കാലിക്കറ്റ് സർവകലാശാല കാമ്പസിലെ ചന്ദന മോഷണ കേസിൽ നാലംഗ സംഘം അറസ്റ്റിൽ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് ഭൂമിയിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തി കൊണ്ടുപോയ കേസിൽ പ്രതികളായ നാല് പേരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ അഞ്ചിന് പുലര്‍ച്ചയാണ് മോഷണം നടന്നത്.
കരിപ്പൂര്‍ മുളിയംപറമ്പ് ചെരങ്ങോടന്‍ അബ്ദുല്‍ നാസര്‍ (41), നീരോല്‍പാലം സ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി നമ്പില്ലത്ത് കെ.ടി. ഫിര്‍ദൗസ് (36) എന്നിവരാണ് അറസ്റ്റിലായത്. ചന്ദനത്തടികളും വാഹനവും അളവ് തൂക്ക ഉപകരണവും കസ്റ്റഡിയിലെടുത്തു. മോഷണം പോയ തടികള്‍ പെരുവള്ളൂര്‍ കൊല്ലംചിനയിലെ ഗോഡൗണില്‍നിന്ന് കണ്ടെടുത്തു.
സര്‍വകലാശാല അധികൃതര്‍ നല്കിയ പരാതിയില്‍ ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികള്‍ മോഷണം നടന്ന് ദിവസങ്ങൾക്കകം വലയിലായത്. തേഞ്ഞിപ്പലം സ്റ്റേഷന് ഹൗസ് ഓഫിസര്‍ എന്‍.ബി. ഷൈജു, സബ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍, സി.പി.ഒമാരായ എം. റഫീഖ്, പി.കെ. വിജേഷ്, പി. രൂപേഷ്, ബിജു ഷോബിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.