ശാസ്ത്രത്തിലൊരു ആശയം തരൂ; ഗൂഗ്ള്‍ തരും ലക്ഷങ്ങള്‍
text_fieldsശ്രീപദ ശ്രീസായി ലളിത പ്രസീദയെ അറിയുമോ... 14ാം വയസ്സില്‍ സ്വപ്നം കാണാന്‍പോലും കഴിയാത്ത തുക ഒരു ഒറ്റ ആശയത്തിന് സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ മിടുക്കിയാണ് ഒഡിഷക്കാരിയായ ലളിത പ്രസീദ.
ചോളക്കതിര്‍കൊണ്ട് ഫാക്ടറിയിലെ മലിനജലം ശുചീകരിക്കാനുള്ള വിദ്യ കണ്ടുപിടിച്ച പ്രസീദ ഗൂഗ്ള്‍ സയന്‍സ് ഫെയറില്‍ തന്‍െറ ആശയം പങ്കുവെച്ചതോടെ 2015ലെ വിജയിയായി. ആറു ലക്ഷം രൂപയുടെ സമ്മാനവും ലഭിച്ചു.
ശാസ്ത്രത്തില്‍ അഭിരുചിയുണ്ടെങ്കില്‍ പ്രസീദക്ക് മാത്രമല്ല, നിങ്ങള്‍ക്കും ഇത്തരത്തില്‍ വിജയിയാകാം. ഒന്നാം സമ്മാനമായ 33 ലക്ഷം രൂപ നേടുകയും ചെയ്യാം. അതും വീട്ടില്‍ ഇരുന്നുതന്നെ. 13 മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്കാണ് അവസരം. 2016 ഗൂഗ്ള്‍ സയന്‍സ് ഫെയറിലേക്ക് മേയ് 18 വരെയാണ് പ്രോജക്ട് സമര്‍പ്പിക്കേണ്ടത്.
ഒറ്റക്കും കൂട്ടായും
ഒറ്റക്കും രണ്ടോ മൂന്നോ അംഗങ്ങള്‍ ചേര്‍ന്ന് കൂട്ടായും നിങ്ങള്‍ക്ക് ഓണ്‍ലൈനായി പ്രോജക്ട് സമര്‍പ്പിക്കാം. www.googlesciencefair.com വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി ഒരു ഇ-മെയില്‍ ഐഡി ആവശ്യമാണ്.
ഒരാള്‍ക്ക് ഒരു പ്രോജക്ട് മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ. ഒന്നില്‍ കൂടുതല്‍ പ്രോജക്ടുകള്‍ സമര്‍പ്പിച്ചാല്‍ ആദ്യത്തേതാവും മൂല്യനിര്‍ണയത്തിന് പരിഗണിക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്. ക്യൂബ, നോര്‍ത് കൊറിയ, ഇറാന്‍, സിറിയ, സുഡാന്‍, ക്രിമിയ തുടങ്ങിയ രാജ്യങ്ങളിലൊഴികെ ലോകത്തെങ്ങുമുള്ള വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് ഫെയറില്‍ പങ്കെടുക്കാം.
പരീക്ഷണ വൈവിധ്യങ്ങള്‍
താല്‍പര്യമുള്ളവര്‍ക്ക് വിവിധ കാറ്റഗറിയില്‍ പ്രോജക്ട് ചെയ്യാന്‍ അവസരമുണ്ട്. നാച്വറല്‍ സയന്‍സ്-ഫ്ളോറ ആന്‍ഡ് ഫ്യൂണ, ഫുഡ് സയന്‍സ്, എര്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്‍റല്‍ സയന്‍സ്.
ഫിസിക്കല്‍ ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിങ് കാറ്റഗറി-ഇന്‍വെന്‍ഷന്‍സ് ആന്‍ഡ് ഇന്നവേഷന്‍, ഇലക്ട്രിസിറ്റി ആന്‍ഡ് ഇലക്ട്രോണിക്സ്, റൊബോട്ടിക്സ്. പ്യുര്‍ സയന്‍സ്- ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ബിഹേവിയറല്‍ സോഷ്യല്‍ സയന്‍സ്.സ്പേസ് ആന്‍ഡ് ഫിസിക്സ്- എനര്‍ജി ആന്‍ഡ് സ്പേസ്, ആസ്ട്രോഫിസിക്സ്.കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് മാത്സ് എന്നിവയില്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കാം.
അവതരിപ്പിക്കാം അഴകോടെ
വ്യക്തവും ഭംഗിയുമായി വിവരങ്ങള്‍ അവതരിപ്പിക്കണം. നിങ്ങളുടെ പ്രോജക്ടിന്‍െറ ഏകദേശ രൂപം സൈ്ളഡ് ഷോയോ യൂട്യൂബ് വിഡിയോയോ സഹിതം, സ്വയം പരിചയപ്പെടുത്തല്‍, പ്രോജക്ടിനായി നടത്തിയ ഗവേഷണം, പരീക്ഷണം നടത്തിയ രീതി, ലഭിച്ച ഫലം, നിഗമനം എന്നിവ വിശദീകരിക്കണം.
ഒരു സമ്മാനം മതി
ജീവിതം മാറാന്‍
ഗൂഗ്ള്‍ സയന്‍സ് ഫെയര്‍ വിജയികള്‍ക്ക് ലഭിക്കുന്നത് വന്‍തുകയുടെ സമ്മാനങ്ങളാണ്. ഗ്രാന്‍ഡ് പ്രൈസ് 50,000 ഡോളറാണ് (33 ലക്ഷം രൂപ). ഒരു ടീമാണ് പ്രോജക്ട് അവതരിപ്പിക്കുന്നതെങ്കില്‍ തുക തുല്യമായി പങ്കിടും.
കൂടാതെ ദ സയന്‍റിഫിക് അമേരിക്കന്‍ ഇന്നവേറ്റര്‍ അവാര്‍ഡ്, ദ ഗൂഗ്ള്‍ ടെക്നോളജിസ്റ്റ് അവാര്‍ഡ്, നാഷനല്‍ ജിയോഗ്രാഫിക് എക്സ്പ്ളോളറര്‍ അവാര്‍ഡ്, ലിഗോ എജുക്കേഷന്‍ ബില്‍ഡര്‍ അവാര്‍ഡ്, വെര്‍ജിന്‍ ഗലാറ്റിക് പൈനിയര്‍ അവാര്‍ഡ്, കമ്യൂണിറ്റി ഇംപാക്ട് അവാര്‍ഡ്, ഇന്‍ക്യുബേറ്റര്‍ അവാര്‍ഡ്, ഇന്‍സ്പയറിങ് എജുക്കേറ്റര്‍ അവാര്‍ഡ് എന്നിവയും ഗൂഗ്ള്‍ സയന്‍സ് ഫെയര്‍ വഴി സ്വന്തമാക്കാം.
ജൂലൈ 18നാണ് റീജനല്‍ വിജയികളെ പ്രഖ്യാപിക്കുക. ആഗസ്റ്റ് 11ന് ഗ്ളോബല്‍ ഫൈനലിസ്റ്റുകളെയും പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 28ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
വിശദവിവരങ്ങള്‍ക്ക്www.googlesciencefair.comഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.