ആ സിനിമക്കായി മണിക്കൂറിന് 600 രൂപ കൊടുത്ത് ഇംഗ്ലീഷ് പഠിച്ചു; അനുഭവം പറഞ്ഞ് മമ്മൂട്ടി
text_fieldsമലയാള സിനിമയിലെ ഭാഷാ രാജാവ് ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ ഭാഷാവഴക്കങ്ങളെപ്പറ്റി നിരവധി പ്രബന്ധങ്ങൾ പലകാലങ്ങളായി രചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്നെ ഏറ്റവും കുഴക്കിയ ഭാഷയും അതിനുവേണ്ടി എടുത്ത പ്രയത്നങ്ങളും തുറന്നുപറയുന്ന മെഗാസ്റ്റാറിന്‍റെ പഴയൊരു വിഡിയോ വൈറലായിരിക്കുകയാണ്.
പഴയൊരു അഭിമുഖത്തിലാണ് താൻ ഏറ്റവും പ്രയത്നിച്ച് ഡബ്ബ് ചെയ്ത സിനിമ ഏതെന്ന് മമ്മൂട്ടി പറയുന്നത്. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോ. ബി ആർ അംബേദ്കകറിൽ അംബേദ്കറായി അഭിനയിക്കാൻ വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞ അഭിമുഖത്തിൽ പറയുന്നുണ്ട്. 30 ദിവസത്തോളമെടുത്തു അംബേദ്കറിന്റെ ഡബ്ബിങ് എന്നാണ് മമ്മൂട്ടി പറയുന്നത്.
‘30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് ആ പടം പുറത്തിറങ്ങിയത് എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. 30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് അംബേദ്കർ ആ പരുവമെങ്കിലും ആയത്. ഇവിടെ ഒരു സിനിമ ചെയ്യാൻ നമുക്ക് 30 ദിവസം മതി. മദ്രാസിലായിരുന്നു അന്ന് ഞങ്ങൾ താമസം. അവിടെ ഒരു ബ്രിട്ടീഷ് ലേഡി താമസിക്കുന്നുണ്ട്. അവരുടെ അടുത്ത് മണിക്കൂറിന് 600 രൂപ ശബളം കൊടുത്ത് ഞാൻ ഇംഗ്ലീഷ് പഠിക്കാൻ പോയി. മൂന്നുമണി മുതൽ നാലു മണിവരെ അവർ സമയം തരും. ഞാൻ പേടിച്ചിട്ട് മൂന്നേമുക്കാൽ ആവുമ്പോഴാണ് കയറി ചെല്ലുക. അവർ പറയുന്ന ഉച്ഛാരണം ഒന്നും എനിക്ക് വരില്ല’-താരം പറയുന്നു.
അതാത് ദേശങ്ങളുടെ, ഭാഷയുടെ മർമ്മം ഉൾകൊണ്ടാണ് മമ്മൂട്ടി തന്റെ ചിത്രങ്ങളിൽ പ്രാദേശിക ഭാഷകൾ അവതരിപ്പിക്കുക. കേരളത്തിലെ പതിനാലു ജില്ലകളിലെ ഭാഷകളും ഭാഷാശൈലിയും തന്റെ കയ്യിൽ ഭദ്രമാണെന്ന് മമ്മൂട്ടി തന്റെ കഥാപാത്രങ്ങളിലൂടെ പലയാവർത്തി തെളിയിച്ചിട്ടുണ്ട്. തൃശൂർക്കാരൻ പ്രാഞ്ചിയേട്ടൻ, കോട്ടയത്തുകാരൻ കുഞ്ഞച്ചൻ, വടക്കൻ വീരഗാഥയിലെ ചന്തു, 'തിരോന്തരം' മലയാളം പറയുന്ന രാജമാണിക്യം, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരൻ ഫിലിപ്പോസ്, ചട്ടമ്പിനാടിലെ പാതി മലയാളിയും പാതി കന്നടക്കാരനുമായ മല്ലയ്യ, പാലേരിമാണിക്യത്തിലെ മുരിക്കൻകുന്നത്ത് അഹമ്മദ് ഹാജി, വിധേയനിലെ ഭാസ്കരപട്ടേലർ, അമരത്തിലെ അച്ചൂട്ടി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പുത്തൻ പണത്തിലെ നിത്യാനന്ദ ഷേണായി എന്നിങ്ങനെ നീളുകയാണ് ആ ലിസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.