മലയാളം വിക്കി @ 15
text_fieldsഅറിവിെൻറ കുത്തകവത്കരണത്തിനെതിരായ സൈബർ ബദലുകളുടെ അന്വേഷണമാണ് അമേരിക്കക്കാരായ ജിമ്മി വെയിൽസിനെയും ലാറി സാങ്ങറിനെയും വിക്കിപീഡിയ എന്ന ഒാൺലൈൻ വിജ്ഞാനകോശം എന്ന ആശയത്തിൽ കൊണ്ടെത്തിച്ചത്. സാമ്പ്രദായിക വിജ്ഞാനകോശങ്ങളുടെ സാേങ്കതിക പരിമിതികളെക്കൂടി മറികടക്കാൻ പര്യാപ്തമായിരുന്ന വിക്കിപീഡിയയുടെ പിറവി 2001 ജൂണിലായിരുന്നു. വളരെ വേഗത്തിൽതന്നെ വിക്കിപീഡിയ വൻ സ്വീകാര്യത നേടി. ഇന്ന് 270ലധികം ഭാഷകളിലായി വ്യാപിച്ചുകിടക്കുന്ന ഇൗ വിജ്ഞാന കലവറ ഏതൊരാളുടെയും അറിവിെൻറ പ്രാഥമിക സ്രോതസ്സാണ്. ലോകത്ത് ഏറ്റവുംകൂടുതൽ സന്ദർശകരുള്ള ആദ്യ അഞ്ച് വെബ്സൈറ്റുകളിലൊന്നാണ് വിക്കി. നാലരക്കോടിയിലധികം ലേഖനങ്ങളും കാൽകോടിയോളം ചിത്രങ്ങളും അടങ്ങിയിട്ടുള്ള ഇൗ വെബ്സൈറ്റിനെ നിയന്ത്രിക്കാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി മൂന്ന് ലക്ഷത്തിലധികം സജീവ വളൻറിയർമാരുണ്ട്. വിവിധ വിജ്ഞാനീയങ്ങളെ സമൂഹത്തിെൻറ നാനതലങ്ങളിലുള്ള ആളുകളിേലക്ക് പകർന്നുനൽകുന്ന ഇൗ ജനാധിപത്യ പ്രക്രിയയിൽ കേരളവും മലയാളവും കാര്യമായ പങ്കുവഹിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.
സൈബർ സാേങ്കതികവിദ്യയുടെ വളർച്ചഘട്ടങ്ങളിലൊക്കെയും അതിനൊപ്പം സഞ്ചരിച്ച മലയാളി, 2002 ഡിസംബർ 21ന് തന്നെ മാതൃഭാഷയിൽ വിക്കിപീഡിയ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എന്ന ചെറുപ്പക്കാരനാണ് അതിന് തുടക്കമിട്ടത്. ‘മലയാള അക്ഷരമാല’ എന്ന ലേഖനത്തോടെ ആരംഭംകുറിച്ച ആ ചരിത്രസംഭവത്തിെൻറ 15ാം വാർഷികം ആഘോഷിക്കുകയാണ് മലയാളികളിപ്പോൾ.
ഗുരുമുഖത്തുനിന്ന് നേരിട്ട് അറിവ് സമ്പാദിക്കുകയും അത് തലമുറകൾക്ക് വാമൊഴിയായി പകർന്നുനൽകുകയും ചെയ്യുന്ന രീതിമാറി മനുഷ്യൻ എഴുതാൻ/രേഖപ്പെടുത്താൻ ആരംഭിക്കുന്നതോടെയാണ് അറിവിെൻറ ജനാധിപത്യവത്കരണം സംഭവിച്ചുതുടങ്ങുന്നത്. ലഭ്യമായ അറിവുകളെ ഒാർമിച്ചുവെക്കുക എന്ന കേവലമായ പ്രവർത്തനങ്ങൾക്കപ്പുറം അതിനെ വിശകലനം ചെയ്യുന്നതിനും ആവശ്യമെങ്കിൽ തിരുത്തുന്നതിനുമൊക്കെയുള്ള അവസരങ്ങൾ കൈവന്നത് അങ്ങനെയാണ്. അതിെൻറ തുടർച്ചയെന്നോണമാണ് വിജ്ഞാനകോശ നിർമാണം ആരംഭിക്കുന്നത്. എ.ഡി ഒന്നാം നൂറ്റാണ്ടിൽതന്നെ റോമിൽ വിജ്ഞാനകോശങ്ങൾ പിറവിയെടുത്തിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. പിന്നീട് കാലഘട്ടങ്ങളിലൂടെ വിജ്ഞാനകോശ നിർമാണ വൈവിധ്യം കൈവരിച്ചുവെങ്കിലും അറിവിെൻറ കുത്തകവത്കരണം മറ്റൊരു തരത്തിൽ അതിൽ നിലനിൽക്കുന്നുണ്ടായിരുന്നു.
