കാലത്തിന്‍െറ പകുതി പ്രായമുള്ള അരുണനഗരം
text_fieldsരണ്ടു കി.മീറ്റര്‍ നീളുന്ന ‘സിഖ്’ എന്ന പര്‍വത ഇടനാഴിയുടെ ഒടുവിലത്തെുമ്പോള്‍ മാനംമുട്ടുന്ന വിടവിനിടയിലൂടെ ഒരുകാഴ്ച കണ്ണിലേക്ക് കയറിവരും. നൂറ്റാണ്ടുകളായി സഞ്ചാരികളെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്ന അതിശയക്കാഴ്ച. ഇരുട്ടുമൂടിയ ഇടനാഴിക്കപ്പുറം വെളിച്ചത്തിന്‍െറ ഉത്സവത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന പാടലവര്‍ണമാര്‍ന്നൊരു നിര്‍മിതി. ജീവിതകാലത്ത് ഒരു മനുഷ്യന്‍െറ കണ്ണുകള്‍ക്ക് സാധ്യമായ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്നു, ‘ഖജനാവി’ന്‍െറ ദര്‍ശനം.
ജോര്‍ഡനിലെ പെട്ര എന്ന യുനെസ്കോയുടെ ലോക പൈതൃകസ്ഥാനത്തെ ഏറ്റവും ഗംഭീരനിര്‍മിതിയാണ് ‘ട്രഷറി’ എന്ന് വിളിക്കപ്പെടുന്ന ആദ്യ മന്ദിരം. പെട്രയുടെ രഹസ്യങ്ങളിലേക്കുള്ള താക്കോലാണ് ട്രഷറി. എല്ലാം ആ മുറ്റത്തുനിന്ന് തുടങ്ങുന്നു. ഏഴര കി.മീറ്റര്‍ അപ്പുറം കൊടുമുടി മുകളിലെ ‘മൊണാസ്ട്രി’യെന്ന മറ്റൊരു അദ്ഭുതത്തിന്‍െറ തിണ്ണയിലേക്കുവരെ പെട്രയുടെ വിസ്മയങ്ങള്‍ നീളുന്നു.
പുരാവൃത്തങ്ങളുടെ ഭൂമി
ചരിത്രവും പുരാണവും മിത്തും കെട്ടുപിണഞ്ഞു കിടക്കുന്ന പെട്രയുടെ പുരാവൃത്തങ്ങളില്‍നിന്ന് യാഥാര്‍ഥ്യത്തെയും ഭാവനയെയും വേര്‍തിരിച്ചെടുക്കുക ശ്രമകരമാണ്. ഈജിപ്തിലെ അടിമജീവിതത്തില്‍നിന്ന് മോചിപ്പിച്ച് ഇസ്രായീല്യരെ കൊണ്ടുവന്ന മോശെ പ്രവാചകന്‍ മുതല്‍ ആഫ്രിക്കയിലെ നൈജര്‍ നദിയുടെ ഒഴുക്കിന്‍െറ ഗതി കണ്ടത്തൊന്‍ പുറപ്പെട്ട യോഹാന്‍ ലുഡ്വിഗ് ബുക്കാര്‍ട്ടും പൗരസ്ത്യതയെ ഭ്രാന്തമായി പ്രണയിച്ച ഗെര്‍ട്രൂഡ് ബെല്ലും ആധുനിക അറേബ്യയുടെ വര്‍ത്തമാനം നിര്‍ണയിച്ച ടി.ഇ. ലോറന്‍സുമൊക്കെ ഈ കഥകളിലേക്ക് കടന്നുവരുന്നു. ആരൊക്കെയാണ് ഇതുവഴി കടന്നുപോയത്. കാണാതെ തന്നെ പെട്രയില്‍ അഭിരമിച്ചവരും കുറവല്ല. ഇരുട്ടു കട്ടപിടിച്ചു കിടന്ന ‘സിഖി’ന്‍െറ പേടിപ്പെടുത്തുന്ന ഏകാന്തതയെ അതിജീവിച്ചത്തെിയവര്‍ക്ക് കാഴ്ചയുടെ സദ്യയൊരുക്കി ഈ കണ്ടകാലമെല്ലാം പെട്ര കാത്തിരുന്നു.
