വൈദ്യുതി ഉപയോഗിച്ചില്ലെങ്കിൽ ബിൽ അടക്കണോ? കെ.എസ്.ഇ.ബിക്ക് പറയാനുള്ളത് ഇതാണ്
text_fieldsതിരുവനന്തപുരം: ഒരു യൂനിറ്റ് പോലും ഉപയോഗിക്കാതെ നൂറും ഇരുന്നൂറും രൂപ വൈദ്യുതി ബിൽ വരുന്നത് എന്ത് കൊണ്ടാണെന്നത് ഉപഭോക്താക്കളെ കൺഫ്യൂഷനാക്കുന്ന കാര്യമാണ്. ഇത് കെ.എസ്.ഇ.ബിയുടെ തട്ടിപ്പാണെന്ന് ആരോപിച്ച് സോഷ്യൽമീഡിയയിൽ വ്യാപകമായി മേസേജുകൾ പ്രചരിക്കാറുണ്ട്. എന്നാൽ, ഇതിൽ തട്ടിപ്പ് ഒന്നുമില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. വൈദ്യുതി താരിഫിനെക്കുറിച്ചും ബില്ലിംഗ് ശൈലിയെക്കുറിച്ചുമുള്ള അജ്ഞതയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും ഇവർ വ്യക്തമാക്കുന്നു.
വൈദ്യുതി ബിൽ കണക്കാക്കുന്നത് ഇങ്ങനെ
വൈദ്യുതി ബില്ലിന് രണ്ട് ഭാഗങ്ങളുണ്ട്. ഫിക്സഡ് ചാർജും എനർജി ചാർജും. എനർജി ചാർജ് നമ്മുടെ വൈദ്യുതി ഉപയോഗത്തിനനുസരിച്ചാണ് കണക്കാക്കുക. എന്നാൽ, വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാർജ് നൽകേണ്ടിവരും. വിതരണ ലൈസൻസിയുടെ സ്ഥിരം ചെലവുകളാണ് ഫിക്സഡ് ചാർജായി താരിഫിൽ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് കെ.എസ്.ഇ.ബി രാജ്യത്തെ നിരവധി വൈദ്യുത പദ്ധതികളുമായി വൈദ്യുതി വാങ്ങൽ കരാറുകളിലേർപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും കെ.എസ്.ഇ.ബി ഫിക്സഡ് ചാർജ് നൽകണം. ഇതുപോലുള്ള സ്ഥിരം സ്വഭാവമുള്ള ചെലവുകളാണ് ഫിക്സഡ് ചാർജായി താരിഫിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം
1. സിംഗിൾ ഫെയ്സ് ഗാർഹിക ഉപഭോക്താവ്
ഒരു സിംഗിൾ ഫെയ്സ് ഗാർഹിക ഉപഭോക്താവിന് ദ്വൈമാസ ബില്ലിംഗ് പിരീഡിൽ ഉപഭോഗം പൂജ്യമാണെന്നിരിക്കട്ടെ. താഴെപ്പറയുന്ന തരത്തിലായിരിക്കും ബിൽ വരിക:
ഫിക്സഡ് ചാർജ്: 69.72 രൂപ
മീറ്റർ വാടക: 12 രൂപ
മീറ്റർ വാടകയുടെ നികുതി: 2.28 രൂപ
ആകെ: 84 രൂപ
ഇതിൽനിന്ന് ഫിക്സഡ് ചാർജ് സബ്സിഡിയായ 40 രൂപ കുറവു ചെയ്ത് ബാക്കി 44 രൂപയായിരിക്കും ദ്വൈമാസ ബിൽ വരിക.
2. ത്രീ ഫെയ്സ് ഗാർഹിക ഉപഭോക്താവ്
ഒരു ത്രീ ഫെയ്സ് ഗാർഹിക ഉപഭോക്താവിന് ദ്വൈമാസ ബില്ലിങ് പിരീഡിൽ ഉപഭോഗം പൂജ്യമാണെന്നിരിക്കട്ടെ. താഴെപ്പറയുന്ന തരത്തിലായിരിക്കും ബിൽ വരിക.
ഫിക്സഡ് ചാർജ്: 180.30 രൂപ
മീറ്റർ വാടക: 30 രൂപ
മീറ്റർ വാടകയുടെ നികുതി: 5.70 രൂപ
ആകെ: 216 രൂപ
ഈ ഉപഭോക്താവിന് ദ്വൈമാസ ബിൽ ആയി 216 രൂപയായിരിക്കും അടയ്ക്കേണ്ടി വരിക.
(ഗാർഹികേതര ഉപഭോക്താക്കൾക്കും ഉപഭോഗം പൂജ്യമാണെങ്കിൽ അവരുടെ കണക്റ്റഡ് ലോഡ്/ കോൺട്രാക്റ്റ് ഡിമാൻഡ് അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള ഫിക്സഡ് ചാർജ് അടയ്ക്കേണ്ടിവരും)
വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത് ആര്?
കേരളത്തിലെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ എന്ന സ്വതന്ത്ര സ്ഥാപനമാണ്. ജനഹിത പരിശോധനയുൾപ്പെടെ നടത്തിയിട്ടാണ് റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് നിശ്ചയിച്ച് കെ.എസ്.ഇ.ബിക്ക് നൽകുന്നത്. ഏറ്റവും ഒടുവിൽ 2019 ജൂലൈയിലാണ് വൈദ്യുതി നിരക്ക് പരിഷ്കരിച്ചത്. കെ.എസ്.ഇ.ബിക്കോ സർക്കാരിനോ ഏകപക്ഷീയമായി വൈദ്യുതി നിരക്കിൽ ഒരു മാറ്റവും വരുത്താനാവില്ല.
2019 ജൂലൈ എട്ടാം തീയതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ താരിഫ് ഓർഡർ പ്രകാരമാണ് കെ എസ് ഇ ബിയിൽ വൈദ്യുതി ബില്ലിംഗ് ചെയ്യുന്നത്. ബില്ലിന്‍റെ ഘടന എങ്ങനെ വേണമെന്ന് നിശ്ചയിക്കുന്നതും ഈ താരിഫ് ഓർഡർ പ്രകാരമാണ്. (താരിഫ് ഓർഡറിന്‍റെ പൂർണ്ണ രൂപം കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Customers – Tariff at a glance എന്ന ലിങ്കിൽ ലഭ്യമാണ്)
ഉപഭോക്താക്കൾ വ്യാജ പ്രചാരണങ്ങളെ വിശ്വസിക്കരുതെന്നും സംശയങ്ങളുണ്ടെങ്കിൽ 1912 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ച് ദൂരീകരിക്കാമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.