മനുഷ്യക്കടത്ത് സംഘത്തിന്‍െറ കെണിയില്‍പെട്ട മലയാളി യുവാക്കള്‍ ദുരിതത്തില്‍
text_fieldsമനാമ: ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിന്‍െറ കെണിയില്‍ പെട്ട മലയാളി യുവാക്കള്‍ ദുരിതത്തില്‍. ബിസിനസ് വിസിറ്റ് വിസയില്‍ ബഹ്റൈനിലത്തെിയ ഇവര്‍ വിസ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പിഴയടക്കാന്‍ വഴിയില്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാനാവാതെ കഷ്ടപ്പെടുകയാണ്. വന്‍ തുക വാങ്ങി വിസിറ്റ് വിസ നല്‍കി മനുഷ്യക്കടത്ത് സംഘം ഇവരെ ചതിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ബഹ്റൈനിലെ പെണ്‍വാണിഭ മാഫിയയുമായും സംഘത്തിന് ബന്ധമുണ്ടെന്ന് യുവാക്കള്‍ ആരോപിച്ചു. കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി യുവതികള്‍ സംഘത്തിന്‍െറ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് വിവരം.
മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ഷിഹാബുദ്ദീന്‍, അബ്ദുറഊഫ്, ജലീല്‍ എന്നിവരാണ് സംഘത്തിന്‍െറ തട്ടിപ്പിന് ഇരയായത്. നാട്ടില്‍ ഇലക്ട്രിക്കല്‍, പ്ളംബിങ് ജോലി ചെയ്തിരുന്ന ഇവരെ ബഹ്റൈനില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവരികയായിരുന്നു. പരിചയക്കാരനായ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഫൈസലാണ് ബഹ്റൈനില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് ഇവരില്‍ നിന്ന് പണം വാങ്ങിയത്. ഇവരടക്കം നാലുപേരില്‍ നിന്ന് 1.10 ലക്ഷം വീതം വിസക്കായി വാങ്ങി. എന്നാല്‍ നല്‍കിയത് രണ്ടാഴ്ചത്തെ വിസിറ്റ് വിസയാണ്. ചോദിച്ചപ്പോള്‍ ബഹ്റൈനിലത്തെിയാല്‍ വര്‍ക് വിസയിലേക്ക് മാറാമെന്ന് മറുപടി നല്‍കി. കോഴിക്കോട് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ കാണിക്കാനായി വ്യാജ വര്‍ക് വിസയുടെ പകര്‍പ്പ് നല്‍കുകയും ചെയ്തു. ബഹ്റൈന്‍ വിമാനത്താവളത്തില്‍ വിസിറ്റ് വിസ കാണിച്ചാണ് പുറത്തിറങ്ങിയത്. ഇ.സി.എന്‍.ആര്‍ പ്രശ്നങ്ങളുള്ളതിനാല്‍ ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. ബഹ്റൈനിലത്തെിയതിന് ശേഷം ബാക്കി മൂന്നുപേരുടെയും പാസ്പോര്‍ട്ട് സംഘം വാങ്ങിവെച്ചു. ഫ്ളാറ്റില്‍ താമസ സൗകര്യവും ഒരുക്കി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ഫോണ്‍ എടുക്കാതെയായി. ഇതിനിടെ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് ഫൈന്‍ ആയിരുന്നു.
താമസിച്ചിരുന്ന ഫ്ളാറ്റിന്‍െറ മറ്റൊരു മുറിയില്‍ കുറച്ച് യുവതികളും ഉണ്ടായിരുന്നു. രാത്രിയാകുമ്പോള്‍ യുവാക്കളെ മുറിയില്‍ നിന്ന് ഇറക്കിവിടും. യുവതികളെ തേടിയത്തെുന്ന ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കാനാണിത്. ജോലി ശരിയാത്തതിന് പുറമെ രാത്രി ഉറങ്ങാന്‍ കൂടി പറ്റാതായതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ യുവാക്കള്‍ തീരുമാനിച്ചു. പാസ്പോര്‍ട്ടും പണവും തിരിച്ചുകിട്ടാന്‍ നിരന്തരം സംഘത്തെ വിളിച്ചു. എന്നാല്‍ അവര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് യുവാക്കള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തുടര്‍ന്ന് കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായം തേടി. സാമൂഹിക പ്രവര്‍ത്തകനായ സലാം മമ്പാട്ടുമൂല നിരന്തരം സംഘത്തെ ബന്ധപ്പെട്ടാണ് പാസ്പോര്‍ട്ട് തിരികെ വാങ്ങിയത്. പണം തിരിച്ചുനല്‍കാമെന്ന് പല തവണ ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ജലീലിനെ പൊതുമാപ്പ് കാലയളവില്‍ നാട്ടിലേക്ക് കയറ്റിവിടാന്‍ സാധിച്ചു. മറ്റ് രണ്ടുപേര്‍ക്ക് തിരിച്ചുപോകണമെങ്കില്‍ ഏകദേശം 600 ദിനാര്‍ വീതം പിഴയടക്കണം. തുക സംഘടിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ യാത്ര വൈകുകയാണ്.
കേരള പൊലീസ് അന്വേഷിക്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയയുമായി മനുഷ്യക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് യുവാക്കള്‍ പറയുന്നു. കോഴിക്കോട് കിണാശ്ശേരി സ്വദേശി റമീസ്, മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി കടുങ്ങല്ലൂര്‍ സ്വദേശി നൗഷാദ് എന്ന അബ്ദുറഹ്മാന്‍ (സുഡു എന്നാണ് ബഹ്റൈനില്‍ ഇയാള്‍ അറിയപ്പെടുന്നത്) എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. നാട്ടില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ ബഹ്റൈനിലത്തെി മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തുകയാണത്രെ. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള സ്ത്രീകള്‍ ഇവരുടെ ചതിയില്‍ അകപ്പെട്ടിട്ടുണ്ട്. ബ്യൂട്ടീഷന്‍, വീട്ടുജോലി എന്നൊക്കെ പറഞ്ഞാണ് നാട്ടില്‍ നിന്ന് നിര്‍ധന സ്ത്രീകളെ കാന്‍വാസ് ചെയ്യുന്നത്. വിസിറ്റ് വിസയില്‍ ബഹ്റൈനിലത്തെിച്ചതിന് ശേഷം ആഡംബര ഫ്ളാറ്റുകളില്‍ പാര്‍പ്പിച്ച് മാംസക്കച്ചവടം നടത്തുകയാണ്. 600- 700 ദിനാര്‍ മാസ വാടകയുള്ള ഫ്ളാറ്റുകളാണ് ഇവര്‍ വാടകക്കെടുക്കുന്നത്. ആളുകള്‍ക്ക് സംശയം തോന്നിയാല്‍ ഉടന്‍ താവളം മാറ്റും. എട്ടുമാസത്തിനിടെ ആറോളം ഫ്ളാറ്റുകളില്‍ തങ്ങളെ താമസിപ്പിച്ചതായി യുവാക്കള്‍ പറഞ്ഞു. പകല്‍ കള്ള ടാക്സി ഓടിക്കുകയും രാത്രി പെണ്‍വാണിഭം നടത്തുകയുമാണ് ഇവരുടെ രീതിയെന്ന് യുവാക്കള്‍ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.