ബിനാലെ അഞ്ചാം പതിപ്പിന് സമാപനം
text_fieldsകൊച്ചി: കൊച്ചി മുസ്രിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് തിരശ്ശീല വീണു. ലോകത്തിന്റെ നാനാഭാഗത്തുനിന്നായി ഒമ്പത് ലക്ഷത്തിലേറെ ആളുകൾ സന്ദർശിച്ചെന്ന് സംഘാടകർ പറഞ്ഞു. ‘നമ്മുടെ സിരകളില് ഒഴുകുന്ന മഷിയും തീയും’ എന്ന പ്രമേയത്തിലൂന്നി ഇന്ത്യൻ വംശജയായ സിംഗപ്പൂരിയൻ ആർട്ടിസ്റ്റ് ഷുബിഗി റാവു ക്യുറേറ്റ് ചെയ്ത ബിനാലെയുടെ അഞ്ചാം പതിപ്പ് 16 വേദിയിലായി 4.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് 120 ദിവസമായി നടന്നത്. 40 രാജ്യത്ത്നിന്നുള്ള 88 സമകാലീന ആർട്ടിസ്റ്റുകളുടെ അവതരണങ്ങൾ പുതുസംവേദനവും അവബോധവും പ്രകാശിപ്പിച്ചു.
ഫോർട്ട്കൊച്ചിയിൽ ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ്, കബ്രാൾ യാർഡ്, ടി.കെ.എം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ എന്നിവിടങ്ങൾ വേദിയായി. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിലെ ‘ഇടം’ വേദിയിൽ പ്രദർശിപ്പിച്ച മികച്ച 34 മലയാളി ആർട്ടിസ്റ്റുകളുടെ ഇരുന്നൂറോളം രചനകൾ അന്താരാഷ്ട്ര കലാനിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ജിജി സ്കറിയ, പി.എസ്. ജലജ, രാധ ഗോമതി എന്നിവരാണ് ഇവിടെ ക്യുറേറ്റർമാരായത്.
മട്ടാഞ്ചേരി വി.കെ.എൽ വെയർഹൗസ്, അർമാൻ ബിൽഡിങ്, കെ.വി.എൻ ആർക്കേഡ്, ട്രിവാൻഡ്രം വെയർഹൗസ് എന്നിവിടങ്ങളിലായി 22 സംസ്ഥാനത്തെ സർക്കാർ കലാപഠന സ്ഥാപനങ്ങളിൽനിന്നുള്ള 51 അവതരണങ്ങളുണ്ടായിരുന്നു.
പ്രശസ്തരായ ഏഴ് ക്യുറേറ്റർമാർ അണിയിച്ചൊരുക്കിയ ‘ഇൻ ദ മേക്കിങ്’ എന്ന പ്രമേയത്തിലൂന്നിയ പ്രദർശനത്തിൽ ഭാഗഭാക്കായത് 196 കലാവിദ്യാർഥികളാണ്.
അഫ്ര ഷെഫീഖ്, അംശു ചുക്കി, ആരുഷി വാട്സ്, പ്രേംജിഷ് ആചാരി, സുവാനി സുരി, സാവിയ ലോപസ്, യോഗേഷ് ബാർവെ എന്നിവരാണ് സ്റ്റുഡന്റ്സ് ബിനാലെ വിഭാവനം ചെയ്ത ക്യുറേറ്റർമാർ. ബിനാലെയുടെ കാലത്ത് മറ്റ് സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളിൽ ശിൽപശാലകളും ചർച്ചകളും സംഘടിപ്പിച്ചു.
അതിജീവനം സാധ്യമാകുന്നതിന്റെ ആവിഷ്കാരമാണ് കോവിഡ് സൃഷ്ടിച്ച ഇടവേളക്കുശേഷം സാധ്യമാക്കിയ അഞ്ചാം ബിനാലെയെന്ന് ക്യുറേറ്റർ ഷുബിഗി റാവു പറഞ്ഞു.
അസാധ്യമെന്ന് കരുതിയ കലയുടെ സാമൂഹികവത്കരണത്തിനും ജനകീയവത്കരണത്തിനും കൊച്ചി മുസ്രിസ് ബിനാലെക്ക് സാധ്യമാകുന്നു എന്നതാണ് വർധിതമായ ജനപങ്കാളിത്തം തെളിയിക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.