്ടിടം ഐ.ഐ.ടി ഹൈദരാബാദിൽ; ഒന്നിന് രണ്ടു മുതൽ മൂന്നുരൂപ വരെ മാത്രം
text_fieldsഹൈദരാബാദ്: രാജ്യെത്ത ആദ്യ ജൈവ ഇഷ്ടിക (ബയോ ബ്രിക്ക്) കെട്ടിടം ഐ.െഎ.ടി ഹൈദരാബാദിൽ. കാർഷിക മാലിന്യത്തിൽനിന്ന് നിർമിക്കുന്ന ജൈവ ഇഷ്ടിക ഒന്നിന് രണ്ടു മുതൽ മൂന്നുരൂപ വരെയാണ് വില.
വിളവെടുപ്പിന് ശേഷം വയലുകളിലുണ്ടാകുന്ന വൈക്കോലുകളും മറ്റും ഉപയോഗിച്ച് നിർമിക്കുന്നവയാണ് ഈ ജൈവ ഇഷ്ടികകൾ. വൈക്കോലുകൾ കത്തിക്കുേമ്പാഴുണ്ടാകുന്ന വായുമലിനീകരണം കുറക്കാനും ഇതുവഴി സാധിക്കും. കൂടാതെ കെട്ടിട നിർമാണത്തിന് ഉപയോഗിക്കാനും സാധാരണക്കാർക്ക് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കാനും ഇതുവഴി സാധിക്കും.
വേനൽ കാലത്തും ശൈത്യകാലത്തും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇവയുടെ നിർമാണം. മറ്റു ചുടുകട്ടകളുടെ പത്തിലൊന്ന് ഭാരം മാത്രമാണ് ഈ ജൈവ ഇഷ്ടികകൾക്കുള്ളത്. ഗ്രാമീണ മേഖലയിൽ ചെലവുകുറഞ്ഞ കെട്ടിടങ്ങൾ നിർമിക്കാൻ ഇതുവഴി സാധിക്കും.
ഐ.ഐ.ടി പ്രഫസറായ ദീപക് ജോൺ മാത്യുവിന്‍റെ നിരീക്ഷണത്തിൽ ഐ.ഐ.ടി ഗവേഷക വിദ്യാർഥിയായ പ്രിയാബ്രത റൗത്രെയും സംഘവുമാണ് ജൈവ ഇഷ്ടികകൾ നിർമിച്ചത്. 2021 ഏപ്രിലിൽ ജൈവ ഇഷ്ടികക്കും അവയുടെ നിർമാണ രഹസ്യത്തിനും പേറ്റന്‍റ് ലഭിക്കുകയും ചെയ്തു.
ഐ.ഐ.ടി ഹൈദരാബാദിൽ തന്നെയായിരുന്നു ജൈവ ഇഷ്ടിക ഉപയോഗിച്ചുള്ള ആദ്യ കെട്ടിട നിർമാണവും. ഐ.ഐ.ടിയുടെ സ്ഥലത്ത് സെക്യൂരിറ്റി കാബിനൊരുക്കുകയായിരുന്നു ഇവർ. ജൈവ ഇഷ്ടികകൊണ്ട് നിർമിച്ച ചുമരുകളെ സംരക്ഷിക്കുന്നതിനായി സിമന്‍റ് തേച്ചാണ് നിർമാണം. മേൽക്കൂരയിലും ജൈവ ഇഷ്ടികയാണ് ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക മാലിന്യം കത്തിക്കുന്നതുവഴി ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായു മലിനീകരണം രൂക്ഷമാണ്. വിളവെടുപ്പിന് ശേഷം പുതിയ കൃഷിക്കായി നിലം ഒരുക്കുന്നതിന് മുമ്പാണ് ഈ കത്തിക്കൽ. വൻതോതിൽ വായു മലിനീകരണത്തിനും ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾക്കും കാരണമാകുന്ന ഇവ ഒഴിവാക്കി ഉപകാര പ്രദമായ രീതിയിൽ ഇനി ഈ മാലിന്യങ്ങളെ ഇഷ്ടികകളായി മാറ്റാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.