Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൃഗാധിപത്യ റിപ്പബ്ലിക്കിന്‍റെ വർത്തമാനം
cancel

പൊടുന്നനെ ജനങ്ങളുടെ സംസാരം മുഴുവനും ഒരു മൃഗത്തെക്കുറിച്ചാകുന്നു. ദൈനംദിന ജീവിതത്തിനും പ്രയാസങ്ങൾക്കും മുകളിൽ ആ മൃഗത്തിെൻറ സ്വഭാവ സവിശേഷതകൾ, ശീലങ്ങൾ, ചരിത്രം, വിശ്വാസം എല്ലാം ആഘോഷിക്കപ്പെടുന്നു. ഒരുവേള സമൂഹത്തിൽ മനുഷ്യനേക്കാൾ പ്രാധാന്യം ആ മൃഗത്തിനാണെന്നു വരുന്നു. അതുവഴി ഭരണസിരാ കേന്ദ്രങ്ങളിലേക്കും നിയമനിർമാണ സഭകളിലേക്കും ശാസ്​ത്ര സാങ്കേതിക സ്​ഥാപനങ്ങളുടെ തലപ്പത്തേക്കും അവ ഉപചാരപൂർവം ആനയിക്കപ്പെടുന്നു. പാഠപുസ്​തകങ്ങൾ ആ മൃഗങ്ങളെക്കുറിച്ചാകുന്നു. ശാസ്​ത്രം അവയെ മുൻനിർത്തി ആചാരങ്ങളും അന്ധവിശ്വാസങ്ങളുമാകുന്നു. മനുഷ്യർ തെരുവിൽ കൊല്ലപ്പെട്ടുതുടങ്ങുന്നു. അതോടെ, ആ മൃഗത്തിെൻറ രാജ്യത്തെ അനധികൃത കൂടിയേറ്റക്കാരായി മനുഷ്യർ മാറുന്നു. നിങ്ങൾ മനസ്സിൽ കണ്ട മൃഗമല്ല; ഇത് കാണ്ടാമൃഗമാണ്.

രണ്ടു ലോകയുദ്ധങ്ങൾക്കൊടുവിൽ, ലോകം മുന്നോട്ടുപോകേണ്ടതെങ്ങനെ എന്ന് പതറിനിന്ന കാലത്താണ് അയണസ്​കോയുടെ കാണ്ടാമൃഗം അരങ്ങുകാണുന്നത്. വിഭ്രാന്തികളിലേക്ക് വഴുതിവീണ യുദ്ധാനന്തര സാമൂഹിക മാനസികാവസ്​ഥയുടെ നേർ പകർപ്പായിരുന്നു കാണ്ടാമൃഗം. ലോകത്തെ ആവേശഭരിതമാക്കിയിട്ടുള്ള, സമരോത്സുകരാക്കിയിട്ടുള്ള അപൂർവം രചനകളിൽ ഒന്ന്. സംഘ്​പരിവാർ അതിെൻറ കൊ

മ്പും കുളമ്പും വെളിവാക്കിത്തുടങ്ങിയ കാലം മുതലേ ഇന്ത്യൻ അരങ്ങുകൾ കാണ്ടാമൃഗത്തെ ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയിൽ തീവ്രവലതു ചിന്തകൾക്കും ഹിന്ദുത്വ ആശയങ്ങൾക്കും ആക്രമണോത്സുകതയാർന്ന ദേശീയതക്കും മേൽക്കൈ ലഭിച്ച കാലത്ത്, കഴിഞ്ഞ രണ്ടു ദശകങ്ങളിൽ, അയണസ്​കോയുടെ കാണ്ടാമൃഗത്തെ അരങ്ങുകൾ മറന്നു പോയി എന്നതാണ് കൗതുകം. ഓർമ മറവിയോടെന്നപോലെ അധികാരത്തോടുമുള്ള മനുഷ്യ​െൻറ പോരാട്ടമാണ് എന്ന മിലൻ കുന്ദേരയുടെ വാചകങ്ങളോർമിപ്പിക്കുന്ന വിധമാണ് കാണ്ടാമൃഗത്തി

