ഫൈസലിന്‍റെ സഹോദരൻ പറയുന്നു; 'ബാപ്പ പുറത്തിറങ്ങിയാൽ ഞങ്ങളെയും ചുട്ടുകൊല്ലും'
text_fieldsതൊടുപുഴ: ''ബാപ്പ പുറത്തിറങ്ങാതിരിക്കാൻ എന്തെല്ലാം സാധ്യമാണോ അതെല്ലാം ഞാൻ ചെയ്യും. പുറത്തിറങ്ങിയാൽ ഫൈസലിനെപോലെ എന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഉറപ്പാണ്. ആ ഭയത്തോടെയാണ് ഞാൻ ജീവിക്കുന്നത്'' ചീനിക്കുഴിയിൽ പിതാവ് വീടിന് തീവെച്ചതിനെത്തുടർന്ന് കുടുംബത്തോടെ കൊല്ലപ്പെട്ട ഫൈസലിന്‍റെ മൂത്തസഹോദരൻ ഷാജി ഇത് പറയുമ്പോൾ മുഖത്തും കണ്ണുകളിലും പ്രാണഭയം നിറയുന്നു. 30 വർഷമായി പിതാവ് ഹമീദിൽനിന്ന് നേരിടുന്ന ഭീഷണിയെക്കുറിച്ച ആധി സഹോദരനും മക്കളും ക്രൂരമായി കൊല്ലപ്പെട്ടതോടെ ഷാജിയുടെ ഉറക്കം കെടുത്തിയിരിക്കുന്നു.
''എനിക്കും ഫൈസലിനും ഭീഷണിയുണ്ടായിരുന്നു. തനിക്കിനി ഒന്നും നോക്കാനില്ലെന്നും രണ്ട് ആൺമക്കളെയും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും ബന്ധുക്കളോടും സ്ഥലത്തെ പ്രാദേശിക കോൺഗ്രസ് നേതാവ് ജോബിനോടും ബാപ്പ പല തവണ പറഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ് മറ്റൊരു ബന്ധുവിനോടും ഇത് പറഞ്ഞു. നിങ്ങൾ നോക്കിനിൽക്കണമെന്ന് അവരെല്ലാം മുന്നറിയിപ്പ് നൽകി. എങ്കിലും ഇത്ര ക്രൂരനാകാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞങ്ങൾ സ്വപ്നത്തിൽപോലും വിചാരിച്ചില്ല. ഞങ്ങൾ നന്നായി ജീവിക്കരുതെന്ന് മാത്രമായിരുന്നു ബാപ്പയുടെ ലക്ഷ്യം. വീട് വിട്ട് ഇടുക്കി കരിമ്പനിൽ താമസമാക്കിയ ബാപ്പയെ ഞാൻ വിളിച്ചുകൊണ്ടുവന്ന് ഒരുവർഷം വീട്ടിൽ നിർത്തി. പിന്നീട് പോയപ്പോഴും ഞാൻ മടക്കിക്കൊണ്ടുവന്ന് എട്ടുമാസം താമസിപ്പിച്ചു. പക്ഷാഘാതം വന്ന ഉമ്മയെ ഉപദ്രവിച്ചു തുടങ്ങിയപ്പോൾ അതിവിടെ പറ്റില്ലെന്ന് ഞാൻ തീർത്തുപറഞ്ഞു. അങ്ങനെ കുറച്ചുനാൾ വാടകവീട്ടിൽ കഴിഞ്ഞ ശേഷമാണ് വീണ്ടും ഫൈസലിനൊപ്പം താമസമാക്കിയത്. ഒരുമാസം മുമ്പും അവന്‍റെ കുട്ടികളെ ഉപദ്രവിച്ചിരുന്നു.
എന്തിനും ഏതിനും കേസ് കൊടുക്കുന്നതാണ് ബാപ്പയുടെ സ്വഭാവം. 30 വർഷത്തിനിടെ കോടതിയിൽ ആറും കലക്ട്രേറ്റിൽ രണ്ടും 60 തവണയോളം പൊലീസ് സ്റ്റേഷനിലും ഞങ്ങൾക്കെതിരെ പരാതി നൽകി.
പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന ഭീഷണി ആവർത്തിച്ചപ്പോൾ രണ്ടാഴ്ച മുമ്പ് ഫൈസൽ സ്റ്റേഷനിൽ പരാതിപ്പെട്ടു. ഇത്രയൊക്കെയായിട്ടും ഞങ്ങൾ മക്കൾ അദ്ദേഹത്തിനെതിരെ നൽകിയ ഒരേയൊരു പരാതി ഇതാണ്. ബാപ്പക്ക് യാതൊരു വിധ നിയമസഹായവും നൽകില്ല. ഒരുനിമിഷംപോലും പുറത്തിറങ്ങാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യും'' -ഉടുമ്പന്നൂരിൽ താമസിക്കുന്ന ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.