കുവൈത്ത് മനുഷ്യക്കടത്ത്: നാലുമാസം പിന്നിട്ടിട്ടും മുഖ്യപ്രതി കാണാമറയത്ത്
text_fieldsകൊച്ചി: കുവൈത്ത് മനുഷ്യക്കടത്തിൽ മുഖ്യപ്രതിയെ നാട്ടിലെത്തിക്കാനാകാതെ പൊലീസ്. നാലുമാസം പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതി എം.കെ. ഗസാലി എന്ന മജീദിനെ പിടികൂടാനായില്ല. വിദേശത്തുള്ള ഗസാലിക്ക് വേണ്ടി ഒരുമാസം മുമ്പ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും കാര്യമുണ്ടായില്ല.
മറ്റൊരു പ്രതി പത്തനംതിട്ട സ്വദേശി അജുമോനെ ഒരുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസികളടക്കം ഇടപെട്ട കേസിലാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത്. നീതിതേടി പരാതി നൽകിയ ഇരകൾ അന്വേഷണ സംഘത്തിന്‍റെ നടപടികൾ ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ രംഗത്തുവന്നു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
അതേസമയം, നിയമ നടപടിയുമായി രംഗത്ത് വന്നവരെ ഗസാലി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയരുന്നുണ്ട്. ഗസാലിക്കും അജുമോനും പുറമെ നിരവധി പ്രതികൾ തട്ടിപ്പിൽ പങ്കാളികളാണെന്നാണ് ഇരകൾ പറയുന്നത്. അവരിലേക്ക് അന്വേഷണം നീങ്ങാത്തതിലും ആശങ്കയുണ്ട്. കൂടുതൽ വിവരങ്ങളും തെളിവുകളും ശേഖരിക്കുകയാണെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നുമാണ് അന്വേഷണസംഘം അവകാശപ്പെടുന്നത്.
കുവൈത്തിൽ കുട്ടികളെ പരിചരിക്കുന്ന ജോലിക്ക് അപേക്ഷ ക്ഷണിച്ച് എറണാകുളത്തും കൊല്ലത്തും നോട്ടീസുകൾ പതിച്ചാണ് റിക്രൂട്ട്മെന്‍റ് നടത്തിയത്. 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തതിനൊപ്പം വിമാന ടിക്കറ്റടക്കം എല്ലാം സൗജന്യമാണെന്നും പറഞ്ഞാണ് റിക്രൂട്ട്മെന്‍റ് നടത്തിയത്. എന്നാൽ, തങ്ങളുടെ പേരിൽ മൂന്നരലക്ഷം രൂപ വെച്ച് അറബികളിൽനിന്ന് വാങ്ങിയെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.