ഫുള്‍ എച്ച്.ഡിയിൽ എമ്പുരാന്‍റെ വ്യാജ പതിപ്പുകള്‍; പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്
text_fieldsമോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഫുള്‍ എച്ച്.ഡി നിലവാരത്തിലുള്ളതെന്ന് കണ്ടെത്തല്‍. ചിത്രം തിയറ്ററുകളില്‍ നിന്ന് പകര്‍ത്തിയതാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. തിയറ്ററുകളില്‍ നിന്ന് പകര്‍ത്തുന്ന പതിപ്പുകള്‍ക്ക് സാധാരണ ഗതിയില്‍ ദൃശ്യശബ്ദ നിലവാരം കുറവായിരിക്കും.
ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണ് ചോര്‍ന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്. ചിത്രം ചോര്‍ന്നത് തിയറ്ററുകളില്‍ നിന്നല്ലെങ്കില്‍ പിന്നെ എവിടെ നിന്ന് എന്ന ചോദ്യം സിനിമാ മേഖലയില്‍ നിന്ന് ഉയരുന്നുണ്ട്. വ്യാഴാഴ്ച തിയറ്ററുകളില്‍ റിലീസ് ചെയ്ത് 10 മണിക്കൂറിനുള്ളിലാണ് ടെലഗ്രാമിലും വെബ്‌സൈറ്റുകളിലും വ്യാജ പതിപ്പ് എത്തിയത്.
വ്യാജപതിപ്പുകൾ ഡൗൺലോഡ് ചെയ്യുകയും, കാണുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുന്നതിനുള്ള ശ്രമം ശക്തിപ്പെടുത്താൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട്. വ്യാജചലച്ചിത്ര പതിപ്പുകൾ കാണുന്നതും, പങ്കിടുന്നതും സൈബർ കുറ്റകൃത്യവും കോപ്പിറൈറ്റ് ലംഘനവും ആണെന്നും അതിനാൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ജയിൽ ശിക്ഷ അടക്കമുള്ള കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാല്‍ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നാണ് കൊച്ചി സൈബര്‍ പൊലീസ് പറയുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം ആരംഭിക്കുമെന്നും വെബ്‌സൈറ്റുകളില്‍ നിന്നു ചിത്രം നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.