പ്രകൃതിയും ജീവിതവും വരച്ചുകാട്ടി 'ഫോർകാസ്റ്റ്: ദ അൺ പ്രഡിക്ടബ്ൾ'
text_fieldsബംഗളൂരു: 'ഫോർകാസ്റ്റ്: ദ അൺ പ്രഡിക്ടബ്ൾ' എന്ന പേരിൽ നാല് മലയാളി ചിത്രകാരികളുടെ ചിത്രപ്രദർശനം കർണാടക ചിത്രകല പരിഷത്തിൽ ആരംഭിച്ചു. പ്രിയജ മന്നത്ത്, ഷാന ഗോകുൽ, ലക്ഷ്മി സുനന്ദ്, വി.സി. സീമ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. വിവിധ വർണങ്ങളിൽ ചാലിച്ച് ഈ കലാകാരികൾ ഒരുക്കുന്ന ചിത്രങ്ങൾ ജീവകാരുണ്യ വഴിയിലും സാന്ത്വനമാവും.
അർബുദ ബാധിതർക്കായി പ്രവർത്തിക്കുന്ന ആർട്ട് കാൻ കെയറിന് വേണ്ടിയാണ് ചിത്രപ്രദർശനം. അർബുദ ബാധിതരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ 'Know Cancer, No Cancer' (അർബുദത്തെ അറിയാം, അർബുദത്തോട് വിട) എന്ന മുദ്രാവാക്യവുമായി കേരള ലളിത കലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ. ജോസഫ് സ്ഥാപിച്ചതാണ് ആർട്ട് കാൻ കെയർ. എബി എൻ. ജോസഫിന്റെ ശിഷ്യർകൂടിയാണ് ഈ നാല് കലാകാരികളും. ഇതിനുപുറമെ, പൊതുജനങ്ങൾക്കിടയിൽ അർബുദ പ്രതിരോധ രീതികളെയും ചികിത്സ നടപടികളെയും കുറിച്ചുള്ള ബോധവത്കരണ പരിപാടികളും ആർട്ട് കാൻ കെയർ സംഘടിപ്പിക്കുന്നുണ്ട്. ചിത്രപ്രദർശനത്തിലൂടെ ലഭിക്കുന്ന തുക അർബുദ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് അവർ പറഞ്ഞു.
കുമാരകൃപ റോഡിലെ കർണാടക ചിത്രകല പരിഷത്തിൽ നടന്ന ചടങ്ങിൽ എബി എൻ. ജോസഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രകൃതി, സംഗീതം, അനുഷ്ഠാനം, എന്നീ പ്രമേയങ്ങളിലുള്ള ഒരു യാത്രയും അതിന്റെ സ്ത്രീപക്ഷ ലാവണ്യവും വ്യാഖ്യാനിക്കപ്പെടുകയാണ് ഈ ചിത്രങ്ങളിൽ. ചിത്രകല പരിഷത്തിലെ ഒന്ന്, രണ്ട് ഗാലറികളിൽ നടക്കുന്ന പ്രദർശനത്തിൽ 40ലേറെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിയിൽനിന്ന് കടംകൊള്ളുന്നവയാണ് ഷാനയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങൾ. മനോഹര വർണങ്ങളിൽ ചാലിച്ച പ്രകൃതി ദൃശ്യങ്ങളാണ് ഇവരുടെ ചിത്രങ്ങളിൽ നിറയുന്നത്. പ്രിയജയുടെയും സീമയുടെയും ചിത്രങ്ങൾ സമൂഹത്തിന്റെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്നു. മനുഷ്യജീവിതവും നാടൻകലകളും അനുഷ്ഠാനവുമെല്ലാം ഇതിൽ കടന്നുവരുന്നു. കണ്ണൂർ സ്വദേശികളാണ് പ്രിയജയും സീമയും.
ദേശസ്വാധീനമെന്ന് പറയാം, ഇവരുടെ ചിത്രങ്ങളിൽ തെയ്യങ്ങളും കോലങ്ങളും വിവിധ ഭാവങ്ങളിൽ നിറയുന്നു. പ്രിയജ ബംഗളൂരു വിദ്യാരണ്യപുരയിലും ഷാന ബന്നാർഘട്ട റോഡിലും ലക്ഷ്മി മാറത്തഹള്ളിയിലുമാണ് താമസിക്കുന്നത്. സീമ കണ്ണൂർ മട്ടന്നൂർ സ്വദേശിനിയും ഇരിക്കൂർ ഗവ. സ്കൂളിലെ അധ്യാപികയുമാണ്. രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെയാണ് ചിത്രപ്രദർശനം. ഞായറാഴ്ച സമാപിക്കും. ആർട്ട് കാൻ കെയറുമായി artcancare@outlook.com വിലാസത്തിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.