സ്വർണത്തിെൻറ പേരിൽ തമ്മിലടി; 11 പേർ റിമാൻഡിൽ
text_fieldsതിരുവനന്തപുരം: സ്വർണത്തിന്റെ പേരിൽ നഗരത്തിൽ തമ്മിലടിച്ച സംഭവത്തിൽ പിടിയിലായ യുവാക്കൾ റിമാൻഡിൽ. വിദേശത്തുനിന്നെത്തിയ കൊല്ലം ഇരവിപുരം സ്വദേശിയായ മുഹമ്മദ് ഷമീൻ (24) ഉൾപ്പെടെ 11 പേരെയാണ് റിമാൻഡ് ചെയ്തത്. കലാപ ശ്രമത്തിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 399, 401 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പേട്ട പൊലീസ് കുറ്റംചുമത്തിയത്. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ മുഹമ്മദ് രജനീഷ് (31), മുഹമ്മദ് ഫാസിൽ (34), അൻസാർ (44), അനീഷ് (36), ഫസൽ (38), കൊല്ലം സ്വദേശികളായ അമർഷ (30), സൽമാൻ (26), അൽതാഫ് (24), സഹൽ മുഹമ്മദ് (28), മുഹമ്മദ് നസീം (32) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചയായിരുന്നു സംഭവം. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നവരെ ഏൽപിക്കാൻ ദുബൈയിൽനിന്ന് കുറ്റ്യാടി സ്വദേശി കൊടുത്തുവിട്ട 15 പവൻ മാല കൈമാറാതെ ഷമീൻ കടന്നുകളയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ആനയറയിലെ പമ്പിൽ വെച്ച് ഒരു സംഘം മർദിച്ച് മാല തട്ടിയെടുത്തതായി ഷമീൻ പൊലീസിന് മൊഴി നൽകി. സ്വർണക്കടത്ത് സംഘങ്ങളുടെ പങ്ക് പൊലീസ് അന്വേഷിച്ചുവരികയാണ്.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഇസ്മായിലാണ് ദുബൈയിൽ ഷമീന് മാല കൈമാറിയത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നവർക്ക് മാല നൽകിയാൽ 5000 രൂപ നൽകുമെന്നായിരുന്നു ധാരണ. കസ്റ്റംസ് പിടിക്കാതിരിക്കാൻ മാല കഴുത്തിലിട്ടാണ് ഷമീൻ എത്തിയത്. എന്നാൽ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഷമീൻ, തന്നെ കാത്തുനിന്ന കൊല്ലത്തെ സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് തിരിച്ചു.
ആനയറയിലെ പമ്പിനടുത്തെത്തിയപ്പോൾ ഇസ്മായിലിനെ വിളിച്ച് മാല ഒരുസംഘം തട്ടിയെടുത്തതായി അറിയിച്ചു. ഇസ്മായിൽ ഇക്കാര്യം വിമാനത്താവളത്തിന് പുറത്തെ സംഘത്തെ അറിയിച്ചു. അവർ ഷമീനെ ഫോണിൽ വിളിച്ച് കഴക്കൂട്ടത്തെത്തി. ഷമീനെയും നാല് കൂട്ടുകാരെയും കണ്ടു. സംഭവത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി പമ്പിലെ സി.സി.ടി.വി പരിശോധിക്കാമെന്ന് പറഞ്ഞ് ഷമീനെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റി. വാക്കേറ്റമുണ്ടായതോടെ പമ്പ് ജീവനക്കാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.