നന്മയുള്ള മുഖം: ആതിരയെ വീണ ജോര്‍ജ് വിളിച്ച് അഭിനന്ദിച്ചു
text_fieldsതിരുവനന്തപുരം: റോഡരികില്‍ തെരുവ് പാട്ട് പാടി ക്ഷീണിച്ച ഒരു ഉമ്മയെ സഹായിക്കാന്‍ ഓടിയെത്തിയ മലപ്പുറം നിലമ്പൂരിലെ പത്താം ക്ലാസുകാരി ആതിരയെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ച് മന്ത്രി വീണ ജോര്‍ജ്. ആതിരയുടെ ദൃശ്യങ്ങള്‍ ആരുടെയും ഹൃദയത്തെ തൊടുന്നതാണ്.
കേരളത്തിലെ മനുഷ്യ സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും വറ്റാത്ത മുഖം കാണിച്ചു തന്നതിന് ആതിരക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനാണ് ഇഷ്ടം എന്ന് ആതിര മന്ത്രിയോട് പറഞ്ഞു. സ്‌കൂള്‍ തുറക്കും മുമ്പ് സാധനങ്ങള്‍ വാങ്ങാന്‍ അച്ഛനൊപ്പം രാത്രിയില്‍ ടൗണിലെത്തിയപ്പോഴാണ് പാട്ടുപാടി തളര്‍ന്ന കുടുംബത്തെ ആതിര കണ്ടത്.
കാഴ്ചയില്ലാത്ത ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഒരു ഉമ്മ തൊണ്ടയിടറി പാടുന്നത് കേട്ട് ഓടിയെത്തിയ ആതിര അവരോട് വിശ്രമിക്കാന്‍ പറഞ്ഞ് മൈക്ക് ഏറ്റ് വാങ്ങുകയായിരുന്നു.
'ലാ ഇലാഹ ഇല്ലള്ളാഹു, താലോലം താലോലം' തുടങ്ങിയ ആതിരയുടെ മനോഹരമായ ഗാനങ്ങളും സഹജീവി സ്‌നേഹവും അവിടെ കൂടി നിന്നവരുടെയെല്ലാം കണ്ണും ഹൃദയവും നിറച്ചു. മലപ്പുറം പോത്തുകല്ല് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആതിര കെ. അനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.