ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വിഡിയോയിൽ നിന്നുള്ളതല്ല; ധനുഷിന് മറുപടിയുമായി നയൻതാര
text_fieldsചെന്നൈ: നയൻതാര ബിയോണ്ട് ദ് ഫെയറി ടെയിലുമായി ബന്ധപ്പെട്ടുള്ള പകർപ്പവകാശ വിഷയത്തിൽ നടൻ ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ. ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വിഡിയോയിൽ നിന്നുള്ളതല്ല. അവ സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും അതിനാൽ പകർപ്പവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു. ധനുഷിന്‍റെ വക്കീൽ നോട്ടീസിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ടെന്നും മദ്രാസ് ഹൈകോടതിയിൽ കേസിന്‍റെ അടുത്ത വാദം ഡിസംബർ രണ്ടിന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നയൻതാരയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകിയത്. ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടരുകയാണ്. പകർപ്പവകാശം ലംഘിച്ച് ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നയൻതാര, സംവിധായകനും ഭർത്താവുമായ വിഘ്നേശ് ശിവൻ, അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവക്കെതിരെയാണ് ധനുഷും കെ. രാജയുടെ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.
ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ ചിത്രത്തിൽ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ മൂന്ന് സെക്കൻഡ് മാത്രമുള്ള ദൃശ്യത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യം ചെയ്ത നയൻതാര ധനുഷിന് മറുപടിയായി മൂന്നുപേജുള്ള കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് പുറംലോകമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.