രണ്ടര സഹസ്രാബ്ദങ്ങള്‍ക്കപ്പുറം പാറ തുരന്ന് മന്ദിരങ്ങള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യം സിദ്ധിച്ച നബതിയന്‍ സാമ്രാജ്യത്തിന്‍െറ അധിവാസ കേന്ദ്രമായിരുന്നു പെട്ര. ജോര്‍ഡന്‍ താഴ്വര മുതല്‍ ഇന്നത്തെ സൗദി അറേബ്യയിലെ മദാഇന്‍ സ്വാലിഹ് വരെ നീളുന്നു അവരുടെ സ്വാധീനമേഖല. ദക്ഷിണ അറേബ്യയില്‍നിന്ന് ആഫ്രിക്കയിലേക്കും മധ്യപൂര്‍വ ദേശത്തേക്കുമുള്ള വാണിജ്യപാത നിയന്ത്രിച്ചിരുന്നത് അവരാണ്. നബതിയന്‍ സാമ്രാജ്യത്തിന്‍െറ തലസ്ഥാനമായിരുന്നു പെട്ര. പെട്രയുടെ ക്ളോണ്‍ ആണ് രണ്ടാം നഗരമായ മദാഇന്‍ സ്വാലിഹ്. പക്ഷേ, മദാഇന്‍ സ്വാലിഹിനേക്കാള്‍ സുന്ദരമാണ് പെട്ര. കൂടുതല്‍ പൂര്‍ണതയാര്‍ജിച്ച കെട്ടിടങ്ങളും ഇവിടെയാണ്. ബി.സി 300കളിലാണ് പെട്ര അതിന്‍െറ പ്രതാപത്തിന്‍െറ ഉച്ചസ്ഥായിയിലത്തെിയത്. റോസ് നിറമുള്ള പര്‍വതങ്ങള്‍ ചത്തെിയെടുത്ത് നബതികള്‍ അക്കാലത്ത് മേഖലയിലെ ഏറ്റവും സജീവമായ നഗരം സൃഷ്ടിച്ചെടുത്തു.
പില്‍ക്കാലത്ത് റോമക്കാരും ഇവിടെയത്തെി. റോമന്‍കാലത്ത് പെട്ര തളര്‍ന്നു. നാവിക വ്യാപാരം ശക്തിയാര്‍ജിച്ചതോടെ പെട്രയുടെ പ്രാധാന്യം വീണ്ടും കുറഞ്ഞു. എ.ഡി 363ലും 551ലും മേഖലയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ പെട്രയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. ക്രമേണ ഈ സുന്ദരനഗരം വിജനമായി. 1812ല്‍ സ്വിറ്റ്സര്‍ലന്‍ഡുകാരനായ യോഹാന്‍ ലുഡ്വിഗ് ബുക്കാര്‍ട്ട് വേഷംമാറി പെട്രയിലത്തെുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്തതോടെയാണ് യൂറോപ്പിന്‍െറ ശ്രദ്ധയില്‍ ഏറെക്കാലത്തിനുശേഷം വീണ്ടും പെട്ര കടന്നുവന്നത്.
18, 19 നൂറ്റാണ്ടുകളില്‍ ആഫ്രിക്കയുടെ രഹസ്യങ്ങള്‍ ലോകത്തിനുമുന്നില്‍ അനാവൃതംചെയ്യാന്‍ രൂപവത്കരിക്കപ്പെട്ട ആഫ്രിക്കന്‍ അസോസിയേഷന്‍ എന്ന യൂറോപ്യന്‍ സംരംഭത്തിലെ ഉദ്യോഗസ്ഥനായിരുന്നു ബുക്കാര്‍ട്ട്. അക്കാലത്ത് ശാസ്ത്രജ്ഞര്‍ക്കുമുന്നില്‍ ഉത്തരംകിട്ടാത്ത സമസ്യയായി തുടര്‍ന്ന നൈജര്‍ നദിയുടെ ഗതി കണ്ടത്തൊനുള്ള സംഘത്തിലേക്കായിരുന്നു നിയമനം. അതിനായി കൈറോയില്‍നിന്ന് മാലിയിലെ പൗരാണികനഗരമായ തിംബക്തുവിലേക്ക് പുറപ്പെടുന്ന പര്യവേക്ഷണ സംഘത്തിനൊപ്പം ചേരാന്‍ പശ്ചിമേഷ്യവഴി പുറപ്പെട്ടതായിരുന്നു അദ്ദേഹം. അറേബ്യ വഴിയുള്ള യാത്രക്കായി അത്യാവശ്യം അറബിയും ബദു ആചാരമര്യാദകളും ബുക്കാര്‍ട്ട് സ്വായത്തമാക്കിയിരുന്നു.
