2024 'ഒട്ടക വർഷ'മായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ
text_fields2024-നെ ഒട്ടകങ്ങളുടെ വർഷമായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്ന ഒട്ടകങ്ങളുടെ പങ്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനാണ് ഈ വർഷം ഒട്ടകങ്ങളുടെ വർഷമായി ആചരിക്കുന്നത്. 2014-ലാണ് ബൊളീവിയൻ സർക്കാർ 2016 ക്യാമലിഡുകളുടെ വർഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് അപേക്ഷ നൽകുന്നത്. എന്നാൽ 2016 പയറുവർഗത്തിൽപ്പെടുന്നവയുടെ വർഷമായാണ് ആചരിച്ചത്.
ഒട്ടകങ്ങൾ, ലാമകൾ, അൽപാക്കകൾ, വികുനകൾ, ഗ്വാനക്കോകൾ എന്നിവയാണ് ഈ ഗണത്തിൽപ്പെടുന്ന ജീവികൾ. ലോകമെമ്പാടുമുള്ള മരുഭൂപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ഇത്തരം ജീവികൾ പ്രധാന ഉപജീവനമാർഗം കൂടിയാണ്. ദശലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങളിൽപ്പെട്ടവർക്ക് ഒട്ടകങ്ങൾ ഒരു പ്രധാന ഉപജീവനമാർഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭ 2024 ഒട്ടകങ്ങളുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കാൻ തീരുമാനിച്ചത്.
മാംസം, പാൽ എന്നിവ കൂടാതെ കമ്പിളിയും മറ്റും നിർമിക്കാനാവശ്യമായ രോമങ്ങളും ഒട്ടകത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. ഒട്ടുമിക്ക മരുഭൂ പ്രദേശങ്ങളിലും ഒട്ടകമാണ് ഗതാഗതമാർഗം. ലോകത്തിൽ 90-ലധികം രാജ്യങ്ങളിൽ ഒട്ടകങ്ങളുണ്ട്. ഒരുസമയം 15 ലിറ്റർ വെള്ളംവരെ കുടിക്കാൻ ശേഷിയുള്ള ഇവ ശരീരത്തിലെ മുഴയിൽ ഈ വെള്ളം ശേഖരിച്ചുവയ്ക്കുന്നു. ഇതാണ് ഇവരെ ഏത് പ്രതികൂല കാലാവസ്ഥയിലും ജീവിക്കാൻ സഹായിക്കുന്നത്. ആൻഡിയൻ ഉയർന്ന പ്രദേശങ്ങളിലും ആഫ്രിക്കയിലെയും ഏഷ്യയിലെയും വരണ്ട പ്രദേശങ്ങളിലും മറ്റും ഒട്ടകങ്ങൾ സംസ്കാരം, സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യ സുരക്ഷ, ഉപജീവനം എന്നിവയിലും പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.