െൻറ പുതിയ അവതരണം.ഒരു ചെറിയ ടൗൺഷിപ്പിൽ പൊടുന്നനെ ഒരു മൃഗത്തിന്‍റെ സാന്നിധ്യം ചർച്ചയാകുന്നു. പിന്നീട് പലയിടങ്ങളിലായി അവ തുടരെ പ്രത്യക്ഷപ്പെടുന്നു. ഒടുവിൽ ആ മൃഗം അതിസ്വാഭാവികമായ ഒരു സാന്നിധ്യമായി മാറുന്നു. പതിയെ മനുഷ്യർ പരിണമിച്ചതാണ് ആ മൃഗമെന്ന് തിരിച്ചറിയുന്നു. മദ്യപാനിയും അലസനുമായ ഒരു മനുഷ്യൻ ആ മൃഗങ്ങൾക്കെതിരെ, മനുഷ്യരുടെ രൂപമാറ്റത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതാണ് കാണ്ടാമൃഗം നാടകത്തിെൻറ കഥാതന്തു.

സ്വന്തം ഇടത്ത് ഒരു ഹിംസ്രജന്തുവിെൻറ സാന്നിധ്യം തിരിച്ചറിഞ്ഞ് ഭീതിയിലാഴ്ന്ന ഒരു സമൂഹത്തിൽ ഇല്ലാത്ത ഒരു പൂച്ചയുടെ കഥ പറഞ്ഞ് താർക്കികൻ കളം പിടിക്കുന്നു. കാണ്ടാമൃഗത്തിെൻറ സാന്നിധ്യത്തെ അത്രമേൽ സ്വാഭാവികമായി അവതരിപ്പിക്കുന്നു. തുടർന്ന് സങ്കൽപത്തിലെ കഥാപാത്രത്തെ മുൻനിർത്തി ചർച്ചകളുണ്ടാകുന്നു. കാണ്ടാമൃഗത്തിെൻറ ദൃശ്യതയെപ്പറ്റിയും അതിെൻറ കൊമ്പുകളുടെ എണ്ണത്തെക്കുറിച്ചും സംസാരങ്ങളുണ്ടാകുന്നു. അവയുടെ വംശത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും തർക്കങ്ങളുണ്ടാകുന്നു. പതിയെ കാണ്ടാമൃഗമെന്നത് മനുഷ്യ​െൻറ സ്വാഭാവിക പരുവപ്പെടലായി, പൂർത്തിയാക്കേണ്ടുന്ന പരിണാമ പ്രക്രിയയാണെന്ന് സ്​ഥാപിക്കപ്പെടുന്നു. ഓഫിസുകൾ, തെരുവുകൾ, വീട്ടകങ്ങൾ എല്ലാം കാണ്ടാമൃഗങ്ങളുടെ അപദാനങ്ങളിലേക്ക് ഉണരുന്നു. ഭൂരിപക്ഷം കാണ്ടാമൃഗങ്ങളാകുന്നു. അവരാകുന്നു രാജ്യം. അതാകുന്നു വർത്തമാനം.

പരിണാമത്തിെൻറ പിന്നോട്ടുപോക്ക് അക്ഷരാർഥത്തിൽ സമൂഹത്തെ പ്രാകൃതമാക്കുന്നു എന്ന പാഠത്തിലാണ് പ്രധാനമായും നാടകത്തിെൻറ ഊന്നൽ. മാനവികത എന്ന ആശയത്തെ തന്നെ തിരസ്​കരിച്ച് അധികാരം പിടിക്കാൻ കുതികാൽ വെട്ടുന്ന രാഷ്​​ട്രീയ പ്രസ്​ഥാനങ്ങൾ, അവയെ പിന്തുണക്കുന്ന കുത്തകകൾ, പ്രസ്​ഥാനങ്ങളുടെ അച്ചടക്കമുള്ള അണികൾ എന്നിങ്ങനെ തരം മാറിയ സമൂഹത്തിൽ കാണ്ടാമൃഗം എന്ന നാടകത്തെ എങ്ങനെ വായിക്കണമെന്ന തീർച്ച സംവിധായകനുണ്ട്. ചുടലയിൽനിന്നു കടന്നുവരുന്ന പ്രാകൃത വേഷധാരിയായിപോലും കാണ്ടാമൃഗത്തെ അടയാളപ്പെടുത്തുന്നതിെൻറ യുക്​തി അതാണ്.

