ക്രിസ്ത്യൻ പള്ളി കൊള്ളയടിച്ച അജ്ഞാതർ ഫർണിച്ചറുകൾ കത്തിച്ച് ചുവരിൽ റാം എന്നെഴുതി
text_fieldsഭോപാൽ: മധ്യപ്രദേശിലെ നർമദാപുരം ജില്ലയിൽ ഒരു കൂട്ടം ആളുകൾ പള്ളി കൊള്ളയടിച്ചതായി പരാതി. പള്ളിയുടെ ചുവരിൽ റാം എന്നെഴുതി വെച്ചിട്ടുണ്ട്. നർമദാപുരം ജില്ലയിലെ ഗോത്രവർഗ ആധിപത്യമുള്ള സുഖ്താവ ബ്ലോക്കിലെ ചൗകി പുര ഗ്രാമത്തിലെ ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളിനുള്ളിലെ ചുവരിൽ കത്തിച്ച ഫർണിച്ചറുകളും തീയിൽ പുക കൊണ്ട് കറുത്ത നിറത്തിലുള്ള ചുവരുകളും ചുവരിൽ 'റാം' എന്ന് എഴുതിയതും നാട്ടുകാർ കണ്ടെത്തി. ഇതിന്റെ കറുത്ത പുക കൊണ്ട് ചുവര് മലിനമായിരിക്കുന്നതും ചിത്രങ്ങളിൽ കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്തു.
അജ്ഞാതരായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 295 (ഏതെങ്കിലും വർഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ മുറിവേൽപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
40വർഷം മുമ്പ് പണിത പള്ളിയാണിത്. പള്ളിയിലെ ജനാലയിലെ നെറ്റ് അഴിച്ചുമാറ്റി അകത്തുകടന്ന സംഘം ഫർണിച്ചറുകൾക്ക് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മതഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും കത്തിനശിച്ചു. അമേരിക്കയിലെ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചുമായി ബന്ധപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
ഖണ്ട്വ നഗരത്തിൽ ഒരു മുസ്ലീം യുവാവിന്റെ വീട്ടിൽ ബലമായി ഹനുമാൻ വിഗ്രഹം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വയം പ്രഖ്യാപിത ഹിന്ദു നേതാവായ രവി അവ്ഹദ് ആണ് സംഭവത്തിലെ മുഖ്യപ്രതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.