വഴിയില്‍ മാള്‍ട്ടയില്‍വെച്ചാണ് പെട്രയെക്കുറിച്ച് ബുക്കാര്‍ട്ട് ആദ്യമായി കേള്‍ക്കുന്നത്. ലോകത്തിന് മുന്നില്‍നിന്ന് മാഞ്ഞുപോയ പെട്രയെന്ന നിഗൂഢനഗരത്തെ കണ്ടത്തൊന്‍ പുറപ്പെട്ട ഡോ. യൂള്‍റിച്ച് ജാസ്പര്‍ സീറ്റ്സെനിന്‍െറ ദുരന്തകഥയുടെ രൂപത്തിലാണ് ബുക്കാര്‍ട്ടിനുമുന്നില്‍ ആ വിവരമത്തെുന്നത്. ചാവുകടല്‍ തടങ്ങളിലും സിറിയന്‍ വിജനതയിലും നുഫൂദ് മണലാരണ്യത്തിലും വര്‍ഷങ്ങളോളം അലഞ്ഞ സീറ്റ്സെനില്‍നിന്ന് പെട്ര അകന്നുനിന്നു. തന്‍െറ ലക്ഷ്യം നേടാനാവാതെ 1810ല്‍ ദക്ഷിണ അറേബ്യയിലെ മണല്‍ക്കാടുകളില്‍വെച്ച് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഈ കഥ മാള്‍ട്ടയില്‍വെച്ച് കേള്‍ക്കുമ്പോഴും സീറ്റ്സെനിന് കഴിയാത്തത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തനിക്ക് കരഗതമാകുമെന്ന ചിന്തയൊന്നും ബുക്കാര്‍ട്ടിനില്ലായിരുന്നു. അവിടെനിന്ന് സിറിയയിലെ അലപ്പോ വഴി ലെബനാന്‍, ഫലസ്തീന്‍, ട്രാന്‍സ്ജോര്‍ഡനുമൊക്കെ കറങ്ങിയായിരുന്നു യാത്ര. ഒടുവില്‍ ഡമസ്കസ്, അജ്ലൂന്‍, അമ്മാന്‍ വഴി മധ്യ ജോര്‍ഡനിലെ കറാക് നഗരത്തിലത്തെി.
തന്‍െറ യൂറോപ്യന്‍ വ്യക്തിത്വം മറച്ചുവെച്ച് ദരിദ്ര അറബിയെന്ന നിലയിലായിരുന്നു സഞ്ചാരം. പലതവണ കൊള്ളയടിക്കിരയായി. എന്നിട്ടും കറാക്കില്‍നിന്ന് അഖബ വഴി കൈറോയിലേക്കുള്ള ദുര്‍ഘട പാതയാണ് തെരഞ്ഞെടുത്തത്. വഴികാട്ടാന്‍ പ്രദേശത്തെ ഗോത്രതലവനെ പ്രീതിപ്പെടുത്തി ഒരു മാര്‍ഗദര്‍ശിയെയും ബുക്കാര്‍ട്ട് സമ്പാദിച്ചിരുന്നു. അറേബ്യയുടെ വിസ്മയങ്ങള്‍ തേടിയത്തെുന്ന യൂറോപ്യന്മാരെ തദ്ദേശീയര്‍ ശത്രുതയോടെ കണ്ടിരുന്ന കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ പുരാവസ്തുരംഗത്തോ ചരിത്രത്തിലോ വിവരമില്ലാത്ത സാധുവായി അഭിനയിക്കുകയായിരുന്നു ബുക്കാര്‍ട്ട്. കറാക്കില്‍നിന്ന് അഖബയിലേക്കുള്ള യാത്രക്കിടെ പലയിടത്തുനിന്നും ഇടുങ്ങിയ ഒരു താഴ്വരയിലെ പുരാനഗരത്തിന്‍െറ അവശിഷ്ടങ്ങളുടെ അഭ്യൂഹങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി.
