കരിപ്പൂരില്‍ അനധികൃത സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കവര്‍ച്ചസംഘം പിടിയില്‍
text_fieldsകൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കവരാന്‍ ശ്രമിച്ച അന്തര്‍ജില്ല മോഷണസംഘത്തെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മലപ്പുറം കോഡൂര്‍ താണിക്കല്‍ സ്വദേശി അമിയന്‍ വീട്ടില്‍ ഷംനാദ് ബാവ (കരി ബാവ-26), തിരൂര്‍ നിറമരുതൂര്‍ സ്വദേശി അരങ്ങത്തില്‍ ഫവാസ് (26), താനാളൂര്‍ കമ്പനിപ്പടി സ്വദേശി പള്ളിയാളിത്തൊടി മുഹമ്മദ് യഹിയ (26), പാലക്കാട് ഒറ്റപ്പാലം ചാത്തന് പിലാക്കല്‍ വിഷ്ണു (സല്മാന് ഫാരിസ്-24) എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവർ പിടിയിലായത്. സംഘം സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളെ രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. 1.02 കിലോഗ്രാം സ്വര്‍ണമാണ് സംഘത്തില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഈ കേസില്‍ കസ്റ്റംസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഷംനാദ് ബാവയുടെ പേരില്‍ മണല്‍കടത്ത് തടയാനെത്തിയ പൊലീസുകാരെ അക്രമിച്ചതിനും വ്യാജ സ്വർണം പണയം വെച്ചത് സംബന്ധിച്ചുമുൾപ്പെടെ പത്തോളം കേസുകള്‍ വിവിധ സ്റ്റേഷനുകളിലായുണ്ട്.
സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്തതുള്‍പ്പെടെ നിരവധി കവര്‍ച്ചകേസുകളിലെ പ്രതിയാണ് സല്മാന് ഫാരിസ്. കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, കരിപ്പൂര്‍ ഇൻസ്പെക്ടര്‍ ഷിബു, കൊണ്ടോട്ടി ഇൻസ്പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, അസീസ്, പ്രമോദ്, ഉണ്ണികൃഷ്ണന്, പി. സഞ്ജീവ്, രതീഷ്, കൃഷ്ണകുമാര്‍, മനോജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.