രൂപമാറ്റം സംഭവിക്കുന്ന മനുഷ്യർ എന്ന ക്രിയയിലാണ് നാടകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

മനുഷ്യശരീരം മൃഗപരതയിലേക്ക് രൂപം മാറുന്ന അവസ്​ഥയെ അടയാളപ്പെടുത്താൻ സമകാലിക ഇന്ത്യയെ അലോസരപ്പെടുത്തിയ സൂചകങ്ങളെയാണ് സംവിധായകൻ ഉപയോഗിച്ചിട്ടുള്ളത്. ഗോദ്​സെയുടെ കൈത്തോക്കും പ്രശ്നങ്ങളുടെ മുകളിൽ അയുക്തികതയെ സ്​ഥാപിക്കുന്ന ശ്വസനക്രിയാ വിദഗ്​ധനായ താർക്കികനും ആക്രമണോത്സുകതയുടെ ദണ്ഡുകൊണ്ടുനടക്കുന്ന ചെറുപ്പക്കാരും ദേഹമാകെ ചുടലഭസ്​മമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന പ്രാകൃതനും ഇത്തരം സൂചകങ്ങളാണ്. നാടകാന്ത്യമാകുമ്പോഴേക്കും അധികാരത്തിെൻറ കിന്നരിത്തലപ്പാവണിഞ്ഞ കാണ്ടാമൃഗത്തിെൻറ കാലുകൾക്കിടയിലാണ് ചുവപ്പുനാട അടയാളമിട്ട ഫയലുകൾ കുമിഞ്ഞുകൂടിയ സർക്കാർ ഓഫിസ്​.

ജനുവരി ആറ്​, ഏഴ്​, എട്ട്​ തീയതികളിൽ തൃശൂരിൽ അരങ്ങേറിയ നാടകത്തിെൻറ സീനോഗ്രഫിയും സംവിധാനവും നിർവഹിച്ചത് നാടക അധ്യാപകനും കാലിക്കറ്റ് സർവകലാശാല ഫൈൻ ആർട്സ്​ ഡീനുമായ ഡോ. എസ്​. സുനിലാണ്. ആദിൽ മുഹമ്മദ്, പ്രിയദർശൻ, കല്ലുകല്യാണി, വിഷ്ണു സുജീഷ്, ശിവപ്രസാദ്, ശ്രീ പാർവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒ.സി. മാർട്ടിൻ സംഗീതവും ഷൈമോൻ ചേലോട് ലൈറ്റും ഡെന്നി പോൾ പെർഫോമൻസ്​ മെയ്ക്കിങ്ങും നിർവഹിച്ച കാണ്ടാമൃഗത്തിെൻറ കോസ്​റ്റ്യൂമും മേക്കപ്പും ഡോ. സുരഭി എം.എസിേൻറതാണ്.

'കാണ്ടാമൃഗത്തെ പുഷ്പമെന്നു പറയരുത്' എന്ന ഒരു സംഭാഷണമുണ്ട് നാടകത്തിൽ. കേന്ദ്രകഥാപാത്രമായ ബറിംഗറുടെ ചെറുത്തുനിൽപ്പുകൾ അവിടെ തുടങ്ങുന്നു. ഉറ്റസുഹൃത്ത് ജീനും സഹപ്രവർത്തകരും ഒടുക്കം കാമുകി ഡെയ്സിയും കാണ്ടാമൃഗമായി പരിണമിക്കുന്നത് നേരിട്ടുകണ്ട ബറിംഗറുടെ ഇനിയും ഉലഞ്ഞുപോകാത്ത മനോനിലയിലാണ് നാടകം കാലുറപ്പിച്ചു നിൽക്കുന്നത്. 'ഞാൻ തെരുവിലിറങ്ങും, കാണ്ടാമൃഗങ്ങളെക്കുറിച്ച് ജനങ്ങളോട് പറയും' എന്ന ഏക സാധ്യതയാണ് കാണ്ടാമൃഗങ്ങളുടെ ലോകത്തോട് ചെറുത്തു നിൽക്കാൻ മദ്യപനും അലസനുമായ ബറിംഗർ എന്ന മനുഷ്യ​ന്‍റെ മുന്നിലുള്ളത്. കാണ്ടാമൃഗങ്ങൾ കൈയടക്കിയ തെരുവ് ബറിംഗറെ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയിൽ നാടകം അവസാനിക്കുമ്പോൾ തന്നെ പ്രതിഷേധത്തി​െൻറയും ചെറുത്തുനിൽപ്പി​െൻറയും പ്രതീക്ഷ കൂടി നാടകം നിലനിർത്തുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dramakandamrugam
News Summary - art kandamrugam drama
Next Story