മോശെ പ്രവാചകന്‍െറ (മൂസാ നബി) സഹോദരന്‍ ഹാറൂണിന്‍െറ കല്ലറ അതിനടുത്തുണ്ടെന്നും ചിലര്‍ സൂചിപ്പിച്ചു. പൗരാണികതയില്‍ താല്‍പര്യമില്ലാത്ത ഒരു ഭക്തനെപ്പോലെ നടിച്ച്, ഹാറൂണിനായി ഒരു ആടിനെ ബലിനല്‍കാന്‍ ആഗ്രഹിക്കുന്നതായി ബുക്കാര്‍ട്ട് വഴികാട്ടിയോട് സൂചിപ്പിച്ചു. ഇടുങ്ങിയ ‘സിഖ്’ എന്ന പാതയിലൂടെ ഇരുവരും നടക്കാന്‍ തുടങ്ങി. ബാക്കി ബുക്കാര്‍ട്ടിന്‍െറ ‘ട്രാവല്‍സ് ഇന്‍ സിറിയ ആന്‍ഡ് ദ ഹോളിലാന്‍ഡി’ല്‍ ഇങ്ങനെ വായിക്കാം :
‘‘കുഴിച്ചെടുത്ത ഒരു സ്മാരകസൗധം ആ വിടവിനപ്പുറത്ത് കാണായി. കാഴ്ചയുടെ മാത്രയില്‍തന്നെ സന്ദര്‍ശകനെ ഭ്രമിപ്പിക്കണമെന്ന കണക്കുകൂട്ടലില്‍ അസാമാന്യ ലാവണ്യത്തോടെയും രംഗസജ്ജീകരണത്തോടെയുമാണ് അതിന്‍െറ നിര്‍മാണമെന്ന് അരമണിക്കൂറിലേറെ നീണ്ട ഭൗമാന്തര പാതയിലൂടെയുള്ള യാത്രക്കൊടുവില്‍ പറയാനാകും. ഫറോവയുടെ കോട്ടയെന്നാണ് തദ്ദേശീയര്‍ ഇതിനെ വിളിക്കുന്നത്’’.
ഇത്തരം കേന്ദ്രങ്ങളില്‍ നിധി തേടിയത്തെുന്ന നാസ്തികനാണെന്ന് വഴികാട്ടിക്ക് തോന്നിയാല്‍ തന്‍െറ കാര്യം കഴിഞ്ഞെന്ന് ഉറപ്പുള്ള ബുക്കാര്‍ട്ട് പെട്രയുടെ കാഴ്ചകളില്‍ അത്ര താല്‍പര്യം പ്രകടിപ്പിക്കാത്തതുപോലെ അഭിനയിച്ച് പെട്ടെന്ന് തന്നെ പുറത്തിറങ്ങി. പെട്ര കണ്ട ആദ്യ ആധുനിക യൂറോപ്യനാവുകയായിരുന്നു അങ്ങനെ ബുക്കാര്‍ട്ട്. ബുക്കാര്‍ട്ടിന്‍െറ എഴുത്തുകള്‍ ഈ മാസ്മര നഗരത്തെ യൂറോപ്യന്‍ ഭാവനകളില്‍ പടര്‍ത്തി. പാശ്ചാത്യലോകത്ത് ഹരമായി വികസിച്ച അറേബ്യന്‍ കാല്‍പനികതയുടെ പ്രതീകമായി പെട്ര മാറി. ഇവിടേക്ക് സാഹസികമായി യാത്രചെയ്ത് നിരവധിപേര്‍ വന്നത്തെി. പലര്‍ക്കും ആ യാത്രയില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഗോത്രാതിര്‍ത്തികള്‍ നിര്‍ദയം കാക്കുന്ന ബദുക്കളുടെ കത്തിത്തലപ്പില്‍ അവര്‍ പിടഞ്ഞുവീണു.
ചേതബോധം ഉള്ളില്‍ത്തട്ടിയവര്‍ വീടിന്‍െറ സുരക്ഷിതത്വത്തിലിരുന്ന് ഭാവനയില്‍ പെട്രയെ കണ്ടു. കവിയുടെ ഭാവന കാവ്യങ്ങളായി. ഒരിക്കല്‍ പോലും പെട്രയുടെ മണ്ണില്‍ കാലുകുത്താത്ത ജോണ്‍ വില്യം ബര്‍ഗണ്‍ എഴുതിയ ‘പെട്ര’ എന്ന ഗീതകം 19ാം നൂറ്റാണ്ടിലെ ഏറ്റവും ഗംഭീരമായ രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു. പെട്രയുടെ ഏറ്റവുംവലിയ പരസ്യവാചകവും ബര്‍ഗണിന്‍െറ ഗീതകത്തിലെ അവസാന വരിയാണ്: ‘‘കാലത്തിന്‍െറ പകുതി പ്രായമുള്ള അരുണ നഗരം’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.