ബംഗ്ലാദേശി 'പണ്ഡിറ്റ്'ഹീറോ ആലമിനോട് ഇനി പാടരുതെന്ന് പൊലീസ്; കാരണം ഇതാണ്
text_fieldsആർക്കും ഹീറോ ആകാമെന്നത് സമൂഹമാധ്യമങ്ങൾ വന്നതിനുശേഷമുണ്ടായ സാമൂഹിക സാഹചര്യങ്ങളിൽ ഒന്നാണ്. അതിന് നല്ലതും ചീത്തയുമായ വശങ്ങളുമുണ്ട്. കാര്യങ്ങൾ ഇങ്ങിനെയായിരിക്കെയാണ് ബംഗ്ലാദേശിൽനിന്ന് വിചിത്രമായൊരു വാർത്തവരുന്നത്. അവിടെ ഒരു 'ഗായകനോട്' ഇനിമുതൽ പാടരുത് എന്ന് വിലക്കിയിരിക്കുകയാണ് പൊലീസ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഗായകന്‍ ഹീറോ ആലമിനോടാണ് ഇനി പാട്ട് പാടരുതെന്ന് പോലീസ് താക്കീത് ചെയ്തത്. നമ്മുടെ നാട്ടിലെ ഗായകനും സിനിമക്കാരനും ഒക്കെയായ സന്തോഷ് പണ്ഡിറ്റിന് സമാനമായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തനായ ആളാണ് ഹീറോ ആലം. ഗായകനെ സംബന്ധിച്ച് ആളുകൾ പരാതി നല്‍കിയതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഹീറോ ആലമിനെ വിളിപ്പിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. നൊബേല്‍ പുരസ്‌കാര ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്‌റുല്‍ ഇസ്ലാമിന്റേയും ക്ലാസികുകളായ കവിതകള്‍ മോശം രീതിയില്‍, വികൃതമാക്കി ആലപിച്ചതിനെ തുടര്‍ന്നാണ് ഹീറോ ആലമിനെതിരേ ആളുകള്‍ രംഗത്തെത്തിയത്.
പോലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗായകനാകാന്‍ താന്‍ യോഗ്യനല്ലെന്ന് പറഞ്ഞ് ഒരു മാപ്പപേക്ഷ ഒപ്പിട്ടുവാങ്ങിയെന്നും ഹീറോ ആലം ആരോപിക്കുന്നു. 'രാവിലെ ആറു മണിക്ക് പോലീസ് എന്നെ കൂട്ടിക്കൊണ്ടുപോയി. പോലീസ് സ്‌റ്റേഷനില്‍ എട്ടു മണിക്കൂര്‍ പിടിച്ചുനിര്‍ത്തി. ഞാന്‍ എന്തുകൊണ്ടാണ് ടാഗോറിന്റേയും നസ്‌റുലിന്റേയും കവിതകള്‍ ആലപിക്കുന്നത് എന്ന് ചോദിച്ചു.' എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹീറോ ആലം പറയുന്നു.
എന്നാല്‍ ധാക്കയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ഫാറൂഖ് ഹുസൈന്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. 'സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ വേണ്ടിയാണ് ഹീറോ ആലം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പേര് മാറ്റാന്‍ പറഞ്ഞു എന്നു പറയുന്നതെല്ലാം കള്ളമാണ്. അത്തരം കാര്യങ്ങളൊന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല.' ഫാറൂഖ് ഹുസൈന്‍ വ്യക്തമാക്കുന്നു.
ഹീറോ ആലമിന്റെ ആരാധകര്‍ പോലീസിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ സ്വാതന്ത്ര്യത്തേയും അവകാശത്തേയും ലംഘിക്കുന്നതാണ് പോലീസ് നടപടി എന്ന് ആരാധകര്‍ പറയുന്നു. ആലമിന് പിന്തുണ അറിയിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
ഫെയ്‌സ്ബുക്കില്‍ രണ്ട് മില്ല്യണ്‍ ഫോളോഴ്‌സും യുട്യൂബില്‍ 1.5 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമുള്ള താരമാണ് ഹീറോ ആലം. പരമ്പരാഗത അറബി ഗാനം ആലപിച്ചുള്ള ആലമിന്റെ വീഡിയോ 17 മില്ല്യണ്‍ ആളുകള്‍ കണ്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എ.ഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അറബ് വസ്ത്രം ധരിച്ച്, ഒട്ടകങ്ങളുടെ പശ്ചാത്തലത്തില്‍, മണലാരണ്യത്തില്‍ നിന്നാണ് ഈ പാട്ട് ചിത്രകീരിച്ചിരിക്കുന്നത്.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിച്ച് 638 വോട്ട് നേടിയിട്ടുണ്ടെന്നും ഹീറോ ആലം പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഒരു ഹീറോയെപ്പോലെയാണ് എനിക്ക് എന്നെത്തന്നെ തോന്നുക. അതുകൊണ്ടാണ് ഹീറോ ആലം എന്ന പേര് ഞാന്‍ സ്വീകരിച്ചത്. ഈ പേര് ഞാന്‍ ഒരിക്കലും കളയില്ല. നിലവില്‍ ബംഗ്ലാദേശില്‍ ഒരു പാട്ടു പാടാന്‍ പോലുമുള്ള സ്വാതന്ത്ര്യമില്ല.' ഹീറോ ആലം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.