പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപിച്ച സംഭവം: പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ
text_fieldsഒറ്റപ്പാലം: പാലപ്പുറം കയറമ്പാറയിൽ വിദ്യാർഥിനിയെ നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം പൊലീസ് കോടതിയെ സമീപിച്ചു. പെൺകുട്ടിയുടെ ബന്ധുവും കൊലക്കേസ് പ്രതിയുമായ പാലപ്പുറം ഐക്കലപ്പറമ്പ് പാറക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസിന്(26) ഹൈകോടതി നേരത്തെ അനുവദിച്ച ജാമ്യം റദ്ദാക്കുന്നതിനാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
ഫിറോസും പെൺകുട്ടിയുമായി നേരത്തെ അടുപ്പത്തിലായിരുന്നെന്നും കൊലപാതക കേസിൽ ഉൾപ്പെട്ടതോടെ ഭയന്ന് പിന്മാറുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
സംഭവത്തിന്റെ തലേന്ന് ഇയാൾ പെൺകുട്ടി പഠിക്കുന്ന കോളജിലെത്തി വീട്ടിലേക്ക് ബൈക്കിൽ കൊണ്ടുപോകാമെന്നറിയിച്ച് ചെറുതുരുത്തി വരെ കൂടെ കൊണ്ടുപോയിരുന്നു. ഇയാളുടെ കൈവശം കത്തി കണ്ടതോടെ പെൺകുട്ടി ചാടിയിറങ്ങി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. തുടർന്ന് ബന്ധുക്കളെത്തിയാണ് പെൺകുട്ടിയെ കൊണ്ടുപോയത്. ഇതിന് ശേഷമാണ് ഇയാളുടെ മൊബൈൽ നമ്പർ പെൺകുട്ടി ബ്ലോക്ക് ചെയ്തതെന്നും പൊലീസ് അറിയിച്ചു. ഈ വൈരാഗ്യത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം കോളജ് വിട്ട് മടങ്ങുകയിരുന്ന പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽനിന്ന് ബുധനാഴ്ച പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. 2021 ഡിസംബർ 17 നാണ് ഫിറോസ് സുഹൃത്തായ ലക്കിടിമംഗലം കേലത്ത് വീട്ടിൽ ആഷിഖിനെ (24) കൊന്ന് വിജനമായ സ്ഥലത്ത് കുഴിച്ചുമൂടിയത്.
2015 ൽ പട്ടാമ്പിയിലെ വ്യാപാരസ്ഥാപനത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരി 22ന് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിനിടയിലാണ് കൊലപാതക വിവരം പുറത്തായത്. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് മാസം മുമ്പ് കുഴിച്ചുമൂടിയ ആഷിഖിന്റെ മൃതദേഹം ജീർണിച്ച നിലയിൽ പുറത്തെടുത്തിരുന്നു. കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ഇക്കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.