മോഹൻലാൽ ബോളിവുഡിൽ അഭിനയിക്കുമോ? നടന്റെ മറുപടി
text_fieldsമോഹൻലാലിന്റെ ഒട്ടമിക്ക മലയാള ചിത്രങ്ങളും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. നടൻ അക്ഷയ് കുമാറാണ് പല ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ താൻ ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് ഒരിക്കലും അകലം പാലിച്ചിട്ടില്ലെന്ന് പറയുകയാണ് മോഹൻലാൽ. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. താൻ ഒന്നു രണ്ട് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും തന്റെ സിനിമകൾ ബോളിവുഡിൽ റീമേക്കായി എത്താറുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
' ഞാൻ ഒന്ന് രണ്ട് ഹിന്ദി സിനിമകൾ ചെയ്തിട്ടുണ്ട്. അതുപോലെ എന്റെ മിക്ക ചിത്രങ്ങളും ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ആരെങ്കിലും എന്നെ ഒരു വേഷത്തിന് വിളിച്ചാൽ ഞാൻ തീർച്ചയായും വന്ന് ജോലി ചെയ്യും. വേറെയൊന്നും ഞാൻ കാര്യമാക്കുന്നില്ല. അഭിനേതാവ് എന്ന നിലയിൽ ഞങ്ങൾ തിരഞ്ഞെടുപ്പുകളില്ല. കിട്ടുന്നത് സ്വീകരിക്കുക. അങ്ങനെയൊന്ന് വരട്ടെ അത് സംഭവിക്കട്ടെ '- മോഹൻലാൽ പറഞ്ഞു.
കൂടാതെ തന്റെ ചിത്രങ്ങളുടെ ബോളിവുഡ് റീമേക്കുകളിൽ അഭിനയിച്ച നടൻ അക്ഷയ് കുമാറിനെ പ്രശംസിക്കുകയും ചെയ്തു.
'എന്റെ ഒട്ടുമിക്ക സിനിമകളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്, അതിൽ അക്ഷയ് ജി അഭിനയിച്ചിട്ടുണ്ട്.അഭിനേതാക്കളെ താരതമ്യം ചെയ്യാൻ കഴിയില്ല. വേഷവിധാനങ്ങൾ, കഥാപാത്രങ്ങൾ, ശരീരഭാഷ മുതലായവയുടെ കാര്യത്തിൽ സിനിമകൾ തികച്ചും വ്യത്യസ്തമാണ്. എനിക്ക് അദ്ദേഹത്തിന്‍റെ സിനിമകൾ ഇഷ്ടമാണ്. പ്രിയദർശൻ റീമേക്ക് ചെയ്‌ത മിക്ക ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. വളരെ മിടുക്കനായ നടനാണ്. വളരെ കൃത്യനിഷ്ഠയുള്ളയാളാണ്. തന്റെ തൊഴിൽ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹം 100 ശതമാനം പ്രൊഫഷണല്‍ നടനാണ്. ഞാൻ അത്ര പ്രൊഫഷണലല്ല'- മോഹൻലാൽ വ്യക്തമാക്കി.
ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയറ്ററിലെത്തുന്നത്. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. കുട്ടികള്‍ക്കുള്ള ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.