ജ്വല്ലറി ഉടമയുടെ മൂന്ന് ലക്ഷം കവർന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
text_fieldsഅടിമാലി: ബാങ്കില്‍ പണയത്തിലുള്ള സ്വർണം എടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നല്‍കി ജ്വല്ലറി ഉടമയുടെ മൂന്ന് ലക്ഷം കവര്‍ന്ന സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. അടിമാലി മുനിത്തണ്ട് അമ്പാട്ട്കുടിയിൽ ജിബി കുര്യാക്കോസിനെയാണ് (43) വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ രണ്ടുപേർകൂടി ഉണ്ടെന്നും ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായും ഇടുക്കി എ.എസ്.പി രാജപ്രസാദ്, വെള്ളത്തൂവൽ സി.ഐ ആർ. കുമാർ എന്നിവർ പറഞ്ഞു. ജൂലൈ ഒന്നിന് അടിമാലി കൃഷ്ണ ജ്വല്ലറി ജീവനക്കാരിൽനിന്നാണ് മുക്കുപണ്ടം നൽകി മൂന്ന് ലക്ഷം രൂപ ഇവർ തട്ടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കുഞ്ചിത്തണ്ണി സ്വദേശി ജോസ്‌കുട്ടി എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറി ഉടമക്ക് ഫോണ്‍ എത്തുന്നത്. ആനച്ചാലിലെ ബാങ്കില്‍ സ്വർണം പണയം വെച്ചിരിക്കുകയാണെന്നും മൂന്ന് ലക്ഷം രൂപ അടക്കണമെന്നും ജ്വല്ലറി ഉടമയോട് ഫോണില്‍ അറിയിച്ചു. ജ്വല്ലറിയില്‍നിന്ന് കുറച്ച് സ്വർണം മാറ്റിയെടുക്കാനുണ്ടെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ജ്വല്ലറി ഉടമ രണ്ട് ജീവനക്കാരെ പണം നല്‍കി ആനച്ചാലിലേക്ക് അയച്ചു.
ബാങ്കിന് മുന്നില്‍ കാത്തുനിന്ന രണ്ടുപേര്‍ ജ്വല്ലറി ജീവനക്കാരെ പരിചയപ്പെട്ടു. ഇവരുടെ കൈയില്‍നിന്ന് പണം വാങ്ങി. ബാങ്ക് പ്രവര്‍ത്തിക്കുന്ന ഒന്നാംനിലയിലേക്ക് തട്ടിപ്പ് സംഘത്തിലെ ഒരാള്‍ കയറിപ്പോയി. ഈ സമയം ജ്വല്ലറി ജീവനക്കാരും തട്ടിപ്പ് സംഘത്തിലെ ഒരാളും ബാങ്കിന് പുറത്തുതന്നെ നിന്നു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചിറങ്ങി വന്നയാള്‍ സ്വർണം ജ്വല്ലറി ജീവനക്കാര്‍ക്ക് കൈമാറി. നല്‍കിയ പണത്തിന് ഇരട്ടി തുകക്കുള്ള സ്വര്‍ണമുണ്ടെന്നും ഓട്ടോയില്‍ പോയാല്‍ മതിയെന്നും പറഞ്ഞു.
ഇവര്‍ ബൈക്കില്‍ കുറച്ച് സമയം ഓട്ടോയുടെ പിന്നാലെയുണ്ടായിരുന്നു. ജീവനക്കാര്‍ ജ്വല്ലറിയിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും സ്വർണം നല്‍കിയവര്‍ എത്താതെ വന്നതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. തട്ടിപ്പുകാരുടെ ഫോണ്‍ സ്വിച്ച്ഓഫാണെന്ന് മനസ്സിലായതോടെ വെള്ളത്തൂവല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ജ്വല്ലറി ഉടമയുമായി ബന്ധമുള്ളവരെ നിരീക്ഷിച്ചതോടെയാണ് കേസിന് തുമ്പായത്.
ജിബി കുര്യാക്കോസ് ജ്വല്ലറി ഉടമയുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു. ഫോൺ വിളിച്ചപ്പോൾ പരിചിത ശബ്ദംപോലെ തോന്നിയതാണ് വഴിത്തിരിവായത്. ജിബിക്കെതിരെ ഏഴ് കേസുണ്ട്. ഏഴ് വർഷം ഗൾഫിലായിരുന്നു. രണ്ടുവർഷം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിൽ പ്രമുഖരായ പലരുടെയും വാഹനം ഓടിക്കുന്ന ജോലിയും ചെയ്യുന്നുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐ സജി എൻ. പോൾ, എ.എസ്.ഐമാരായ സിബി, ബിൻസ്, സി.പി.ഒമാരായ ജോബിൻ, ജയിംസ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.