രാജാ രവിവർമ്മയുടെ ജീവിതത്തിലെ അധികം അറിയാത്ത ചില കൗതുകങ്ങളിലേക്ക്...
text_fields'ആധുനിക ഇന്ത്യൻ കലയുടെ പിതാവ്' എന്ന് അറിയപ്പെടുന്ന രാജാ രവിവർമ്മയുടെ ജന്മദിനമാണ് ഇന്ന്. പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ കിളിമാനൂരിൽ 1848 ഏപ്രിൽ 29 നാണ് രവിവർമ്മ ജനിച്ചത്. കുട്ടിക്കാലം മുതലേ ചിത്രരചനയിൽ കമ്പം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ചെറുപ്രായത്തിൽ തന്നെ ധാരാളം ചിത്രങ്ങൾ വരച്ചിരുന്നു.
കുട്ടിക്കാലത്ത് ഇലകൾ, പൂക്കൾ, മരത്തിന്റെ പുറംതൊലി, മണ്ണ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച നാടൻ നിറങ്ങളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അമ്മാവൻ രാജരാജ വർമ്മയാണ് അദ്ദേഹത്തിന്റെ കഴിവിനെ പിന്തുണക്കുകയും ചിത്രരചന പഠിപ്പിക്കുകയും ചെയ്തത്.
14-ാം വയസ്സിൽ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ആയില്യം തിരുനാൾ വർമ്മയുടെ സിറ്റി കൊട്ടാരത്തിൽ നിന്ന് വാട്ടർ കളർ പെയിന്റിംഗ് പഠിക്കുകയും പിന്നീട് ബ്രിട്ടീഷ് കലാകാരനായ തിയോഡർ ജെൻസണിൽ നിന്ന് ഓയിൽ പെയിന്റിംഗിലും പരിശീലനം നേടി. 18-ാം വയസ്സിൽ മാവേലിക്കരയിലെ രാജഗൃഹത്തിലെ ഭാഗീരഥി ബായിയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചില ചിത്രങ്ങളിൽ പെൺമക്കളിൽ ഒരാളായ മഹാപ്രഭയും സ്ഥാനം പിടിച്ചിരുന്നു.
ഇന്ത്യയിലെ ഹിന്ദു ദൈവങ്ങളുടെ കലണ്ടര്‍ ചിത്രങ്ങള്‍ ആദ്യമായി നിര്‍മ്മിച്ചതും രവിവര്‍മ്മയാണ്. അദ്ദേഹം വരച്ച ഹിന്ദു ദൈവങ്ങളുടെ ലിത്തോഗ്രാഫുകള്‍ക്ക് വന്‍ പ്രചാരം ലഭിച്ചു. ഇത് 'ഹിന്ദു ദൈവങ്ങള്‍ക്ക് മനുഷ്യശരീരം നല്‍കിയ ചിത്രകാരന്‍' എന്ന പദവി അദ്ദേഹത്തിന് നല്‍കി.
8 വർഷത്തിനുള്ളിൽ രവിവർമ്മ പ്രഗത്ഭനായ രാജകീയ ചിത്രകാരനായി. നിരവധി ഇന്ത്യൻ പ്രഭുക്കന്മാരുടെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും ഛായാചിത്രങ്ങൾ രവിവർമ്മ വരച്ചിരുന്നു. പ്രഭുവർഗ്ഗത്തിൽ മാത്രം ഒതുങ്ങാതെ സാധാരണ ജനങ്ങൾക്ക് സൃഷ്ടികൾ ലഭ്യമാക്കിയ ചിത്രകാരൻ കൂടിയായിരുന്നു രാജാ രവിവർമ്മ. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് കത്തുകളും പെയിന്റിംഗുകൾക്കായുള്ള അഭ്യർഥനകളും അദ്ദേഹത്തെ തേടിയെത്തി. തുടർന്ന് ഒരു പോസ്റ്റ് ഓഫിസ് തുറക്കാൻ അദ്ദേഹം നിർബന്ധിതനായി.
ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് വിചാരിച്ചിരുന്ന കാലത്ത് സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ അനന്ത സാധ്യതകളാണ് രാജാ രവിവർമ്മ തുറന്ന്കാട്ടിയത്. 1894-ൽ അദ്ദേഹം ഒരു ലിത്തോഗ്രാഫിക് പ്രിന്റിങ് പ്രസ്സ് ആരംഭിക്കുകയും മഹാഭാരതത്തിലെയും രാമായണത്തിലെയും പുരാണങ്ങളിലെയും രംഗങ്ങൾ ചിത്രീകരിക്കുന്ന ഒലിയോഗ്രാഫുകൾ നിർമിക്കുകയും ചെയ്തു. ദർഭമുന കൊണ്ട ശകുന്തള രവിവർമ്മയുടെ ഏറ്റവും പ്രശസ്തമായ രചനകളിലൊന്നാണ്. ഹംസ ദമയന്തി, മുല്ലപ്പൂ ചൂടിയ നായർ വനിത, അച്ഛൻ അതാ വരുന്നു, അർജ്ജുനനും സുഭദ്രയും, പാൽക്കുടമേന്തിയ ഉത്തരേന്ത്യൻ വനിത, ശാന്തനുവും സത്യവതിയും, ജടായുവധം തുടങ്ങിയ രവിവർമയുടെ പ്രശസ്ത ചിത്രങ്ങളാണ്. 58-ാം വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹം ഏകദേശം 7,000 പെയിന്റിംഗുകൾ പൂർത്തിയാക്കിയതായി കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.