ഒരു വിഷയത്തിൽ ഒരു ലേഖകനോ അല്ലെങ്കിൽ ഒരു സംഘം ആളുകളോ നൽകുന്ന വിവരങ്ങളാണല്ലോ സാധാരണഗതിയിൽ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്തുക. പ്രസ്തുത വിഷയത്തിൽ വിരുദ്ധാഭിപ്രായമുള്ളവരുടെ വാദമുഖങ്ങൾ അതിൽ ഉൾപ്പെടുത്തിക്കൊള്ളണമെന്നില്ല. അഥവാ, പ്രത്യേക അജണ്ടയോടെ വിവരശേഖരണം നടത്തി അവതരിപ്പിക്കാനുള്ള പഴുതുകൾ വിജ്ഞാനകോശ നിർമിതിയിൽ ഒളിഞ്ഞുകിടപ്പുണ്ടെന്നർഥം. ഇൗ പഴുതുകളെ ചരിത്രത്തിൽ എമ്പാടും ഉപയോഗിച്ചിട്ടുള്ളതായി കാണാം. ശീതസമര കാലത്ത്, ‘എൻസൈക്ലോപീഡിയ അമേരിക്കാന’ എന്ന പേരിൽ അമേരിക്കയും ‘സോവിയറ്റ് എൻസൈക്ലോപീഡിയ’ എന്ന പേരിൽ സോവിയറ്റ് യൂനിയനും ബഹുവോള്യം വിജ്ഞാനകോശങ്ങൾ പുറത്തിറക്കിയിരുന്നു. തങ്ങളുടെ പക്ഷത്തിന് പ്രമുഖ്യം നൽകിയും ചില സന്ദർഭങ്ങളിലെങ്കിലും പ്രതിയോഗിയെ അവഹേളിച്ചുമൊക്കെയുള്ള പല ലേഖനങ്ങളും ഇവയിൽ കാണാം. ഒരു വിഷയത്തെക്കുറിച്ച് സാമാന്യ ധാരണ ലഭിക്കണമെങ്കിൽ രണ്ട് വിജ്ഞാനകോശങ്ങളും പരിശോധിക്കേണ്ടിവരും സാധാരണക്കാരനായ ഒരു വായനക്കാരന്.
ഒേട്ടറെ േമന്മകൾ അവകാശപ്പെടാനുണ്ടെങ്കിലും സാമ്പ്രദായിക വിജ്ഞാനകോശങ്ങളുടെ വലിയ പരിമിതിയായിരുന്നു ഇത്. വിവരശേഖരണത്തിലെ ഇൗ പരിമിതിയെ ഒാൺലൈൻ വിജ്ഞാനകോശങ്ങൾക്ക് ഒരുപരിധിവരെയെങ്കിലും മറികടക്കാനായിട്ടുണ്ട്. തടിയൻ പുസ്തകങ്ങളിൽ മാത്രം വിവരങ്ങൾ സൂക്ഷിച്ചിരുന്ന കാലത്ത് അതിന് ‘അജൈവ’ സ്വഭാവമായിരുന്നു. ഒരിക്കൽ എഴുതപ്പെട്ടുകഴിഞ്ഞാൽ പുതുക്കാനോ തിരുത്താനോ കഴിയാത്ത അവസ്ഥ. എന്നാൽ, സൈബറിടം ഒാരോ േലഖനത്തിനും ജീവൻ നൽകുന്നുണ്ട്. ആർക്കും വിവരങ്ങൾ നൽകാനും തിരുത്താനും കഴിയുന്ന പ്ലാറ്റ്ഫോം ആയതിനാൽ ഒാരോ നിമിഷവും ലേഖനങ്ങൾ കൂടുതൽ കനപ്പെട്ടതാകുന്നുണ്ട് ഇവിടെ. അതേസമയം, വിക്കിയുടെ ഇൗ സാധ്യതയെ ചൂഷണം ചെയ്യുന്ന സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.
