ഒഡിഷയിലെ ഹിരാക്കുഡ് റിസർവോയറിൽ 3.42 ലക്ഷത്തിലധികം ദേശാടന പക്ഷികളെ കണ്ടെത്തി
text_fieldsസംബാൽപൂർ: ഈ ശൈത്യകാലത്ത് ഒഡിഷയിലെ ഹിരാകുഡ് റിസർവോയറിൽ കണ്ടെത്തിയത് 3.42 ലക്ഷത്തിലധികം ദേശാടന പക്ഷികളെ. കണക്കെടുപ്പിൽ റിസർവോയറിൽ 113 ഇനങ്ങളിൽ നിന്നുള്ള 342,345 പക്ഷികളെ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വർഷം ഇത് 3.16 ലക്ഷമായിരുന്നു. ടഫ്‌റ്റാഡ് താറാവ് (52,516), ലെസർ വിസിൽ താറാവ് (49,259), റെഡ്-ക്രസ്റ്റഡ് പോച്ചാഡ് (33,436) എന്നീ മൂന്ന് പക്ഷി ഇനങ്ങളിൽപ്പെട്ടവയാണ് ഇവയെന്ന് ഹിരാക്കുഡ് വന്യജീവി വിഭാഗം ഡി.എഫ്.ഒ അൻഷു പ്രഗ്യാൻ ദാസ് പറഞ്ഞു.
ഹിരാകുഡ് റിസർവോയറിലെ 2024-ലെ വാർഷിക ജലപക്ഷികളുടെ കണക്കെടുപ്പ് ജനുവരി എട്ടിനാണ് ഹിരാകുഡ് വന്യജീവി വിഭാഗം നടത്തിയത്. സംബൽപൂർ, ബർഗഡ്, ജാർസുഗുഡ ജില്ലകളിൽ നടത്തിയ സർവേയിൽ 33 പക്ഷിമൃഗാദി വിദഗ്ധർ അടക്കം മൊത്തം 78 പേർ പങ്കെടുത്തു. ഓരോ വർഷവും കാസ്പിയൻ കടൽ, ബൈക്കൽ തടാകം, ആറൽ കടൽ, മംഗോളിയ, മധ്യ, തെക്കുകിഴക്കൻ ഏഷ്യ, ഹിമാലയം എന്നിവിടങ്ങളിൽ നിന്നുള്ള ദേശാടന പക്ഷികൾ ഹിരാക്കുഡ് റിസർവോയറിനെ അവരുടെ വാസസ്ഥലമാക്കി മാറ്റുന്നു. നവംബർ മുതൽ മാർച്ച് വരെയാണ് ഇവ അധികവും കാണപ്പെടുന്നത്.
കഴിഞ്ഞ ശൈത്യകാലത്ത് 108 ഇനങ്ങളിൽ നിന്നുള്ള 3.16 ലക്ഷത്തിലധികം പക്ഷികളെ കണ്ടെത്തിയിരുന്നു. 2022 ൽ 104 ഇനങ്ങളിൽ നിന്ന് 2.08 ലക്ഷത്തിലധികം പക്ഷികളെയാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.