മീൻ മോഷണം ആരോപിച്ച് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു; നാലുപേർ അറസ്റ്റിൽ
text_fieldsമംഗളൂരു: മീൻ മോഷ്ടിച്ചു എന്നാരോപിച്ച് മാൽപെയിൽ ദലിത് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. പീഡനത്തിന്റെ വിഡിയോ ബുധനാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. അവിടെയുണ്ടായിരുന്ന ആൾക്കൂട്ടം ഇടപെടാതെ മർദനം കണ്ടു നിന്നത് മനുഷ്യത്വരഹിതമായെന്ന് ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെ. വിദ്യാകുമാരി പറഞ്ഞു.
ദലിത് വനിത തന്റെ മീൻ മോഷ്ടിച്ചുവെന്ന് പ്രദേശവാസിയായ ലക്ഷ്മി ഭായി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ദലിത് വനിതയെ ജാതീയമായി അധിക്ഷേപത്തോടെ ആക്രോശിച്ച നാലുപേർ അവരെ മരത്തിൽ കെട്ടിയിടുകയും ആൾക്കൂട്ടം
മർദ്ദിക്കുകയും ചെയ്തു. മറ്റുള്ളവർ രംഗം കണ്ടുനിന്നു. സംഭവവുമായി ബന്ധപ്പെട്ട് അ ലക്ഷ്മിഭായി, സുന്ദർ, ശിൽപ, പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി എന്നിവരെ അറസ്റ്റ് ചെയ്തതായി എ.എസ്.പി ഡോ. കെ. ആരൻ പറഞ്ഞു.
തുറമുഖത്ത് മത്സ്യം ഇറക്കുന്നതിനിടെ ഒരു മത്സ്യത്തൊഴിലാളി മറ്റൊരു സ്ത്രീയെ മർദിക്കുകയും ബോട്ടുകളിൽ നിന്ന് മീൻ മോഷ്ടിച്ചുവെന്ന് ആരോപിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ചെമ്മീൻ മോഷ്ടിച്ചതായി ആരോപിച്ച് ബോട്ട് ജീവനക്കാർ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ചോദ്യം ചെയ്തപ്പോൾ ആദ്യം അവർ നിഷേധിച്ചു. പിന്നീട് മാൽപെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ അവർ അവിടെ മോഷണം സമ്മതിച്ചു.
‘ഇത് തീർച്ചയായും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ധാർമ്മികതയുടെ പേരിലായാലും ഒരാളെ ഇങ്ങനെ മർദിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു തെറ്റ് സംഭവിച്ചിരിക്കാം. പക്ഷേ അത് ആൾക്കൂട്ടആക്രമണത്തെ ന്യായീകരിക്കുന്നില്ല’ -സംഭവത്തോട് പ്രതികരിച്ച ഡി.സി പറഞ്ഞു.
‘സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ഇടപെട്ടില്ല എന്നതാണ് കൂടുതൽ ആശങ്കാജനകമായ കാര്യം. പകരം അവർ സാഹചര്യം നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്. ആരും സമാധാനിപ്പിക്കാൻ ശ്രമിച്ചില്ല. നമ്മുടെ മാനസികാവസ്ഥ ഈ ദിശയിൽ തുടർന്നാൽ അത് വളരെയധികം അസ്വസ്ഥതയുണ്ടാക്കും. ഒരാളോട് മോശമായി പെരുമാറുമ്പോൾ നോക്കി നിന്ന് ചിരിക്കുന്നത് ശരിയല്ല. നിയമപ്രകാരം നടപടിയെടുക്കാൻ പൊലീസ് സൂപ്രണ്ടുമായി ഞാൻ സംസാരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്’ -വിദ്യാകുമാരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.