ഒരേയൊരു ബോണ്ട്
text_fieldsലണ്ടൻ: വീട്ടിലെ പ്രാരബ്ധങ്ങൾമൂലം 14ാം വയസ്സിൽ പഠനം ഉപേക്ഷിച്ച എഡിൻബർഗിലെ പാൽക്കാരൻ പയ്യനാണ് ജെയിംസ് ബോണ്ട് വേഷങ്ങളിലൂടെ പിന്നീട് ലോകമറിഞ്ഞ സർ ഷോൺ കോണറിയായി മാറിയത്. ബോണ്ട് സിനിമകൾ പോലെ ഉദ്വേഗജനകമായിരുന്നു ഷോണിെൻറ ജീവിതറീലുകൾ.
ചേരിയിലെ ജീവിതകാലത്ത് ശവപ്പെട്ടി പണിക്കാരനായും ലൈഫ് ഗാർഡായും ട്രക്ക് ഡ്രൈവറായും ജോലി നോക്കി. 1948ൽ ബ്രിട്ടീഷ് നാവികസേനയിൽ ചേർന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾമൂലം അവിടെനിന്ന് പിരിഞ്ഞുപോരേണ്ടി വന്നു. പിന്നീട് ബോഡി ബിൽഡിങ്ങിലായി കമ്പം.
1953ലെ മിസ്റ്റർ യൂനിവേഴ്സ് മത്സരത്തിൽ മാറ്റുരച്ചെങ്കിലും വിജയം കൂട്ടിനുണ്ടായില്ല. മത്സരത്തിൽ തോറ്റ് മടങ്ങിപ്പോകുംവഴി പങ്കെടുത്ത ഓഡിഷൻ വഴിയാണ് ആദ്യമായി സിനിമയിൽ ഇടംകിട്ടിയത്. കോറസ് എന്ന ചിത്രത്തിലെ ഒരു ചെറുവേഷം. ടി.വി സീരിയലുകളിലും ചെറു സിനിമകളിലും അഭിനയിച്ചു വരവേയാണ് വഴിത്തിരിവായി െജയിംസ് ബോണ്ടാകാനുള്ള നിയോഗം വന്നെത്തുന്നത്.
1962ലിറങ്ങിയ ഡോക്ടർ നോ സിനിമയിലായിരുന്നു ആദ്യമായി ബോണ്ടായി വേഷമണിയുന്നത്. പിന്നീടുള്ള കാലമത്രയും െജയിംസ് ബോണ്ട് എന്നുകേട്ടാൽ ഏതൊരു ചലച്ചിത്രാസ്വാദകെൻറയും മനസ്സിൽ തെളിയുന്നത് ഈ ആറടി രണ്ടിഞ്ചുകാരെൻറ മുഖവും ശബ്ദവും ചലനങ്ങളുമായി.
ഡോക്ടർ നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോൾഡ് ഫിംഗർ, തണ്ടർ ബാൾ, യു ഒൺലി ലിവ് ട്വൈസ്, ഡയമണ്ട്സ് ആർ ഫോർ എവർ, നെവർ സേ നെവർ എഗയിൻ എന്നിങ്ങനെ ഏഴു ചിത്രങ്ങളിലാണ് കോണറി ജെയിംസ് ബോണ്ടായെത്തിയത്. പിന്നീടും ജെയിംസ് ബോണ്ടിന് നിരവധി ചലച്ചിത്ര പതിപ്പുകളിറങ്ങിയെങ്കിലും എക്കാലത്തെയും മികച്ച ബോണ്ട് എന്ന ബഹുമതി ഇദ്ദേഹത്തിനുമാത്രം സ്വന്തമായിരുന്നു. ബോണ്ട് ചിത്രങ്ങളിൽനിന്ന് പുറത്തുവന്ന ശേഷംദ അൺടച്ചബ്ൾസിലെ അഭിനയത്തിന് ഓസ്കർ അവാർഡ് തേടിയെത്തി. 2000ത്തിൽ സർ ബഹുമതിയും സ്വന്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.