ജയിൽ ചാടിയ പ്രതി കീഴടങ്ങി
text_fieldsവടകര: റിമാൻഡിൽ കഴിയുന്നതിനിടെ വടകര സബ്ജയിൽ ചാടിയ പ്രതി കീഴടങ്ങി. കഞ്ചാവ് കേസിൽ റിമാൻഡിലായ താമരശ്ശേരി ചുങ്കം നെരോത്ത് എരവത്ത് കണ്ടി മീത്തൽ ഫഹദ് (25) ആണ് ശനിയാഴ്ച രാവിലെ ഒമ്പതോടെ വടകര സബ് ജയിലിൽ കീഴടങ്ങിയത്. ഫഹദിനെ ജയിലധികൃതർ വടകര പൊലീസിന് കൈമാറി. വൈദ്യ പരിശോധനക്ക് ശേഷം വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് ഫഹദ് വടകര സബ് ജയിൽ ചാടിയത്. കുളിമുറിയുടെ വെന്റിലേറ്റർ തകർത്ത് കാവൽ നിന്ന ജയിൽ വാർഡന്മാരുടെ കണ്ണുവെട്ടിച്ചാണ് രക്ഷപ്പെട്ടത്. കാൽനടയായി പുതിയ ബസ് സ്റ്റാൻഡിലെ ബന്ധുവിന്റെ കടയിൽ നിന്നും നൂറു രൂപയും വാങ്ങി റെയിൽവേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിൽ രക്ഷപ്പെടുകയായിരുന്നു. കാസർകോട് നെല്ലിക്കടയിൽ പോയി ഭാര്യയെയും കുഞ്ഞിനെയും കാണാൻ വേണ്ടിയായിരുന്നു ജയിൽ ചാടിയതെന്ന് ഫഹദ് പൊലീസിനോട് പറഞ്ഞു. ഭാര്യ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയതോടെ അങ്ങോട്ട് പോകാൻ തയാറായില്ല.വഴിയിൽ കണ്ട ആളിൽ നിന്നും ഫോൺ വാങ്ങി വടകര സി.ഐയെ വിളിച്ച് തനിക്ക് അങ്ങോട്ടേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ബന്ധുവോടൊപ്പം ജയിലിലെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.