അറിവിെൻറ ഇൗ ജനാധിപത്യ പ്രക്രിയയിൽ മലയാളം വിക്കിയും ചരിത്രപരമായ ഇടപെടൽ നടത്തിയിട്ടുണ്ട്. വിക്കിപീഡിയയിൽ ഇന്ന് 53,000ത്തിലധികം ലേഖനങ്ങളുണ്ട്. 26 ലക്ഷത്തിലധികം തിരുത്തുകളും മലയാളികൾ വരുത്തിയിട്ടുണ്ട്. ലക്ഷത്തിൽപരം മലയാളികളായ വളൻറിയർമാരുണ്ടെങ്കിലും300ഒാളം പേരാണ് സജീവമായിട്ടുള്ളത്. ലോകത്തിലെ വിവിധ അറിവുകളെ മലയാളത്തിന് പരിചയപ്പെടുത്തി ഭാഷയെ കൂടുതൽ സമ്പുഷ്ടമാക്കുക മാത്രമല്ല, മലയാളത്തിലെയും കേരളത്തിലെയും തനത് വിവരങ്ങളെ ലോകത്തിന് പകർന്നുനൽകുന്നതിലും മലയാളം വിക്കി കാര്യമായി മുന്നേറി യെന്ന് പറയേണ്ടിവരും. ‘ഇടവഴി’, ‘ചമ്മന്തി’, ‘കുട്ടിയുംകോലും’ തുടങ്ങിയ ലേഖനങ്ങൾ ഇവിടെ എടുത്തുപറയാവുന്നതാണ്.
ഇന്ത്യൻ ഭാഷകളിൽ ഉർദുവും ബംഗാളിയും തെങ്കുമെല്ലാം ലേഖനത്തിെൻറ കാര്യത്തിൽ മലയാളത്തേക്കാൾ മുന്നിലാണെങ്കിലും കനപ്പെട്ട ലേഖനങ്ങൾ സംഭാവന ചെയ്തത് മലയാളികളാണെന്ന് പേജ് ഡെപ്ത് പരിശോധിക്കുേമ്പാൾ മനസ്സിലാകുന്നു. മലയാളഭാഷയുടെ ‘വികസന’ത്തിനായി സർക്കാറിന് കീഴിൽ വിവിധ സാംസ്കാരിക സ്ഥാപനങ്ങൾ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്, അവർക്കെല്ലാം ഇനിയും സാധ്യമായിട്ടില്ലാത്ത ഒരുപിടി നേട്ടങ്ങൾ മലയാളം വിക്കി സ്വന്തമാക്കിയിരിക്കുന്നത്. ഒരുകാലത്ത് ‘അരാഷ്ട്രീയർ’ എന്ന് കേരളസമൂഹം മുദ്രകുത്തിയ ‘ടെക്കി’കളാണ് ഇൗ സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നത് ഒാർക്കണം. ഒരുതരത്തിലുള്ള സാമ്പത്തിക അജണ്ടകളുമില്ലാതെ പ്രവർത്തിക്കുന്ന ഇൗ സൈബർ ആക്ടിവിസ്റ്റുകൾ ഇൗ ചരിത്ര മഹൂർത്തത്തിൽ അഭിനന്ദനമർഹിക്കുന്നു.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.